അവതാരം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വെള്ളി, 1 ഓഗസ്റ്റ് 2014 (17:19 IST)
'പാണ്ഡ്യനാട്' എന്നൊരു തമിഴ് ചിത്രമുണ്ട്. വിശാല്‍ നായകനായ സിനിമയാണ്. ജോഷി സംവിധാനം ചെയ്ത പുതിയ സിനിമ 'അവതാരം' കണ്ടുകൊണ്ടിരുന്നപ്പോള്‍ കഥ ആ ലൈനിലാണോ പോകുന്നതെന്ന് ഒരുനിമിഷം സംശയിച്ചു. പിന്നീട് ആശ്വാസമായി. അങ്ങോട്ടൊന്നും ഈ കഥ എത്തിനോക്കുന്നില്ല. ഈ കഥ ഒരു പ്രത്യേകതരം കഥയാണ്. വെറുതെ തമിഴിന്‍റെയൊക്കെ പിറകേ പോയി സമയം കളയേണ്ടതില്ല.

ജോഷിയുടെ ലോക്പാല്‍ എന്ന സിനിമ കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മോശം ചിത്രം അതാണെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. അങ്ങനെ ആ സിനിമയെക്കുറിച്ച് പറഞ്ഞവര്‍ക്ക് അത് മാറ്റിപ്പറയേണ്ടിവരും. അവതാരം അങ്ങനെ ഒരവതാരമാണ്.

ജോഷിയുടെ മേക്കിംഗ് സ്റ്റൈലിന്‍റെ, കഥ പറച്ചില്‍ രീതിയുടെ ആരാധികയായ എനിക്ക് അവതാരം സമ്മാനിച്ചത് നിരാശ മാത്രമാണ്. ജോഷി ടച്ച് എവിടെയുമില്ലാത്ത ഒരു സിനിമ. തട്ടിക്കൂട്ട് കഥയും ആഖ്യാനവും കുറേ വയലന്‍‌സും. ദിലീപ് സിനിമകള്‍ ആസ്വദിക്കുന്ന മലയാളികള്‍ക്ക് സത്യത്തില്‍ അവതാരം ഒരു പീഡനമാണ്.

അടുത്ത പേജില്‍ - ചരിത്രം സൃഷ്ടിക്കുന്ന സാധാരണക്കാരന്‍!
വലിയ തിരക്കൊന്നുമില്ലായിരുന്നു തിയേറ്ററില്‍. 'അവതാരം' എന്ന പേരിനൊരു പഞ്ചില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, ദിലീപ് ആരാധകരുടെയും വലിയ തള്ളിക്കയറ്റം കണ്ടില്ല. സിനിമ തുടങ്ങിയത് ഒരു തണുപ്പന്‍ മട്ടിലാണ്. ആ തണുപ്പില്‍ നിന്ന് ത്രില്ലടിപ്പിക്കുന്ന ഏതെങ്കിലും ഒരു മുഹൂര്‍ത്തത്തിലേക്ക് പ്രേക്ഷകരെ നയിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. വ്യാസന്‍ എടവനക്കാട് രചിച്ച തിരക്കഥ പരമാവധി ശരിപ്പെടുത്തിയെടുക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്ന സംവിധായകനെയാണ് സിനിമയിലുടനീളം കാണാനായത്.

മാധവന്‍ മഹാദേവന്‍ എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. പേര് ഉഗ്രനാണെങ്കിലും ആളൊരു സാധാരണക്കാരനാണ്. ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നത് സാധാരണക്കാരാണെന്നാണല്ലോ ചിത്രത്തിന്‍റെ പരസ്യവാചകം. എന്തായാലും മാധവന്‍ മഹാദേവന്‍ ചരിത്രം സൃഷ്ടിക്കുന്നത് കണ്ട് ചിരി കടിച്ചുപിടിച്ച് ഇരിക്കേണ്ടിവന്നു പലപ്പോഴും.

