2013 ഡിസംബര്‍ 20നാണ് 'ദൃശ്യം' എന്ന മലയാളചിത്രം റിലീസ് ചെയ്തത്. എട്ടുമാസങ്ങള്‍ക്കിപ്പുറവും ഓരോ ദിവസവും ഈ സിനിമ വിവിധ കാരണങ്ങള്‍ കൊണ്ട് ചര്‍ച്ചാവിഷയമാകുന്നു. ഏറ്റവും ഒടുവില്‍ ബ്ലാക്ക് മെയിലിംഗ് കേസുമായി ബന്ധപ്പെട്ടാണ് ദൃശ്യം മാധ്യമങ്ങളില്‍ നിറയുന്നത്.
കേസിലെ പ്രതികളായ രുക്സാനയും ബിന്ധ്യാസ് തോമസും തെളിവുകള്‍ നശിപ്പിക്കാനും പൊലീസിനെ വഴിതെറ്റിക്കാനും സ്വീകരിച്ചത് ദൃശ്യത്തില്‍ മോഹന്‍ലാല്‍ നടത്തിയ തന്ത്രങ്ങളായിരുന്നു എന്നാണ് വിശദീകരണം. കുറ്റകൃത്യം ഒളിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് പ്രതികള്‍ക്ക് ദൃശ്യമാണത്രേ പ്രചോദനമായത്.
പൊലീസിനെ കബളിപ്പിക്കാനായി ദൃശ്യത്തില്‍ മോഹന്‍ലാല്‍ മൊബൈല്‍ ഫോണ്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഉപേക്ഷിക്കുന്നു. രുക്സാനയും ബിന്ധ്യാസും ഇതേ രീതി തന്നെ സ്വീകരിച്ചു. രണ്ടുതവണ ഇത്തരത്തില്‍ പൊലീസിനെ വഴിതെറ്റിക്കാന്‍ ഇവര്‍ക്കായി. ഇവരുടെ ഫോണ്‍ ട്രാക്ക് ചെയ്ത് പൊലീസ് തിരുവനന്തപുരത്തെത്തെ കെ എസ് ആര്‍ ടി സി ബസ് പരിശോധിച്ചപ്പോള്‍ കിട്ടിയത് ഉപേക്ഷിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ മാത്രം!
ദൃശ്യത്തിനെതിരെ പ്രചാരവേല നടത്തുന്നവര്‍ക്ക് ഈ കേസ് കൂടിയെത്തിയതോടെ ആവേശമായി എന്നാണ് തോന്നുന്നത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്. ദൃശ്യം എന്ന സിനിമ നിര്‍മ്മിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഈ ബ്ലാക്ക് മെയിലിംഗ് കേസ് ഉണ്ടാകില്ലായിരുന്നോ എന്നതാണ് അന്വേഷിക്കേണ്ടത്. ഇത് മാത്രമല്ല, ദൃശ്യത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നുപറയുന്ന ക്രൈം കേസുകള്‍ എല്ലാം തന്നെ നടക്കുക തന്നെ ചെയ്യുമായിരുന്നു, അന്ന് പ്രചോദനമായി പറയാന്‍ മറ്റെന്തെങ്കിലും ഉണ്ടാകുമെന്ന് മാത്രം.
കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുന്നതിന് സിനിമയെയോ സാഹിത്യത്തെയോ കുറ്റം പറയുകയും ക്രൂശിക്കുകയുമല്ല വേണ്ടത്. നടക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയാണ്. ദൃശ്യം പറഞ്ഞത് ഒരു കഥയാണ്. ഒരു മുന്നറിയിപ്പുമാണ്. ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നൊരു താക്കീത്. അതിനെ പോസിറ്റീവായി എടുക്കാതെ ഏത് കുറ്റകൃത്യം നടക്കുമ്പോഴും അതിന് ദൃശ്യം കാരണമാകുന്നു എന്ന ആരോപണത്തിന് പിന്നില്‍ മറ്റ് പല കാരണങ്ങള്‍ ഉണ്ടാകാം.