താപ്പാന - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

തിങ്കള്‍, 20 ഓഗസ്റ്റ് 2012 (15:17 IST)
PRO
അങ്ങനെ അതും വന്നു - താപ്പാന! കഴിഞ്ഞ എട്ടു സിനിമകളുടെ ക്ഷീണം തീര്‍ക്കാന്‍ മെഗാസ്റ്റാറിന്‍റെ പിടിവള്ളി. മമ്മൂട്ടിയുടെ കഴിഞ്ഞ പടങ്ങളുടെ ഹാങ്ങോവര്‍ കാരണമാകും തിയേറ്ററില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു. പടം കണ്ടിറങ്ങിയപ്പോള്‍ തോന്നിയ ഒരു കാര്യം ആദ്യമേ പറയട്ടെ - കഴിഞ്ഞ എട്ട് സിനിമകള്‍ മമ്മൂട്ടിയുടേതായി ഇറങ്ങിയതില്‍ ബോംബെ മാര്‍ച്ച് 12ന് ശേഷം അല്‍പ്പം ഭേദപ്പെട്ട ഒരു സിനിമ ‘താപ്പാന‍’യാണ്.

ജോണി ആന്‍റണിയുടെ കൊച്ചിരാജാവ്, ഇന്‍സ്പെക്ടര്‍ ഗരുഡ് എന്നിവ പോലെ താപ്പാനയും ഒരു തട്ടിക്കൂട്ട് പടം തന്നെയാണ്. എന്നാല്‍ പടത്തിന് അധികം ദൈര്‍ഘ്യമില്ലാത്തത് പ്രേക്ഷകരെ വലിയ ബോറടിയില്‍ നിന്ന് രക്ഷിച്ചു. ഒരു തണുപ്പന്‍ തിരക്കഥയാണ് താപ്പാനയ്ക്ക് എം സിന്ധുരാജ് സംഭാവന ചെയ്തിരിക്കുന്നത്. അതുകൊണ്ട് എന്തുണ്ടായി? പടത്തിന്‍റെ ഇന്‍റര്‍‌വെല്ലിന് കിട്ടിയ പഞ്ച് പോലും ക്ലൈമാക്സിന് ഇല്ലാതെ പോയി.

യഥാര്‍ത്ഥത്തില്‍ ഇന്‍റര്‍‌വെല്ലിന് തന്നെ പടം അവസാനിപ്പിക്കാമായിരുന്നു. വില്ലനിട്ട് രണ്ട് തല്ലും കൊടുത്ത് നാല് ഡയലോഗും പറയുന്ന കര്‍മ്മം ക്ലൈമാക്സിലേക്ക് മാറ്റിവച്ചത് എന്തിനാണെന്ന ചോദ്യം ബാക്കി. രണ്ടാം പകുതിയില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന നിശ്ചയം സംവിധായകനെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.

ഈ സാധാരണ സിനിമയെ വിമര്‍ശിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അവയ്ക്കൊക്കെ ശേഷവും പറയാനുള്ളത് ഇതുതന്നെയാണ് - കഴിഞ്ഞ എട്ട് സിനിമകള്‍ മമ്മൂട്ടിയുടേതായി ഇറങ്ങിയതില്‍ അല്‍പ്പം ഭേദപ്പെട്ട ഒരു ചിത്രം ‘താപ്പാന‍’ തന്നെയാണ്!

അടുത്ത പേജില്‍ - സാംസന്‍റെ വണ്‍‌മാന്‍‌ഷോ

PRO
മമ്മൂട്ടിയെപ്പോലെയുള്ള മഹാനടന്‍‌മാര്‍ എന്തുകൊണ്ടാണ് ഇപ്പോഴും കൊമേഴ്സ്യല്‍ കോം‌പ്രമൈസുകള്‍ക്ക് വഴങ്ങുന്നതെന്ന് മനസിലാകുന്നില്ല. വളരെ ഗൌരവമുള്ള സിനിമകള്‍ അദ്ദേഹം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോബ്രയും ഡബിള്‍സും താപ്പാനയുമൊക്കെയാണോ മൂന്നുതവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഒരു നടന്‍ തന്‍റെ കരിയറിന്‍റെ ഈ ടൈമില്‍ ചെയ്യേണ്ടത്? മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു മുഹൂര്‍ത്തം പോലും താപ്പാന എന്ന സിനിമയില്‍ സൃഷ്ടിക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞിട്ടില്ല.

