കളിമണ്ണ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വ്യാഴം, 22 ഓഗസ്റ്റ് 2013 (17:47 IST)
PRO
ശ്വേതാ മേനോന്‍റെ പ്രസവരംഗം ‘കളിമണ്ണ്’ എന്ന സിനിമയിലുണ്ടോ? സിനിമ കണ്ട് പുറത്തിറങ്ങിയ ശേഷം നേരിട്ടും ഫോണിലൂടെയും എന്നോട് ഏറെപ്പേരും അന്വേഷിച്ചത് ഇക്കാര്യമാണ്. സിനിമ എങ്ങനെയുണ്ടെന്നോ കഥ എന്താണെന്നോ മിക്കവര്‍ക്കും അറിയേണ്ടതില്ല. അവരോടെല്ലാം ഞാന്‍ പറഞ്ഞു - “ശ്വേതാ മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പ്രസവിക്കുന്ന രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലാണോ എന്ന് എനിക്കറിയില്ല”.

എനിക്ക് മനസിലാകും. അല്ലെങ്കില്‍ എന്നെപ്പോലെ, അമ്മമാരായ എല്ലാ സ്ത്രീകള്‍ക്കും മനസിലാകും. അമ്മയാകുന്നതിന്‍റെ പെയിന്‍. അതിന്‍റെ എല്ലാ ശക്തിയോടും കരുത്തോടും. ലേബര്‍ റൂമിലെ ടേബിളില്‍ ആദ്യ നോവ് മുതല്‍ കുഞ്ഞ് പുറത്തെത്തുന്നതുവരെയുള്ള എല്ലുനുറുങ്ങുന്ന വേദന. ആ വേദന എത്രമാത്രമുണ്ടെന്ന് മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഒരിക്കലും അമ്മയുടെ കണ്ണീര് കണ്ടില്ലെന്ന് നടിക്കാനാവില്ല.

‘കളിമണ്ണ്’ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ബ്ലെസി എന്ന സംവിധായകന്‍ നല്‍കുന്ന ആദരവാണ്. ഞാന്‍ എത്തിയ തിയേറ്ററില്‍ കുടുംബപ്രേക്ഷകരുടെ തിരക്കുകണ്ടു. അത് ബ്ലെസി എന്ന സംവിധായകനോട് മലയാളികള്‍ക്കുള്ള വിശ്വാസത്തിന്‍റെ തെളിവാണ്. കളിമണ്ണിനെതിരെയുള്ള കുപ്രചരണങ്ങള്‍ക്ക് ലഭിച്ച തിരിച്ചടിയാണ്.

ഇത്തരമൊരു സബ്ജക്ട് മലയാളത്തില്‍ ഇതിന് മുമ്പ് ചര്‍ച്ച ചെയ്തിട്ടില്ല. പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഈ ചിത്രം ഒരു വ്യത്യസ്തമായ അനുഭവമാണ്. നല്ലൊരു കഥയും സന്ദേശവും കളിമണ്ണിനുണ്ട്. ന്യൂജനറേഷന്‍ കാലത്ത് അതിലൊന്നും കാര്യമില്ലെന്ന് വിചാരിക്കുന്നവരുടെ അഭിപ്രായം എന്താണെന്നറിയില്ല. എന്തായാലും എനിക്കിഷ്ടമായി ഈ സിനിമ.

അടുത്ത പേജില്‍ - ഒരു ഐറ്റം ഡാന്‍സറുടെ സ്ട്രഗിള്‍

PRO
സിനിമ എന്നത് ഒരു മായാലോകമാണ്. അതിലേക്കെത്താന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ രക്ഷപ്പെടുന്നവര്‍ വിരളം. മീര(ശ്വേത) എന്ന ഐറ്റം ഡാന്‍സറും അക്കൂട്ടത്തില്‍ ഒരുവളാണ്. അവളുടെ ജീവിതമാണ് ഈ സിനിമ - കളിമണ്ണ്. ചിത്രം ആരംഭിക്കുന്നത് അവളുടെ ഒരു ആത്മഹത്യാ ശ്രമത്തിന്‍റെ ചിത്രീകരണത്തിലൂടെയാണ്. കടലിലേക്ക് ഇറങ്ങിപ്പോകുന്ന മീര.

