ഗ്യാംഗ്സ്റ്റര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വെള്ളി, 11 ഏപ്രില്‍ 2014 (15:06 IST)
PRO
വിരസമായ ചലനങ്ങളും ജീവനില്ലാത്ത അഭിനയപ്രകടനങ്ങളും കൊണ്ട് പലപ്പോഴും ബോറടിപ്പിക്കുന്നവയാണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ചില അധോലോക സിനിമകള്‍. അമല്‍ നീരദ് സിനിമകള്‍ എനിക്കിഷ്ടമാണ്. എന്നാല്‍ അവയെ അനുകരിച്ചെത്തി അധോലോക കഥകള്‍ പറഞ്ഞ ചില സിനിമകള്‍ ക്ഷമ പരീക്ഷിക്കുന്നവയായിരുന്നു.

അതുകൊണ്ടുതന്നെ ഗ്യാംഗ്സ്റ്ററിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. മമ്മൂട്ടിയില്‍ നിന്ന് ഒരു നല്ല ചിത്രം കിട്ടിയിട്ട് കാലം കുറേയായി. പിന്നെ ആഷിക് അബുവിന്‍റെ സംവിധാനത്തിലെ വിശ്വാസം. ജോണ്‍ പോള്‍ എന്ന തിരക്കഥാകൃത്ത് അഭിനയിക്കുന്നു എന്ന വാര്‍ത്ത. കുഞ്ചന്‍റെ അസാധാരണമായ മേക്ക് ഓവര്‍. ശേഖര്‍ മേനോന്‍റെ പ്രതിനായക അവതാരം. ഇതൊക്കെ ഗ്യാംഗ്സ്റ്റര്‍ ആദ്യദിനം തന്നെ കാണാന്‍ പ്രേരണയായി.

അമിതമായി ശരീരഭാരം കൂടിയതും കുറച്ചുനേരം നടന്നാല്‍ തലകറങ്ങി വീഴാന്‍ പോകുന്നതും കാരണം സമീപകാലത്ത് തിയേറ്ററുകളില്‍ പോയി സിനിമകാണാന്‍ കഴിഞ്ഞിരുന്നില്ല. പല നല്ല സിനിമകളും അങ്ങനെ മിസ് ചെയ്തു. ഗ്യാംഗ്സ്റ്റര്‍ തിയേറ്ററിലെത്തിയേ കാണൂ എന്ന വാശിക്ക് മുന്നില്‍ ജോസഫ് വഴങ്ങി. അദ്ദേഹത്തിന് മാത്രമേ ഇപ്പോഴും എന്‍റെ കൊച്ചുകൊച്ചു വാശികള്‍ മനസിലാക്കാന്‍ കഴിയൂ. എന്നെ തിയേറ്ററിലെത്തിക്കാമെന്നും ഒപ്പമിരുന്ന് സിനിമകാണാമെന്നും വാക്കുതന്നു ജോസഫ്.

അടുത്ത പേജില്‍ - നിരസിക്കാനാകാത്ത വാഗ്ദാനം!

PRO
“അവന് നിരസിക്കാനാകാത്ത ഒരു വാഗ്ദാനം ഞാന്‍ മുന്നോട്ടുവച്ചു” എന്ന ഗോഡ്ഫാദര്‍ ഡയലോഗിന്‍റെ പഞ്ചാണ് ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമയുടെ ഓരോ രംഗത്തിനും. സിനിമ തുടങ്ങി അല്‍പ്പസമയം കൊണ്ടുതന്നെ പ്രേക്ഷകരെ വലിച്ചടുപ്പിക്കും വിധം അസാധാരണമായ മേക്കിംഗ്. മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുന്ന ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുമ്പോള്‍ തന്നെ മലയാളത്തിലെ ഏറ്റവും മികച്ച ഗ്യാംഗ്സ്റ്റര്‍ മൂവിയായി ചിത്രത്തെ മാറ്റിയെടുക്കാനും ആഷിക് അബുവിന് കഴിഞ്ഞിരിക്കുന്നു.

മുംബൈ അധോലോകനായകനായിരുന്ന പിതാവ് കൊല്ലപ്പെട്ടതിന് ശേഷമാണ് അക്ബര്‍ അലി(മമ്മൂട്ടി) മംഗലാപുരത്തേക്ക് തന്‍റെ സങ്കേതം മാറ്റുന്നത്. പിതാവിനെ കൊലപ്പെടുത്തിയവരോട് അക്ബര്‍ പ്രതികാരം ചെയ്തു. എന്നാല്‍ മംഗലാപുരത്ത് അക്ബര്‍ അലിയെ കാത്തിരുന്നത് രണ്ട് വൃദ്ധസിംഹങ്ങളായിരുന്നു. ആ തുറമുഖനഗരം ഭരിച്ചിരുന്ന മണി മേനോനും(കുഞ്ചന്‍) അങ്കിള്‍ സാമും(ജോണ്‍ പോള്‍).

