ചാര്‍ലി - പ്രണയത്തിന്‍റെ ആഘോഷം

ആനന്ദി വിഷ്ണുപ്രിയ

വ്യാഴം, 24 ഡിസം‌ബര്‍ 2015 (17:23 IST)
പ്രണയം എന്നാല്‍ എന്താണ്? അത് മരം‌ചുറ്റിയുള്ള ഓട്ടവും പാട്ടുമാണോ? അത് കണ്ണില്‍ക്കണ്ണില്‍ നോക്കിയിരിക്കലാണോ? അത് വിവാഹത്തിലേക്കെത്താനുള്ള ഒരു കുറുക്കുവഴി മാത്രമാണോ? ഇതൊന്നുമല്ലെന്ന് പറയുകയാണ് ചാര്‍ലി. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ഈ സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ പ്രണയത്തിന്‍റെ സുന്ദരനിമിഷങ്ങളാല്‍ നെയ്തെടുത്ത ഒരു പഞ്ഞിമിഠായിയാണ്.
 
മുന്നറിയിപ്പില്‍ നമ്മള്‍ അനുഭവിച്ച ആത്മീയമായ ഒരനുഭൂതി മറ്റൊരു രീതിയില്‍ ചാര്‍ലിയിലും അനുഭവിക്കാം. അത് ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്തിന്‍റെ മിടുക്കാണ്. ഓരോ നിമിഷവും ഗംഭീരമാക്കാന്‍ ഉണ്ണിയുടെ രചനയ്ക്ക് കഴിഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനും അഭിമാനിക്കാം. ബെസ്റ്റ് ആക്ടറിലും എബിസിഡിയിലും കണ്ട മാര്‍ട്ടിനേയല്ല ഇത്.
 
ദുല്‍ക്കര്‍ സല്‍മാനാണ് ഈ സിനിമയുടെ കഥയും നായകനും എന്നുപറയാം. അത്രമേല്‍ സൂപ്പറായിട്ടുണ്ട് ദുല്‍ക്കറിന്‍റെ പ്രകടനം. ഒരു താരമായും നടനായും ഡിക്യു നടത്തുന്ന വമ്പന്‍ മുന്നേറ്റമാണ് ചാര്‍ലി. ഈ നടന്‍റെ കരിയര്‍ ബെസ്റ്റെന്ന് വിശേഷിപ്പിക്കാം. പാര്‍വതിയും അതുപോലെ തന്നെ. ആര്‍ജെ സേറയില്‍ നിന്ന് കാഞ്ചനമാലയിലേക്കും അവിടെനിന്ന് ഇപ്പോള്‍ ടെസയിലേക്കുമുള്ള പാര്‍വതിയുടെ പരിണാമം അത്ഭുതാവഹമാണ്. എന്നാല്‍ സ്വാഭാവികം എന്ന് തോന്നിപ്പിക്കും വിധം അനായാസവും.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
അപര്‍ണ ഗോപിനാഥ്, ടൊവിനോ തോമസ്, നെടുമുടി വേണു, കല്‍പ്പന, ചെമ്പന്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. അപര്‍ണയ്ക്ക് കനി എന്ന കഥാപാത്രമാണ്. കഥാഗതിയില്‍ നിര്‍ണായക വഴിത്തിരിവ് വരുത്തുന്നുണ്ട് കനി. ഗോപി സുന്ദറിന്‍റെ സംഗീതം സിനിമയെ പൂര്‍ണമായും അനുഭവിപ്പിക്കുന്നതില്‍ 100ല്‍ 100 മാര്‍ക്കും നേടുന്നു.
 
എന്ന് നിന്‍റെ മൊയ്തീന്‍ ആര്‍ എസ് വിമലിന്‍റെ ചിത്രമാണെന്ന് പറഞ്ഞാലും അതില്‍ ജോമോന്‍ ടി ജോണ്‍ എന്ന ക്യാമറാമാന്‍റെ സാന്നിധ്യം വിസ്മരിക്കുക വയ്യ. ചാര്‍ലിയും ജോമോന്‍റെ ക്യാമറയിലൂടെയാണ് നമ്മള്‍ കാണുന്നത്. അതിന്‍റെ ഒരു വശ്യത ഒന്നു വേറെതന്നെ.

റേറ്റിംഗ്: 4/5

വെബ്ദുനിയ വായിക്കുക