അവിടെ മമ്മൂട്ടിയുടെ ശബ്ദത്തില്‍ ചിത്രത്തിന് ഒരു ഇന്‍ഡ്രൊഡക്ഷന്‍ - “ഈ ആത്മഹത്യാശ്രമത്തിന്‍റെ പിന്നിലുള്ള കാരണം അന്വേഷിച്ചുള്ള യാത്രയല്ല ഈ കഥ. ഇത്തരത്തിലുള്ള നൂറുകണക്കിന് ആത്മഹത്യകള്‍ ഈ മുംബൈ നഗരത്തില്‍ നടക്കുന്നുണ്ട്. അതിനു പിന്നിലുള്ള കഥകള്‍ നമുക്ക് അറിയാവുന്നതാണ്. പക്ഷേ, ഇതുവരെ നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ഒരു കഥയുണ്ട് - നമ്മളെങ്ങനെ നമ്മളായെന്ന്''.

ഫ്ലാഷ് ബാക്കില്‍ അവളുടെ ഒരു ‘കളിമണ്‍’ ഡാന്‍‌സോടെ കഥയ്ക്ക് തുടക്കമായി. അവളുടെ ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളിലേക്കാണ് ബ്ലെസി ക്യാമറ തിരിക്കുന്നത്. ചിത്രത്തിന്‍റെ ഇടവേളയോടെ കഥ വലിയ വഴിത്തിരിവിലേക്കെത്തുകയാണ്.

അടുത്ത പേജില്‍ - അത് അവളുടെ തീരുമാനമായിരുന്നു

PRO
ഐറ്റം ഡാന്‍സ് ചെയ്യുന്നവരെല്ലാം, അല്ലെങ്കില്‍ എക്സ്ട്രാ നടീനടന്‍‌മാരെല്ലാം ആഗ്രഹിക്കുന്നത് ഒരിക്കല്‍ അവരും സിനിമയിലെ മുന്‍‌നിര താരങ്ങളായി മാറുമെന്നാണ്. മീരയുടെ ആഗ്രഹവും അതായിരുന്നു. തുടര്‍ച്ചയായി ഐറ്റം സോംഗുകളില്‍ പ്രത്യക്ഷപ്പെടുമ്പോഴും അഭിനയപ്രാധാന്യമുള്ള ഒരു സിനിമ തന്നെത്തേടിയെത്തുമെന്ന് അവള്‍ വിശ്വസിച്ചു. അത് സംഭവിക്കുകതന്നെ ചെയ്തു.

ഐറ്റം ഡാന്‍സുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വരച്ചിടുന്ന ഒരു സിനിമയില്‍ അവള്‍ നായികയായി. ആ സിനിമയുടെ പ്രിവ്യൂ നടക്കുന്ന ദിവസം, അത് കാണാന്‍ കാറില്‍ പാഞ്ഞെത്തുന്ന അവളുടെ ഭര്‍ത്താവ് ശ്യാം ഒരാക്സിഡന്‍റില്‍ പെടുന്നു. അയാള്‍ക്ക് മസ്തിഷ്കമരണം സംഭവിക്കുകയാണ്. ആ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ അവള്‍ പകച്ചുനിന്നു.

മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവിന്‍റെ ബീജം സ്വീകരിച്ച് ഒരു കുഞ്ഞിന് ജന്‍‌മം നല്‍കാന്‍ മീര തീരുമാനിക്കുന്നതാണ് ചിത്രത്തിന്‍റെ ടേണിംഗ് പോയിന്‍റ്. അതിന് കടമ്പകള്‍ ഏറെയുണ്ടായിരുന്നു. പല നിയമക്കുരുക്കുകള്‍ അഴിക്കേണ്ടതുണ്ടായിരുന്നു.

അടുത്ത പേജില്‍ - ലാലി ലാലി...

