പ്രണയനൈരാശ്യം - 100 ഡെയ്സ് ഓഫ് ലവ് നിരൂപണം

ജെറില്‍ ജിമ്മി ജെയിംസ്

ശനി, 21 മാര്‍ച്ച് 2015 (15:07 IST)
കമല്‍ ചിത്രങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അതുതന്നെയാണ് മലയാളത്തിലെ എല്ലാ പ്രണയസിനിമകളുടെയും അളവുകോലും. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്സ് ഓഫ് ലവ് ഒരു മികച്ച പ്രണയസിനിമയാണോ എന്ന്, അല്ലെങ്കില്‍ ഒരു മികച്ച സിനിമയാണോ എന്ന് താരതമ്യപ്പെടുത്തിനോക്കേണ്ടത് കമല്‍ സംവിധാനം ചെയ്ത സിനിമകളോടാണ്. ഈ പുഴയും കടന്നിനോട്, ഗസലിനോട്, നിറത്തോട്, മേഘമല്‍ഹാറിനോട്. എന്നാല്‍ ജെനൂസ് മുഹമ്മദിന്‍റെ ആദ്യ സിനിമ തന്‍റെ പിതാവിന്‍റെ ഒരു സിനിമയുടെയും സമീപത്തുപോലും നില്‍ക്കാന്‍ യോഗ്യമല്ല. തിരക്കഥയിലും സംവിധാനത്തിലും അമ്പേ പരാജയപ്പെട്ട ഒരു ശ്രമാണ് ദുല്‍ക്കര്‍ - നിത്യ ജോഡിയുടെ 100 ഡെയ്സ് ഓഫ് ലവ്.
 
മലയാള സിനിമയുടെ വില്ലന്‍‌മുഖമായിരുന്നു ബാലന്‍ കെ നായര്‍. ഈ സിനിമയിലെ നായകന്‍റെ പേരും അതുതന്നെയാണ്. നായികയുടെ പേര് ഷീല. നായികയെ ആദ്യകാഴ്ചയില്‍ തന്നെ പ്രണയിച്ചുപോകുകയും പിന്നെ ആ പ്രണയം യാഥാര്‍ത്ഥ്യമാക്കിയെടുക്കാനുള്ള ശ്രമവുമൊക്കെയാണ് ചിത്രത്തിന്‍റെ കഥ. ലോകത്തിലെ ഒട്ടുമിക്ക പ്രണയകഥകളും ഈ രീതിയില്‍ത്തന്നെയൊക്കെയാണ്. എന്നാല്‍ അത് അവതരിപ്പിക്കുന്ന രീതിയിലാണ് വ്യത്യസ്തത. എന്തായാലും 100 ഡെയ്സ് ഓഫ് ലവ് യാതൊരു വ്യത്യസ്തതയും കാട്ടുന്നില്ലെന്ന് മാത്രമല്ല, പ്രേക്ഷകന് പ്രവചിക്കാവുന്ന വഴികളിലൂടെയൊക്കെ സഞ്ചരിച്ച് എല്ലാ പ്രണയകഥകളും അവസാനിക്കുന്ന കേന്ദ്രത്തിലെത്തി നില്‍ക്കുകയും ചെയ്യുന്നു.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
പുതുമയുള്ള പ്രണയകഥകള്‍ പറഞ്ഞ കമലിന്‍റെ ക്രാഫ്റ്റ് ഒരു ഘട്ടത്തില്‍ പോലും ജെനൂസ് മുഹമ്മദ് പ്രകടിപ്പിക്കുന്നില്ല. വിരസമായ ആദ്യപകുതിയാണ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകരെ അകറ്റുന്നത്. രണ്ടാം പകുതിയില്‍ അതിന് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുമെങ്കിലും അതുണ്ടാവുന്നില്ല. ഇതിനിടയില്‍ പ്രേക്ഷകര്‍ക്ക് കുറച്ചെങ്കിലും സമാധാനം അഭിനേതാക്കളുടെ പ്രകടനമാണ്. ഒന്നാന്തരം അഭിനയം കാഴ്ചവച്ചിട്ടുണ്ട് ദുല്‍ക്കറും നിത്യയും ശേഖര്‍ മേനോനും (പറഞ്ഞില്ലല്ലോ, ശേഖര്‍ മേനോന് ‘ഉമ്മര്‍’ എന്നാണ് പേര്).
 
ഗോവിന്ദ് മേനോനോന്‍റെ സംഗീതമോ ഗാനചിത്രീകരണമോ നമ്മളെ വശീകരിക്കുന്നില്ല. എന്നാല്‍ സിനിമയുടെ ഛായാഗ്രഹണം ഗംഭീരമാണ്. പടത്തിന്‍റെ ഇഴച്ചില്‍ അധികം ബാധിക്കാത്തത് പ്രദീഷ് വര്‍മയുടെ മികച്ച വിഷ്വലുകള്‍കൊണ്ടുതന്നെയാണ്.
 
ആദ്യചിത്രം ഇം‌പ്രസ് ചെയ്യിക്കുന്നില്ലെങ്കിലും ജെനൂസ് മുഹമ്മദില്‍ ഒരു നല്ല സംവിധായകന്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ചില ദൃശ്യങ്ങളെങ്കിലുമുണ്ട്. ഭാവിയില്‍ കമലിനെപ്പോലെ ഒരു മികച്ച ചലച്ചിത്രകാരനായി വളരാന്‍ ജെനൂസിന് കഴിയട്ടെ എന്നാശംസിക്കാം.

റേറ്റിംഗ്: 3/5

വെബ്ദുനിയ വായിക്കുക