അതേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, നാല് പതിറ്റാണ്ടായി മലയാളിയുടെ അനുഭവ പ്രപഞ്ചത്തെ പലതരം വൈകാരികതകളിലൂടെ നടത്തിയ മോഹന്‍ലാലില്‍ നിന്നാണ് ഈ പ്രഖ്യാപനം. ചലച്ചിത്രലോകത്തെ അമ്പരപ്പിക്കുന്ന ഈ പ്രഖ്യാപനം ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ത്രീഡി ആയിരിക്കുമെന്നും അറിയിക്കുന്നു.
ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ബറോസ് എന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സ്വന്തം വെബ്‌സൈറ്റിലെ പ്രതിമാസ ബ്ലോഗിലാണ് ആരാധകരെയും ആസ്വാദകരെയും ചലച്ചിത്രലോകത്തെ ഒരു പോലെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി ലാല്‍ എത്തിയത്. ബറോസ് എന്നതിനെ സ്വപ്‌നത്തിലെ നിധികുംഭത്തില്‍ നിന്നുമൊരാള്‍ എന്ന അടിക്കുറിപ്പും നല്‍കുന്നുണ്ട് മോഹൻലാൽ. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ.