ചിറകൊടിഞ്ഞ ‘പരുന്ത്‌’

PROPRO
പാതിരാവില്‍ പറന്നിറങ്ങിയ 'പരുന്ത്‌' ഇരപിടിക്കാന്‍ ബുദ്ധിമുട്ടും. എം പത്മകുമാര്‍ എന്ന നല്ല സംവിധായകന്‍ വര്‍ഗ്ഗം , വാസ്‌തവം , അമ്മക്കിളിക്കൂട്‌ തുടങ്ങിയ നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചതിന്‌ ശേഷമാണ്‌ ഈ സാഹസത്തിന്‌ മുതിര്‍ന്നത്‌.

നല്ല സിനിമികള്‍ സ്വീകരിക്കപ്പെടാതെ വരുമ്പോള്‍ കൊമേഴ്‌സ്യല്‍ ചേരുവകളിലേക്ക്‌ നല്ല സംവിധായകര്‍ വഴിതെറ്റുന്നതിന്‍റെ മികച്ച ഉദാഹരമാണ്‌ പരുന്ത്‌.

‘പരുന്തില്‍ ’ എന്തെങ്കിലും പുതുമയോ വ്യത്യസ്ഥതയോ ഉണ്ടെന്ന്‌ സംവിധായകന്‍ പോലും അവകാശപ്പെടുന്നില്ല. മമ്മൂട്ടി ആരാധകര്‍ക്ക്‌ കൈയ്യടിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയ ചിത്രം. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ ഒരേ സമയം റിലീസ്‌ ചെയ്‌ത്‌ മുടക്ക്‌ മുതല്‍ ഒറ്റയടിക്ക്‌ തിരിച്ചു പിടിക്കാനുള്ള തന്ത്രം വിജയിപ്പിക്കാന്‍ വേണ്ടി മമ്മൂട്ടിനായകനാക്കി രണ്ടര മണിക്കൂറിലേക്ക്‌ എടുത്ത ഒരു സിനിമ എന്ന പ്രാധാന്യംമാത്രം ‘പരുന്തിന്‌ ’നല്‌കിയാല്‍ മതി.
PROPRO


എ, ബി, സി ക്ലാസ്‌ ഭേദമില്ലാതെ ഡിജിറ്റല്‍ പ്രിന്റുകള്‍ അടക്കം 84 കേന്ദ്രങ്ങളിലാണ്‌ പരുന്ത്‌ റിലീസ്‌ ചെയ്‌തത്‌. പാതിരാവില്‍ റിലിസ്‌ ചെയ്യുക എന്നതടക്കമുള്ള ഗിമ്മിക്കുകള്‍ കൂടിയാകുമ്പോള്‍ പ്രമേയ പരമായ പ്രത്യേകതകള്‍ ഇല്ലെങ്കിലും ചിത്രം വിജയിച്ചേക്കാം.

PROPRO
കൊള്ളപ്പലിശക്കാരനായ പരുന്ത്‌ പുരുഷോത്തമന്‌ പണമാണ്‌ സ്‌‌നേഹവും വിശ്വാസവും ആശ്വാസവും എല്ലാം. പണത്തിന്‌ മുകളില്‍ യാതൊരു ബന്ധങ്ങളും ഇല്ല. സ്വന്തം അമ്മയെ പോലും വീട്ടില്‍ കയറ്റാതെ ജീവിക്കുന്നു. പണം തരാത്തവരെ വീട്ടില്‍ നിന്ന്‌ ഇറക്കി വിടാനും നടുത്തെരുവില്‍ നിര്‍ത്താനും കല്യാണം മുടക്കാനും മടിയില്ല.

കുത്ത്‌‌ കൊണ്ട്‌ ആശുപത്രിയില്‍ കിടക്കുന്നതൊടെ തന്നെ സ്‌നേഹിക്കുന്ന ആരുമില്ലെന്ന കാര്യം അയാള്‍ തിരിച്ചറിയുന്നു. പണത്തിന്‌ മുകളിലൂടെ പറന്നു നടന്ന പരുന്ത്‌ സ്‌നേഹത്തിന്‌ മുകളിലൂടെ പറന്നു നടക്കാന്‍ തീരുമാനിക്കുന്നു. ശുഭം. സിനിമ തീരുന്നു.

