സാഹിത്യകൃതികള്‍ എന്നും തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും അതില്‍ നിന്നും എത്രവേണമെങ്കിലും മികച്ച സൃഷ്ടികള്‍ നടത്താന്‍ ഇനിയും കഴിയുമെന്നുമാണ് ജയരാജ് പറയുന്നത്. റഷ്യന്‍ കഥയില്‍ നിന്നാണ് തികച്ചും കേരളീയമായ ഒറ്റാല്‍ സൃഷ്ടിച്ചത്. ലോകക്ലാസിക്കുകള്‍ക്ക്, ഏത് ഭാഷയിലുള്ളവയായാലും അവയ്ക്കൊക്കെ എല്ലാ ഭാഷയിലും ഒരു ജീവിതമുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. വികാരങ്ങള്‍ക്ക് ഭാഷയില്ലല്ലോ.
പതിറ്റാണ്ടുകള്‍ക്കോ നൂറ്റാണ്ടുകള്‍ക്കോ മുമ്പ് ഏതോ ഭാഷയില്‍ എഴുതപ്പെട്ട ഒരു ചെറുകഥ ഇപ്പോള്‍ മലയാളത്തില്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അത് മലയാളത്തിന്‍റേതുമാത്രമാകുന്ന മാജിക് ജയരാജ് മുമ്പും കാണിച്ചുതന്നിട്ടുണ്ട്. കളിയാട്ടവും കണ്ണകിയും അങ്ങനെയുണ്ടായ സിനിമകളായിരുന്നു. ആധാരമായത് ഷേക്സ്പിയറിന്‍റെ ഒഥല്ലോയും ആന്‍റണി ആന്‍റ് ക്ലിയോപാട്രയും!
കുട്ടപ്പായിയുടെയും വല്യപ്പച്ചായിയുടെയും ജീവിതമാണ് ഒറ്റാലിലൂടെ ജയരാജ് പറയുന്നത്. പൂര്‍ണമായും കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമ. ബാലവേലയ്ക്കെതിരെയുള്ള സന്ദേശം കൂടിയാണ് ഈ ചിത്രം. ഇപ്പോഴും നമ്മുടെ നാട്ടില്‍ ബാലവേല നിലനില്‍ക്കുന്നുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന സത്യമാണെന്നും ചൂളകളിലും പടക്കനിര്‍മ്മാണ ശാലകളിലുമൊക്കെ ജീവിതം തളച്ചിടുന്ന ബാല്യങ്ങള്‍ക്കുള്ള ആദരവാണ് ഒറ്റാലിലൂടെ നല്‍കുന്നതെന്നും ജയരാജ് പറയുന്നു.
ഒറ്റാലിലെ പ്രധാന കഥാപാത്രമായ വല്യപ്പച്ചായി എന്ന താറാവു കര്‍ഷകനെ അവതരിപ്പിച്ച എഴുപതുകാരനായ വാസവന്‍ കുമരകം സ്വദേശിയാണ്. കുട്ടപ്പായി എന്ന അനാഥബാലനെ ഇയാള്‍ക്ക് കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിനോദ് വിജയന്‍, സെവന്‍ ആര്‍ട്സ് മോഹനന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.