ശത്രുക്കളെ കുടുക്കാന്‍ മൊബൈല്‍ ഫോണ്‍ വച്ചൊരു കളിയാണേ മാധവന്‍റേത്. വിഡ്ഢികളായ എല്ലാ വില്ലന്‍‌മാരും ആ കളികള്‍ക്ക് തലവച്ചുകൊടുത്ത് ജീവന്‍ കളയുന്നു. പൊലീസിനോ തലകൊയ്യാന്‍ നടക്കുന്ന അധോലോകക്കാര്‍ക്കോ ഒരു ചുക്കും ചെയ്യാന്‍ സാധിക്കുന്നില്ല. അതാണ് വെറും വെറും സാധാരണക്കാരനായ നായകന്‍റെ ഒരു മിടുക്ക്.

അടുത്ത പേജില്‍ - കൊലപാതകികള്‍ ആര്?
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന സഹോദരന്‍റെ (ഗണേഷ്) മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യ(ശ്രീജയ)യെയും കുഞ്ഞിനെയും കൊണ്ട് ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്കെത്തുകയാണ് മാധവന്‍ മഹാദേവന്‍. സഹോദരന്‍റെ ഇന്‍ഷുറന്‍സ് തുക ശരിയാക്കാനുള്ള ശ്രമത്തിലാണ് മാധവന്‍. അതിനുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ യാദൃശ്ചികമായി മാധവനും നമ്മള്‍ പ്രേക്ഷകരും മനസിലാക്കുന്നു, സഹോദരന്‍റെ മരണം ഒരു കൊലപാതകമാണെന്ന്!

അതാരാണെന്ന് കണ്ടുപിടിക്കാനും അവരെ നശിപ്പിക്കാനും മാധവന്‍ ഇറങ്ങിത്തിരിക്കുകയാണ്. പിന്നീടുണ്ടാകുന്ന കാര്യങ്ങള്‍ കണ്ടുതന്നെ അറിയണം. അതിനിടയില്‍ ഇന്‍ഷുറന്‍സ് ഓഫീസിലെ ഉദ്യോഗസ്ഥയായ മണിമേഖല(ലക്ഷ്മി മേനോന്‍)യുമായി മാധവന്‍ പ്രണയത്തിലാകുന്നു. ആ പ്രണയത്തിലേക്ക് എത്തിപ്പെടുന്ന വഴിയൊന്നും പറയാന്‍ മിനക്കെടുന്നില്ല. നായികയെ അനാഥയാക്കി അങ്ങനെയൊരു സെന്‍റിമെന്‍റ്സ് കിട്ടുമോയെന്നും തിരക്കഥാകൃത്ത് ശ്രമിക്കുന്നുണ്ട്.

മാധവന്‍ ഇന്‍ഷുറന്‍സ് ഓഫീസില്‍ വരുമ്പോഴുള്ള ചില നര്‍മ്മ രംഗങ്ങളൊഴിച്ചാല്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഏരിയയും ഈ ചിത്രത്തിലില്ല. രണ്ടുപാട്ടുകളുണ്ട് അവതാരത്തില്‍. ദീപക് ദേവ് ഈണമിട്ട ഗാനങ്ങള്‍ ശരാശരി നിലവാരത്തിലേക്ക് ഉയരുന്നില്ല. കൊഞ്ചിക്കൊഞ്ചി എന്ന ആദ്യഗാനത്തിലെ വിഷ്വലുകള്‍ നന്നായിരുന്നു.

അടുത്ത പേജില്‍ - വില്ലന്‍‌മാരുടെ സിനിമ!
പത്രത്തിലെ വിശ്വനാഥന്‍, ലേലത്തിലെ കടയാടികള്‍, ന്യൂഡല്‍ഹിയിലെ ശങ്കറും പണിക്കരും - തുടങ്ങി ഒട്ടേറെ കൊടികെട്ടിയ വില്ലന്‍ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. അവതാരത്തിലുമുണ്ട് വില്ലന്‍‌മാര്‍. വില്ലന്‍മാര്‍ എന്നുപറഞ്ഞാല്‍ പോരാ, എണ്ണമെടുക്കാന്‍ കഴിയാത്തത്ര വില്ലന്‍‌മാര്‍.

കരിമ്പന്‍ ജോണ്‍ എന്ന പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോയ് മാത്യു ആണ്. വെറുതെ വീടിനുള്ളിലിരുന്ന് വെള്ളമടിക്കാനും ആക്രോശിക്കാനും മാത്രമേ രണ്ടാം പകുതിയുടെ അവസാനം വരെ കക്ഷിക്ക് യോഗമുള്ളൂ. ക്ലൈമാക്സില്‍ ഈ വില്ലനെന്ത് സംഭവിക്കുമെന്നത് കണ്ടുതന്നെ അറിയുക.