തികച്ചും സാധാരണമെന്ന്‌ തോന്നാവുന്ന ഈ കഥാതന്തു ടി എ റസാക്കിനെ പോലെ ഒരു തിരക്കഥാകൃത്തിന്‌ പ്രേക്ഷക ഹൃദയത്തെ നോവിക്കും വിധം പറയാന്‍ കഴിയും. എന്നാല്‍ പരുന്തില്‍ അങ്ങനെ സംഭവിക്കുന്നില്ല. കൊള്ളപ്പലിശക്കാരന്‍റെ മാനസാന്തരത്തിന്‌ പ്രേക്ഷകനില്‍ യാതൊരു പ്രതിഫലനവും ഉണ്ടാക്കാനാകുന്നില്ല. ലക്ഷണയുക്തമായ ഒരു കൊമേഴ്‌സ്യല്‍ മസാലയാകാനും അതുകൊണ്ട്‌ പരുന്തിന്‌ കഴിയുന്നില്ല.

മമ്മൂട്ടിയുടെ കാമുകിയായിട്ടല്ലെങ്കിലും നായിക സ്ഥാനത്തുള്ള ലക്ഷ്‌മി റായിക്കോ ജയസൂര്യക്കോ കൊച്ചിന്‍ ഹനീഫക്കോ സുരാജ്‌ വെഞ്ഞാറമ്മൂടിനോ കാര്യമായി ഒന്നും ചെയ്യാനില്ല. ജഗതി ശ്രീകുമാര്‍ കൊമഡി ഒഴിവാക്കി ഗൗരവ വേഷത്തില്‍ എത്തുന്നു എന്നത്‌ മാത്രമാണ്‌ ഒരാശ്വാസം.

PROPRO
പരുന്ത്‌ പുരുഷോത്തമനെ പോലെ ചിത്രത്തിലെ മറ്റ്‌ കഥാപാത്രങ്ങള്‍ക്കും സംഭവഗതികള്‍ക്ക്‌ അനുസരണമായ പാത്ര വളര്‍ച്ച ഉണ്ടാകുന്നില്ല. വിപണി മുന്‍ കൂട്ടിത്തീരുമാനിച്ച ശേഷം റിലീസിങ്ങ്‌ ഡേറ്റിന്‌ പുറത്തിറക്കാനുളള പരിശ്രമത്തിനിടെ സിനിമ സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും കൈവിട്ടു പോയി എന്ന്‌ വ്യക്തം.

മമ്മൂട്ടി കാവടിയാടുന്ന ഗാനരംഗം തന്നെ ഇതിന്‌ മികച്ച ഉദാഹരണം. മലയാള സിനിമയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ബോറന്‍ ഗാനരംഗമായിരിക്കും ഇത്‌‌.

ഇത്തരം ഒരു പഴനിപ്പാട്ടിന്‍റെ യാതൊരു ആവശ്യവും സിനിമയില്‍ ഇല്ല. മമ്മൂട്ടിയുെട അവതാള നൃത്തത്തിന്‌ കൊച്ചിന്‍ ഹനീഫയും സൂരാജ്‌ വെഞ്ഞാറമ്മൂടും അതേ താളത്തില്‍ അകമ്പടി ന്‌ല്‌കുമ്പോള്‍ സംഭവം പരമ ബോര്‍

മമ്മൂട്ടിയുടെ കടുത്ത ആരാധകനെ പോലും പരുന്ത്‌ ബോറടിപ്പിക്കുമെന്നുറപ്പ്‌. പണത്തിന്മീതേ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രേക്ഷക ഹൃദയത്തിലേക്ക് പറന്നിറങ്ങാന്‍ ‘പരുന്തിന്’ കഴിയുനില്ല