സാംസണ്‍ എന്നാണ് താപ്പാനയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചെറിയ മോഷണവും തരികിടയുമൊക്കെയുള്ള ഒരു കഥാപാത്രം. മായാവിയിലും തുറുപ്പുഗുലാനിലും നമ്മള്‍ കണ്ട കഥാപാത്രങ്ങളുടെ മാനറിസങ്ങളും സംഭാഷണ ശൈലിയും. ‘സ’ എന്ന അക്ഷരം ഉച്ചരിക്കുന്നതില്‍ സാംസണ്‍ വരുത്തുന്ന പിഴവാണ് പ്രേക്ഷകരെ ചിരിപ്പിക്കാനായി ചിത്രത്തിന്‍റെ സ്രഷ്ടാക്കള്‍ പ്രയോഗിച്ചിട്ടുള്ള നമ്പര്‍! (ഭാഷാപ്രയോഗത്തിലെ മിസ്റ്റേക്കുകളില്‍ നിന്ന് തമാശയുണ്ടാക്കുന്ന വിദ്യ മമ്മൂട്ടിക്കെങ്കിലും ബോറടിച്ചിട്ടുണ്ടാവില്ലേ?)

സാംസണും മല്ലിക(ചാര്‍മ്മി)യും ഒരേ ദിവസം ജയില്‍ മോചിതരാകുകയാണ്. മല്ലികയ്ക്ക് ഒരു അപകടം പറ്റുന്നതോടെ അവളെ സഹായിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം സാംസണ്‍ ഏറ്റെടുക്കുന്നു. പിന്നീട് കരിപ്പ എന്ന അവളുടെ നാട്ടിലേക്ക് ഇരുവരും ഒന്നിച്ചുനടത്തുന്ന യാത്രയാണ് സിനിമയുടെ ആദ്യ പകുതി. ദോഷം പറയരുതല്ലോ, സാംസന്‍റെ വണ്‍‌മാന്‍‌ഷോ പ്രകടനങ്ങളൊക്കെയാണെങ്കിലും ആദ്യ പകുതി വിരസമാകാതെ പൂര്‍ത്തിയാക്കാന്‍ ജോണി ആന്‍റണിക്ക് കഴിഞ്ഞിട്ടുണ്ട്.

അടുത്ത പേജില്‍ - സുരേഷ് കൃഷ്ണയെ പിടികൂടുന്ന രംഗം... ചിരിക്കാതെ വയ്യ!

PRO
കരിപ്പ വരെയുള്ള യാത്രയില്‍ ഒന്നാം പകുതി അവസാനിപ്പിച്ച സംവിധായകന് പക്ഷേ രണ്ടാം പകുതിയില്‍ ചുവടുതെറ്റി. ഇനിയെന്ത് കഥ പറയും എന്ന കണ്‍ഫ്യൂഷനില്‍ നട്ടം തിരിയുകയാണ്. രണ്ടാം പകുതിക്ക് ശേഷം ക്ലൈമാക്സ് വരെയുള്ള കാര്യങ്ങള്‍ ആര്‍ക്കും പ്രവചിക്കാവുന്ന കഥാഗതി സമ്മാനിച്ച് കൈയൊഴിഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത്. പല സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള മുഹൂര്‍ത്തങ്ങളിലൂടെയാണ് യാത്ര.

സാംസന്‍റെ ഫ്ലാഷ് ബാക്കിലോ ചാര്‍മ്മിയുടെ പൂര്‍വകഥയിലോ പുതുമയില്ല. വേണമെങ്കില്‍ നായികയ്ക്കുവേണ്ടി കൊലപാതകം വരെ ചെയ്യാമെന്ന നിലയില്‍ നില്‍ക്കുന്ന നായകന് ക്ലൈമാക്സില്‍ അതിന്‍റെയൊന്നും ആവശ്യം വേണ്ടിവരുന്നില്ല. ശുഭപര്യവസായി കഥ അവസാനിപ്പിച്ച് തന്‍റെ ഭാഗം ക്ലിയറാക്കി സംവിധായകന്‍. ഇനി പടം വിജയിപ്പിച്ചുകൊടുക്കേണ്ടത് പ്രേക്ഷകരുടെ ബാധ്യത.

