എബിസിഡി: ‘ബെസ്റ്റ് ആക്ടര്‍’ മികവ് ആവര്‍ത്തിക്കാനായില്ല!

ശനി, 15 ജൂണ്‍ 2013 (16:29 IST)
PRO
എ ബി സി ഡി. അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി. പടം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ അത്ര ഹാപ്പിയല്ല. ഭാഗികമായി രസിപ്പിക്കുന്ന ഈ സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നില്ല. ‘ബെസ്റ്റ് ആക്ടര്‍’ എന്ന മികച്ച ഹിറ്റിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയുമായി തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകര്‍ക്ക് അത്ര നല്ല വിരുന്ന് ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞില്ല.

ജോണ്‍സ്(ദുല്‍ക്കര്‍ സല്‍മാന്‍), കോര(ജേക്കബ് ഗ്രിഗറി) എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. അമേരിക്കയില്‍ വളര്‍ന്ന ഇവര്‍ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലേക്ക് വരേണ്ടിവരുന്നു. കേരളത്തിലും ഇവര്‍ അമേരിക്കന്‍ ലൈഫ് സ്റ്റൈലില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന രസങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

അടുത്ത പേജില്‍ - വീണ്ടും ചില വീട്ടുകാര്യങ്ങള്‍!

PRO
മലയാളത്തില്‍ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ഹിന്ദിയില്‍ ‘വേക്കപ് സിഡ്’ തുടങ്ങിയ സിനിമകളുടെ ബേസിക് ത്രെഡ് ആണ് ‘എ ബി സി ഡി’യില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍ വീണ്ടും ചില വീട്ടുകാര്യങ്ങളുടെ അടുത്തെങ്ങുമെത്താന്‍ ഈ സിനിമയ്ക്ക് കഴിയുന്നില്ല.

അലറിവിളിച്ചുള്ള സംഗീതം പലപ്പോഴും പ്രേക്ഷകരെ അസ്വസ്ഥരാക്കും. അമേരിക്കന്‍ ദൃശ്യങ്ങളിലെല്ലാം ക്ലീഷേ. ഗാനങ്ങളുടെ വരികള്‍ ശ്രദ്ധിച്ചുകേട്ടാല്‍ കുഴപ്പമാണ്, അതേപ്പറ്റിയൊന്നും അധികം ആലോചിക്കാതിരിക്കുകയാണ് നല്ലത്.

അടുത്ത പേജില്‍ - ഇത് ന്യൂജനറേഷന്‍ കോമഡി!

PRO
ഡബിള്‍ മീനിംഗ് ഡയലോഗുകളും അത്തരത്തിലുള്ള കോമഡികളും കുത്തിത്തിരുകാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അതാണ് പുതിയ ട്രെന്‍ഡെന്ന് തെറ്റിദ്ധരിച്ചുള്ള നീക്കമാകാം. എന്തായാലും അതൊക്കെ കുടുംബപ്രേക്ഷകര്‍ എത്രമാത്രം ഉള്‍ക്കൊള്ളുമെന്നത് കാത്തിരുന്ന് കാണേണ്ടതുതന്നെ.

തിരക്കഥയുടെ ദൌര്‍ബല്യമാണ് ഈ സിനിമയ്ക്ക് വിനയാകുന്നത്. നല്ല ഒരു എന്‍റര്‍ടെയ്നറിനുള്ള കഥയൊക്കെയുണ്ടെങ്കിലും അത് മനോഹരമായി കണ്‍‌വേ ചെയ്യുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. രണ്ടരമണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഈ സിനിമ അവിടെയുമിവിടെയുമായി അല്‍പ്പം രസമുള്ള മുഹൂര്‍ത്തങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ സമ്പൂര്‍ണമായ ഒരു സിനിമ എന്ന നിലയില്‍ എബിസിഡി ശരാശരി നിലവാരത്തിലേക്ക് എത്തുന്നില്ല.

അടുത്ത പേജില്‍ - ഈ ചിത്രം ദുല്‍ക്കറിന് നേട്ടമോ?

PRO
ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. അദ്ദേഹം ജോണ്‍സ് എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ നല്ല തിരക്കഥയുടെ പിന്‍‌ബലമില്ലാതെ, ഒരു വെറും ഷോ മാത്രമായി ഒതുങ്ങി അത്. കോരയായെത്തിയ ജേക്കബ് ഗ്രിഗറിയും നല്ല പ്രകടനം കാഴ്ചവച്ചു. നായിക അപര്‍ണ ഗോപിനാഥിന് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും കിട്ടിയ കഥാപാത്രം മോശമാക്കിയില്ല.

വളരെ കളര്‍ഫുളായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരെ ഇം‌പ്രസ് ചെയ്യാന്‍ എബിസിഡിക്ക് കഴിയുന്നില്ല. ബെസ്റ്റ് ആക്ടര്‍ പോലെ ഒരു നല്ല എന്‍റര്‍ടെയ്നര്‍ പ്രതീക്ഷിച്ച് എബിസിഡി കാണാനെത്തുന്നവരെ നിരാശരാക്കുകയാണ് സിനിമ.

വെബ്ദുനിയ വായിക്കുക