എന്നും എപ്പോഴും - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

ശനി, 28 മാര്‍ച്ച് 2015 (17:22 IST)
ഒരു സിനിമ കാണണമെന്ന് തീരുമാനിക്കുന്നതിന് പല കാരണങ്ങളുണ്ട്. സംവിധായകന്‍, നായകന്‍, നായിക, തിരക്കഥ അങ്ങനെ പലതും. എന്നാല്‍ ‘എന്നും എപ്പോഴും’ എന്ന ചിത്രം കാണണമെന്ന് ആഗ്രഹിച്ചതിന്‍റെ ഒന്നാമത്തെ കാര്യം മഞ്ജു വാര്യരുടെ സാന്നിധ്യമാണ്. രോഗാവസ്ഥയില്‍ ഏറെ ബുദ്ധിമുട്ടി കഴിയുമ്പോള്‍ പലപ്പോഴും മഞ്ജുവിന്‍റെ ‘ഹൌ ഓള്‍ഡ് ആര്‍ യു’ ആണ് എനിക്ക് ആശ്വാസമായിട്ടുള്ളത്. ആ മുഖം കാണുമ്പോള്‍ തന്നെ ഒരു ധൈര്യമൊക്കെ വരും. നമ്മളിലെ കുസൃതിക്കാരി ഒന്നുണരും.
 
‘എന്നും എപ്പോഴും’ പൂര്‍ണമായും ഒരു സത്യന്‍ അന്തിക്കാട് സിനിമയാണ്. അങ്ങനെ പറഞ്ഞാല്‍ തന്നെ അതില്‍ എല്ലാമുണ്ടല്ലോ. കുടുംബസമേതം കാണാന്‍ നല്ല സിനിമ. വലിയ ട്വിസ്റ്റുകളൊന്നുമില്ല. സങ്കടപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളില്ല. മനസുതുറന്ന് സന്തോഷിക്കാന്‍ ഒരു സിനിമ. എന്നാല്‍ എന്തെങ്കിലും പുതുമയുണ്ടോ എന്നുചോദിക്കരുത്. പുതിയ കാര്യങ്ങളൊന്നും സംവിധായകന്‍ പറയുന്നില്ല. പഴയ കാര്യങ്ങള്‍ തന്നെയെങ്കിലും ഒരു ചെറുചിരിയോടെ ഈ സിനിമ കണ്ടുതീര്‍ക്കാം.
 
അടുത്ത പേജില്‍: ലാല്‍ - മഞ്ജു മാജിക് !

മനസ് കലുഷിതമാക്കുന്ന സംഘര്‍ഷഭരിതമായ സിനിമകളുടെ കാലത്ത് തെളിനീരുറവ പോലെ ഒരു സിനിമ - അതാണ് ‘എന്നും എപ്പോഴും’. സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളോട് എനിക്കുള്ള പ്രിയവും അതുതന്നെ. മനസ് വല്ലാതെ റിലാക്സ്ഡാവും. കൂട്ടത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ചേരുമ്പോഴോ? ലോട്ടറി തന്നെ. ചിത്രം എഴുതിയിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. സത്യന് മനസ്സിനക്കരെയും അച്ചുവിന്‍റെ അമ്മയും കൊടുത്തത് രഞ്ജനാണ്. നല്ല നാടന്‍ സിനിമകളെഴുതാന്‍ ഇന്ന് രഞ്ജനോളം പ്രതിഭ മറ്റാര്‍ക്കുമില്ല. ഈ സിനിമയിലും അത് തളിയുന്നു.
 
ഒറ്റവരിയില്‍ ഒതുക്കാവുന്ന ഒരു കഥയാണ് ‘എന്നും എപ്പോഴും’. അതിനെ രസകരമായ ഒരു സിനിമയാക്കി വളര്‍ത്താന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടും ബോറടിക്കാത്ത രീതിയില്‍ ഈ സിനിമയൊരുക്കാന്‍ സത്യന് ഏറ്റവും വലിയ പിന്തുണ ലാലിന്‍റെയും മഞ്ജുവിന്‍റെയും ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സിനിമ ലാല്‍ - മഞ്ജു കൂട്ടുകെട്ടിന്‍റെ മാസ്മരിക പ്രകടനത്തിന്‍റെ തോളത്തേറിയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ മോഹന്‍ലാലിന്‍റെയും മഞ്ജുവിന്‍റെയും ആരാധകര്‍ക്ക് ആവേശഭരിതമായ കാഴ്ച തന്നെയാണ് എന്നും എപ്പോഴും സമ്മാനിക്കുന്നത്.
 
അടുത്ത പേജില്‍ - വിനീതന്‍ പിള്ളയുടെ പോരാട്ടങ്ങള്‍ !

മോഹന്‍ലാലിന്‍റെ അനായാസമായ പ്രകടനം ഈ സിനിമയില്‍ കാണാം. വനിതാരത്നം മാസികയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വിനീത് എന്‍ പിള്ള എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു. അഡ്വ.ദീപ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ദീപയുടെ ഒരു അഭിമുഖത്തിനായി വിനീത് എന്‍ പിള്ള(വിനീതന്‍ പിള്ളയെന്ന വിളി പലപ്പോഴും വിനീതിനെ ചൊടിപ്പിക്കുന്നുണ്ട്) നടത്തുന്ന ശ്രമങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. മോഹന്‍ലാലും മഞ്ജുവും അവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയപ്പോള്‍ ഇന്നസെന്‍റ്, രണ്‍‌ജി പണിക്കര്‍, റീനു മാത്യൂസ് എന്നിവരും മികച്ചുനിന്നു.
 
ഒരു സറ്റയര്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം എന്ന് തിരിച്ചറിയുന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ. എന്നാല്‍ അതൊരു പോരായ്മയായൊന്നും കരുതേണ്ടതില്ലെന്നാണ് എന്‍റെ അഭിപ്രായം. പ്രേക്ഷകരെ രസിപ്പിക്കാം, ഒപ്പം പറയാനുള്ള നന്‍‌മകളൊക്കെ പറയുകയും ചെയ്യാമെന്ന പതിവ് നിലപാടില്‍ സത്യന്‍ അന്തിക്കാട് ഉറച്ചുനില്‍ക്കുന്നതിന്‍റെ പ്രതിഫലനമാണത്. 
 
അടുത്ത പേജില്‍ - മനസിന് കുളിര്‍മ നല്‍കുന്ന സിനിമ

വിദ്യാസാഗറിന്‍റേതാണ് ഗാനങ്ങള്‍. പുലരിപ്പൂപ്പെണ്ണേ... എന്ന ഗാനരംഗം കണ്ടിരിക്കാന്‍ നല്ല രസമുണ്ട്. എന്നാല്‍ സിനിമ കഴിഞ്ഞാല്‍ കൂടെപ്പോരുന്നത് മലര്‍വാകക്കൊമ്പത്ത് എന്ന ഗാനം തന്നെയാണ്. നീല്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയ്ക്ക് നല്ല ഫ്രഷ്നസ് സമ്മാനിക്കാന്‍ നീലിന്‍റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
 
എന്തായാലും ഏറെക്കാലത്തിന് ശേഷമാണ് മനസിന് കുളിര്‍മ നല്‍കുന്നൊരു ചിത്രം കാണാന്‍ സാധിച്ചത്. ആ സന്തോഷം തന്നതിന് സത്യനും ലാലിനും മഞ്ജുവിനും നന്ദിപറയുന്നു.

വെബ്ദുനിയ വായിക്കുക