അടുത്ത പേജില്‍ - അവന്‍ വരുന്നു...!

PRO
അങ്കിള്‍ സാമിന്‍റെ ബന്ധു ആന്‍റോ(ശേഖര്‍ മേനോന്‍) കടന്നുവരുന്നതോടെ അക്ബറിന് വീണ്ടും പണിയാകുന്നു. ആന്‍റോ മയക്കുമരുന്നിനടിമയാണ്. പെണ്ണ് ഒരു വീക്‍നെസും. ഒരു കണ്ണില്‍ച്ചോരയില്ലാത്തവന്‍. മംഗലാപുരം ഗാംഗും അക്ബര്‍ അലിയും തമ്മിലുള്ള ഇരിപ്പുവശം തെറ്റിക്കാന്‍ അവന്‍റെ വരവിന് കഴിയുന്നു. അക്ബറിന്‍റെ ജീവിതം തന്നെ തകര്‍ക്കുകയാണ് അവന്‍.

അജ്മീറിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന അക്ബര്‍ അലിക്ക് പക്ഷേ അവിടെ സമാധാനത്തോടെ കഴിയാനാകില്ലല്ലോ. ഉള്ളില്‍ കിടന്നുകത്തുന്ന പകയുമായി അവന്‍ മംഗലാപുരത്തേക്ക് തിരിച്ചെത്തുകയാണ്.

അടുത്ത പേജില്‍ - കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത!

PRO
മമ്മൂട്ടിയുടെ അഭിനയമികവാണ് ഗാംഗ്സ്റ്ററിന്‍റെ ഹൈലൈറ്റ്. പ്രത്യേകരീതിയിലുള്ള മാനറിസങ്ങളാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി പരീക്ഷിച്ചിരിക്കുന്നത്. രക്തം മരവിക്കുന്ന ഒരു പ്രതികാരചിത്രത്തിന് യോജ്യമായ വിധം കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത മമ്മൂട്ടിയുടെ ഓരോ മൂവിനും കാണാം.

മികച്ച ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ് ഗ്യാംഗ്സ്റ്ററിന്‍റെ പ്രധാന ആകര്‍ഷണം. വയലന്‍റ് രംഗങ്ങളില്‍ എബിയുടെ ക്യാമറ വളരെ സ്റ്റൈലിഷ് മൂവാണ് നടത്തുന്നത്. നൈല ഉഷയും അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തിലെ നായികമാര്‍. നൈല തന്‍റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്.

അടുത്ത പേജില്‍ - ദൃശ്യത്തിന്‍റെ പിന്‍‌ഗാമി!

PRO
ഒരു ദൃശ്യവിസ്മയം തന്നെയായിരുന്നു ഗ്യാംഗ്റ്റര്‍. പ്രതികാരകഥകള്‍ പലപ്പോഴും എന്നെ ഭയപ്പെടുത്തിയിരുന്നു. ചോര കാണുന്നത് പേടിയായിരുന്നു. എന്നാല്‍ ഗ്യാംഗ്സ്റ്ററിലെ പ്രതികാരത്തിന് ഒരു നീതീകരണമുണ്ട്. അക്ബര്‍ അലി ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് പ്രേക്ഷകര്‍ തന്നെയാണ്.

വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിക്ക് ഒരു ഗംഭീര സിനിമ ലഭിച്ചിരിക്കുന്നു. ആഷിക്കിന് നന്ദി. ഒപ്പം വ്യത്യസ്തമായ കഥയൊന്നുമല്ലെങ്കിലും ഒന്നാന്തരം തിരക്കഥയാക്കി അതിനെ മാറ്റിയ അഹമ്മദ് സിദ്ദിക്കിനും അഭിലാഷിനും.

അധോലോക സിനിമകളും ത്രില്ലറുകളും ഇഷ്ടപ്പെടുന്നവരെ മാത്രമല്ല, കുടുംബപ്രേക്ഷകരെയും വശീകരിക്കുന്ന സിനിമ തന്നെയാണ് ഗ്യാംഗ്സ്റ്റര്‍. തിയേറ്ററിലെ ഈ ആരവം മാസങ്ങളോളം നിലനില്‍ക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ദൃശ്യം എന്ന സിനിമയുണ്ടാക്കിയ ഉണര്‍വ് നിലനിര്‍ത്തുന്ന യഥാര്‍ത്ഥ പിന്‍‌ഗാമി തന്നെയാണ് ഗ്യാംഗ്സ്റ്റര്‍.

വെബ്ദുനിയ വായിക്കുക