മലയാള ചിത്രങ്ങളെ അടിമുടി മാറ്റിമറിച്ച് സൂപ്പര്താരചിത്രമാക്കി പരിഷ്കരിക്കുന്ന ‘പി വാസു ടെക്നിക്’ കുചേലനില്‍ സംഭവിച്ചില്ല. ശ്രീനിവാസന്റെ ‘കഥപറയുമ്പോള്‍’ പദാനുപദ തര്‍ജ്ജമ നടത്തിയിരിക്കുകയാണ് പി വാസു ഇത്തവണ. നയന്‍താരയും വടിവേലുവും മൂന്ന് പാട്ടുകളും മാത്രമായിരിക്കും ആകെയുള്ള ഏച്ചു കെട്ടല്‍.
തേന്മാവിന് കൊമ്പത്ത് ‘മുത്തു’വായപ്പോഴും മണിച്ചിത്രത്താഴ് ‘ചന്ദ്രമുഖി’യായപ്പോഴും സംഭവിച്ച ‘സൂപ്പര്‍സ്റ്റാര്‍ സ്റ്റൈലൈസേഷന്’ കഥപറയുമ്പോള്‍ ‘കുചേല’നായപ്പോള്‍ സംഭവിച്ചില്ല എന്നു പറയാം.
എല്ലാ രജനി ചിത്രങ്ങളിലേയും പോലെ അടിപൊളി വേഷത്തില്‍ രജനി കുചേലനിലും അവതരിക്കുന്നു, പഞ്ച് ഡയലോഗുകള്‍ പറയുന്നു, നയന്‍താരയുമായി ആടിപ്പാടുന്നു, എന്നാല്‍ സ്വന്തം ഇമേജ് പര്വ്വതീകരിക്കുന്നില്ല. സ്ഥിരം രജനി ചിത്രങ്ങളില്‍ നിന്ന് കുചേലനുള്ള പ്രധാന വ്യത്യാസം ഇതുമാത്രമായിരിക്കും.
കഥപറയുമ്പോളില്‍ നിന്ന് വ്യത്യാസമായി മൂന്ന് പാട്ടുകള്‍ വാസു കൂട്ടി ചേര്‍ത്തിട്ടുണ്ട്, തെന്നിന്ത്യന്‍ സിനിമക്കാരെ ഉള്കൊള്ളിച്ചുകൊണ്ട് ഒരു ഗാനം, പശുപതിക്കും കുടുംബത്തിനും വേണ്ടി ഒരു ഗാനം, നയന്‍ താരക്ക് മഴനനഞ്ഞ് പാട്ടുപാടാന്‍ മറ്റൊരു ഗാനം.
ബാര്‍ബര്‍ ബാലുവിന്റെ ശത്രുബാര്ബറായ ജഗദീഷ് അവതരിപ്പിച്ച വേഷം വടിവേലുവിനെ വച്ചു പൊലിപ്പിച്ചെടുത്തു എന്നതാണ് മറ്റൊരു വ്യത്യാസം.
ലിവിങ്ങ്സ്റ്റണും സന്താനവും മനോബാലയും ആര് സുന്ദരാജനും ചേര്‍ന്ന് വടിവേലുവിനൊപ്പം കോമഡി ഒപ്പിക്കുന്നു. കഥപറയുമ്പോളിലെ ഗ്രാമീണ നര്‍മ്മ പരിഭാഷപ്പെടുത്തലില്‍ നഷ്ടപ്പെട്ടു എന്നു പറയേണ്ടി വരും.
നേരത്തെ പ്രചരിപ്പിക്കപ്പെട്ട പോലെ രജനി അമിതമായ സ്ക്രീന്‍ പ്രാതിനിധ്യം തട്ടിയെടുക്കുന്നില്ല. കഥപറയുമ്പോളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടതിന് സമാനമായി മാത്രമേ രജനിയും എത്തുന്നുള്ളു. എന്നാല്‍ ഈ സന്ദര്‍ഭങ്ങള്‍ നന്നായി പൊലിപ്പിച്ചിട്ടുണ്ട് എന്ന് മാത്രം. സംഭഷണങ്ങള് മിക്കപ്പോഴും കഥപറയുമ്പോളിലേതിന്റെ പരിഭാഷ തന്നെയാണ്.
ബാര്‍ബര്‍ ബാലുവിന്റെ വേഷത്തില്‍ പശുപതി കണ്ണു നനയിപ്പിക്കുന്നുണ്ട്. ഭാര്യവേഷത്തില്‍ മീനയും മകളായി ഷംനയും കഥപറയുമ്പോളിലേതിന് സമാനമായ പ്രകടനം തന്നെ പുറത്തെടുക്കുന്നു. അവസാന പതിനഞ്ച് മിനിറ്റാണ് കുചേലന്റെ കാതല്‍. ഇക്കാര്യത്തില്‍ മമ്മൂട്ടിയോട് കിടപിടിക്കുന്ന പ്രകടനം തന്നെ സ്റ്റൈല്‍ മന്നനും കാഴ്ചവയ്ക്കുന്നു.
സംവിധായകന് അവകാശപ്പെട്ടത് പോലെ ബാല്യകാല സുഹൃത്തിനെ ഫോണ്‍ ചെയ്യാനുള്ള വികാരവുമായി തന്നെയാകും പ്രേക്ഷകര്‍ ചിത്രം കണ്ട് പുറത്തിറങ്ങുക. രജനിയുടെ അതിമാനുഷ പ്രകടനവും അടിയും ഇല്ലാത്തത് കടുത്ത രജനി ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് പ്രത്യാശിക്കാം.