മിഥുന്‍ രമേശ്, ഷമ്മി തിലകന്‍, കണ്ണന്‍ പട്ടാമ്പി തുടങ്ങി ഒട്ടേറെ വില്ലന്‍‌മാരുണ്ട് ചിത്രത്തില്‍. മിഥുന്‍ രമേശ് അവതരിപ്പിക്കുന്ന ജോബി എന്ന വില്ലന്‍ ശ്രദ്ധേയമാണ്. ഷമ്മി തിലകന് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമേയല്ല ചിത്രത്തില്‍. അവരെയൊക്കെ മാറ്റിനിര്‍ത്തിയാല്‍ ശ്രീരാമകൃഷ്ണ മൂര്‍ത്തി എന്ന കഥാപാത്രമായി ബാബു നമ്പൂതിരിയുണ്ട്. വല്ലാത്തൊരു കഥാപാത്രസൃഷ്ടിതന്നെ അത്! പിന്നെ, കഥാപാത്രം വളരെ സീരിയസാണെങ്കിലും ചെയ്തികളും ഡയലോഗ് ഡെലിവറിയും കൊണ്ട് ചിരിപ്പിച്ചത് ആ എസിപി കഥാപാത്രമാണ്.

അടുത്ത പേജില്‍ - നാന്‍ സിഗപ്പു മനിതന്‍ ആവര്‍ത്തിച്ചു!
റണ്‍‌വേ, ലയണ്‍, ജൂലൈ 4, ട്വന്‍റി20, ക്രിസ്ത്യന്‍ ബ്രദേഴ്സ് - ജോഷിയും ദിലീപും ഒന്നിച്ചപ്പോഴൊക്കെ ശ്രദ്ധേയമായ സിനിമകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിന്‍റെയൊന്നും നിലവാരത്തിലേക്ക് ഉയരുന്നില്ല അവതാരം. തിരക്കഥയിലെ പാളിച്ചയാണ് ഈ സിനിമയ്ക്ക് വിനയായിത്തീരുന്നത്.

സഹോദരന്‍റെ കൊലപാതകികളോട് പ്രതികാരം തീര്‍ക്കാനിറങ്ങുന്നതിനിടയില്‍ നായകന്‍റെ ഭാര്യയ്ക്കും ഒരാപത്ത് സംഭവിപ്പിച്ച് പ്രതികാരത്തിന് ആക്കം കൂട്ടുന്നുണ്ട് സംവിധായകന്‍. അതോടുകൂടി ആദ്യപകുതി കഴിഞ്ഞ് ലക്ഷ്മി മേനോന്‍ ഒന്നും മിണ്ടാതെ ആശുപത്രിക്കിടക്കയിലാണ്. അടുപ്പിച്ചടുപ്പിച്ച് ഇത് രണ്ടാം തവണയാണ് മാനഭംഗത്തിനിരയായി ആശുപത്രിയില്‍ ചലനമറ്റ് കിടക്കേണ്ടിവരുന്ന കഥാപാത്രങ്ങളെ ലക്ഷ്മി മേനോന് അവതരിപ്പിക്കേണ്ടിവരുന്നത്. ഇതിന് മുമ്പ് നാന്‍ സിഗപ്പു മനിതന്‍ എന്ന തമിഴ് ചിത്രത്തിലായിരുന്നു അത്.

എന്തായാലും റംസാന്‍ ആഘോഷത്തിന് ദിലീപിന്‍റെ വകയായി എത്തിയ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത് എന്ന് പറഞ്ഞാല്‍ മതിയല്ലോ. ദിലീപിന്‍റെ നല്ല കോമഡിയോ ആക്ഷന്‍ രംഗങ്ങളോ ഈ സിനിമയിലില്ല. ദിലീപ് ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അതൊക്കെയാണെന്ന് സംവിധായകനും തിരക്കഥാകൃത്തും മനസിലാക്കാതെ പോയതാണ് അവതാരത്തെ ശരാശരിയിലും താഴെ നില്‍ക്കുന്ന ഒരു ചിത്രമാക്കി മാറ്റുന്നത്.

വെബ്ദുനിയ വായിക്കുക