ഗൌതം മേനോനും കാര്‍ത്തിക് നരേനും പിണക്കം മറക്കുന്നു; ഒന്നിപ്പിക്കുന്നത് മണിരത്‌നം !

സുബിന്‍ ജോഷി

ചൊവ്വ, 9 ജൂണ്‍ 2020 (17:20 IST)
‘നരകാസുരന്‍’ എന്ന പ്രൊജക്‍ടുമായി ബന്ധപ്പെട്ട് യുവ സംവിധായകന്‍ കാര്‍ത്തിക് നരേനും ഗൌതം വാസുദേവ് മേനോനും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അത് ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടുമില്ല. എന്തായാലും ഗൌതം മേനോനും കാര്‍ത്തിക് നരേനും ഒരു പ്രൊജക്‍ടിനായി വീണ്ടും ഒന്നിക്കുകയാണ്. ഇരുവരെയും ഒന്നിപ്പിക്കുന്നതോ, സാക്ഷാല്‍ മണിരത്‌നം !
 
അമസോണ്‍ പ്രൈമിനുവേണ്ടി മണിരത്‌നം നിര്‍മ്മിക്കുന്ന ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ വെബ്‌സീരീസിനുവേണ്ടിയാണ് ഗൌതം മേനോനും കാര്‍ത്തിക് നരേനും ഒന്നിക്കുന്നത്. നവരസങ്ങളെ അടിസ്ഥാനമാക്കിയുള്ള വെബ്‌സീരീസിന്‍റെ ഓരോ എപ്പിസോഡും ഓരോ സംവിധായകര്‍ ഒരുക്കുമെന്നാണ് അറിയുന്നത്. ഗൌതം മേനോനും കാര്‍ത്തിക് നരേനും ഓരോ എപ്പിസോഡുകള്‍ സംവിധാനം ചെയ്യും.
 
നിര്‍മ്മാതാവുകൂടിയായ മണിരത്‌നവും ഒരു എപ്പിസോഡ് സംവിധാനം ചെയ്യുന്നുണ്ട്. നടന്‍ അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍ എന്നിവരും ഓരോ എപ്പിസോഡുകള്‍ വീതം ഒരുക്കും. അരവിന്ദ് സ്വാമിയുടെ ആദ്യ സംവിധാന സംരംഭമായിരിക്കും ഇത്. മറ്റ് വമ്പന്‍ സംവിധായകരും ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