ഇടയ്ക്ക് രസകരമായി തോന്നിയ ഒരേയൊരു സന്ദര്‍ഭം നൂലുണ്ട വിജീഷും പൊന്നമ്മ ബാബുവും വരുന്ന രംഗമാണ്. തിയേറ്ററില്‍ എല്ലാവരും കൈയടിച്ച ഒരേയൊരു രംഗം. 10 മിനിറ്റേ ഉള്ളെങ്കിലും വിജീഷ് ഗംഭീര പ്രകടനമാണ് നടത്തിയത്. എന്നാല്‍ അതിന്‍റെ രസമെല്ലാം കൊല്ലുന്ന ചില രംഗങ്ങളും താപ്പാനയില്‍ ഉള്‍പ്പെടുത്തി ജോണി ആന്‍റണി ബാലന്‍സ് ചെയ്തു. ഒളിച്ചിരിക്കുന്ന സുരേഷ് കൃഷ്ണയെ പിടികൂടാന്‍ മമ്മൂട്ടി പൊലീസിനെ സഹായിക്കുന്ന രംഗം. ആ സീന്‍ വന്നപ്പോള്‍ കൂവി വെളുപ്പിച്ചു പ്രേക്ഷകര്‍.

അടുത്ത പേജില്‍ - ചില ‘അവിഹിത’ക്കാഴ്ചകള്‍ !

PRO
മമ്മൂട്ടിയുടെ കോമഡിയും ആക്ഷനുമാണ് പ്രേക്ഷകരെ രസിപ്പിക്കാനായി ജോണി ആന്‍റണി കരുതി വച്ചിട്ടുള്ളത്. ‘അത് സാംസങ് ഇത് സാംസണ്‍’ തുടങ്ങിയ ചില പ്രയോഗങ്ങളിലൂടെ കോമഡി രംഗങ്ങളില്‍ ശരാശരി നിലവാരം പുലര്‍ത്താന്‍ മമ്മൂട്ടിക്കായി. സിനിമയിലെ കോമഡി താരങ്ങള്‍ക്ക് ആ നിലവാരത്തിലേക്ക് എത്താനായതുമില്ല. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ക്കും തിളങ്ങാനായില്ല.

പല സമയങ്ങളിലായി ഏഴോളം ആക്ഷന്‍ രംഗങ്ങളുണ്ട് ചിത്രത്തില്‍. ചിലയിടങ്ങളില്‍ മമ്മൂട്ടിക്ക് ശോഭിക്കാന്‍ കഴിഞ്ഞു. മുരളി ഗോപിയും പ്രതീക്ഷിച്ച ഇം‌പാക്ട് ഉണ്ടാക്കിയില്ല. രണ്ടാം പകുതി സീരിയസുമല്ല തമാശയുമല്ല എന്ന രീതിയില്‍ മുന്നോട്ടുപോയപ്പോള്‍ താരങ്ങള്‍ക്കും പെര്‍ഫോമന്‍സിന് സ്കോപ്പില്ലാതായി. വില്ലന്‍റെ അവിഹിത ബന്ധമൊക്കെ ക്ലീഷേ അവതരണത്തിലൂടെ ഉദ്വേഗം സൃഷ്ടിക്കാനാകാതെ പോയി.

വിദ്യാസാഗറിന്‍റെ ഗാനങ്ങള്‍ ശരാശരിയിലൊതുങ്ങി. “ഊരും പേരും പറയാതെ...” എന്ന ഗാനം കുഴപ്പമില്ല. ഛായാഗ്രഹണത്തിലും പോരായ്മയുണ്ട്. നായികയുടെയും നായകന്‍റെയും വാഹനയാത്രകള്‍ ചിത്രീകരിച്ചതില്‍ പെര്‍ഫെക്ഷന്‍ കൊണ്ടുവരാന്‍ ക്യാമറാമാന് കഴിഞ്ഞില്ല.

നായിക ചാര്‍മ്മിയുടെ പ്രകടനം മെച്ചമായിരുന്നു. ഒരു അന്യാഭാഷാ നടിയുടെ പതര്‍ച്ചയില്ലാതെ അവര്‍ പെര്‍ഫോം ചെയ്തു.

ഇതാണ് താപ്പാന. ഇത്രയൊക്കെയേ ഉള്ളൂ. എങ്കിലും, എന്തൊക്കെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും, മമ്മൂട്ടിയുടെ കഴിഞ്ഞ സിനിമകളേക്കാളൊക്കെ ഭേദപ്പെട്ട ചിത്രം തന്നെയാണ് താപ്പാന!

വെബ്ദുനിയ വായിക്കുക