PRO
മീരയുടെ ഗര്‍ഭകാലമാണ് ഈ സിനിമയുടെ ഏറ്റവും സുന്ദരമായ നിമിഷങ്ങളും ഹൈലൈറ്റും. തന്‍റെ ഉദരത്തില്‍ വളരുന്ന ഒരു കുഞ്ഞിനെ അമ്മ എങ്ങനെയാണ് പരിപാലിക്കുന്നതെന്നതിന്‍റെ ക്ലിയര്‍ ടെക്സ്റ്റ് ആണ് ഈ ചിത്രം. കുഞ്ഞിനോട് അവള്‍ സംസാരിക്കുന്നുണ്ട്. കളി പറയുന്നുണ്ട്. പാട്ടുപാടുന്നുണ്ട്. ഗര്‍ഭിണിയായ ഒരു സ്ത്രീ ഒരാളല്ല, അവര്‍ രണ്ടുപേര്‍, രണ്ടുജീവിതം നയിക്കുന്നവര്‍.

“ലാലി ലാലി...” എന്ന ഗാനരംഗം കാണാന്‍ വേണ്ടി മാത്രം കളിമണ്ണ് കാണാം എന്നാണ് ഞാന്‍ റെക്കമെന്‍റ് ചെയ്യുന്നത്. അത്രയധികം ഈ സിനിമയുമായും കഥാഗതിയുമായും ഇഴുകിച്ചേരുന്നുണ്ട് ആ ഗാനരംഗം. സിനിമയുടെ ഊര്‍ജം മുഴുവന്‍ ആ ഒറ്റ സോംഗിലുണ്ട്.

സുനില്‍ ഷെട്ടി, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ അതിഥികളായി എത്തുന്നുണ്ട്. സുനില്‍ ഷെട്ടിയുമൊത്ത് ശ്വേത ആടിപ്പാടുന്ന ആ ഹിന്ദിപ്പാട്ട് ഗംഭീരം. അതിന്‍റെ വിഷ്വലൈസേഷനും ഓളവുമെല്ലാം ഒന്നാന്തരമായിട്ടുണ്ട്. ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന് നന്ദി പറയാം.

സുഹാസിനി, ബിജുമേനോന്‍ തുടങ്ങി അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. എങ്കിലും ഈ സിനിമ ശ്വേതയുടേതാണ്. ശ്വേതയുടേത് മാത്രമാണ്.

അടുത്ത പേജില്‍ - ആ പ്രശസ്തമായ പ്രസവരംഗം!

PRO
കളിമണ്ണില്‍ ശ്വേതാമേനോന്‍റെ പ്രസവരംഗമുണ്ട്. എന്നാല്‍ അത് വിവാദകോലാഹലങ്ങള്‍ ഉണ്ടാക്കിയവര്‍ പറയുന്നതുപോലെ ഒരു അശ്ലീലചിത്രീകരണമല്ല. ഒരു കുഞ്ഞിന് ജന്‍‌മം നല്‍കുന്നതിന്‍റെ ഏറ്റവും സുന്ദരമായ ആവിഷ്കരണം.

പ്രസവരംഗത്ത് ശ്വേതയുടെ എക്സ്പ്രഷന്‍സ് എല്ലാം ഒറിജിനലാണ്. മീര എന്ന കഥാപാത്രം കരയുന്നതും ശ്വേത എന്ന നടി കരയുന്നതും ഒന്നുതന്നെയാണ്. ആ സമയത്ത് ഇത് സിനിമയാണോ ജീവിതമാണോ എന്ന മനോഹരമായ ആശയക്കുഴപ്പത്തില്‍ പ്രേക്ഷകര്‍ പെട്ടുപോകുന്നു.

ശ്വേതയുടെ(മീരയുടെ) കുഞ്ഞ് പിറന്നുവീഴുന്ന രംഗങ്ങള്‍. ആ കുഞ്ഞിന്‍റെ ക്ലോസ് അപുകള്‍. അവള്‍ക്കിരിക്കട്ടെ ഒരുഗ്രന്‍ സല്യൂട്ട്. ലോകത്തില്‍ മറ്റൊരു കുഞ്ഞിനും ഒരുപക്ഷേ ലഭ്യമായിട്ടില്ലാത്ത ഭാഗ്യം. അവള്‍ ജനിച്ചതുതന്നെ നായികയായാണ്. ആ അര്‍ത്ഥത്തില്‍ ഈ സിനിമ ശ്വേതയുടെയോ ബ്ലെസിയുടെയോ മാത്രമല്ല, സബൈന എന്ന സുന്ദരിക്കുരുന്നിന്‍റേതുകൂടിയാണ്.

വെബ്ദുനിയ വായിക്കുക