മലയാളികളുടെ വല്ല്യേട്ടൻ, മമ്മൂട്ടിയെന്ന നിരീക്ഷകൻ; ആരേയും അമ്പരപ്പിക്കും ഈ കുറിപ്പ്

വ്യാഴം, 14 ഫെബ്രുവരി 2019 (09:08 IST)
മലയാളത്തിന്റെ അഭിമാനമാണ് മമ്മൂട്ടി. പുതിയതായി കടന്നുവരുന്ന ഓരോ താരങ്ങൾക്കും അദ്ദേഹം ഒരു പുസ്തകമാണ്. നിറയെ അധ്യായങ്ങളുള്ള ഒരു പാഠപുസ്തകം. മമ്മൂട്ടിയെന്ന നിരീക്ഷകനെ സൂഷ്മമായി നിരീക്ഷിച്ച ഒരു സിനിമാ ആസ്വാദകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. മാധ്യമപ്രവർത്തകൻ അരുൺ രവീന്ദ്രൻ എഴുതിയ പോസ്റ്റിൽ മമ്മൂട്ടിയെന്ന നിരീക്ഷകനെ നമുക്ക് അടുത്ത് കാണാം. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
പേരന്‍പ് എന്ന ചിത്രത്തിന്റെ കേരള പ്രീമിയര്‍വേളയില്‍ മമ്മൂട്ടി നടത്തിയ മറുപടിപ്രസംഗത്തിലെ വാക്കുകള്‍ രസകരമായിരുന്നു... മമ്മൂട്ടിയെ തിരിച്ചു തരാന്‍ തമിഴ് സംവിധായകനായ റാം വേണ്ടി വന്നുവെന്നായിരുന്നു മലയാളി സംവിധായകരുടെ വാക്കുകളുടെ കാതല്‍... തന്നെ വാനോളം പുകഴ്ത്തിയ സംവിധായകരുടെ പ്രസംഗങ്ങള്‍ക്കു ശേഷം മമ്മൂട്ടി പറഞ്ഞു, ഞാനിവിടെ വെറുതെ നടക്കുമ്പോഴല്ല റാം എന്നെ വിളിച്ചു കൊണ്ടു പോയി അഭിനയിപ്പിച്ചത്. നിങ്ങള്‍ ഇവിടെ എനിക്കു തന്ന ക്യാരക്റ്ററുകള്‍ അവതരിപ്പിച്ചതു കണ്ടതിനാലാണ്... മമ്മൂട്ടിയുടെ വാക്കുകള്‍ പ്രധാനമാണ്...കാഴ്ചക്കാരെ വികാരാധീനരാക്കുന്ന ഒരു മറുപടിയാണത്.
 
ഇത്തരം പ്രസംഗങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നിലധികം തവണ കേട്ടിട്ടുണ്ട്... അതിലൊന്ന് എഷ്യാനെറ്റ് അവാര്‍ഡില്‍ എംടിയെ ആദരിക്കുമ്പോഴാണ്... പൊതുവെ അഹങ്കാരിയായി കരുതപ്പെടുന്ന മമ്മൂട്ടി വളരെയധികം വിനയാന്വിതനും വികാരവാനുമായാണു പ്രസംഗിച്ചത്. തന്റെ എല്ലാ ഗുരുദക്ഷിണയും കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിലൂടെ എംടിക്കു മുന്നില്‍ അര്‍പ്പിക്കുന്നു(ഇതായിരിക്കില്ല ശരിക്കു പറഞ്ഞ വാക്കുകള്‍.. എങ്കിലും അര്‍ത്ഥം ഇതാണ്).
 
അതേ പോലെ മഹാരാജാസ് കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണെന്നു തോന്നുന്നു, അല്ലെങ്കില്‍ ഡോ.ലീലാവതി ടീച്ചറുടെ നവതിയാഘോഷത്തിലോ, ടീച്ചര്‍ തന്റെ ഉച്ചാരണത്തെ ശരിയാക്കിയതിനെ കുറിച്ച് സോദാഹരണം അദ്ദേഹം സംസാരിക്കുകയുണ്ടായി... 'വൈസ്രവണന്‍' എന്നു പറഞ്ഞപ്പോള്‍ 'വൈശ്രവണ'നാണെന്നും അതിലെ 'ശ'യ്ക്ക് സ്‌ട്രെസ്സ് കൊടുക്കേണ്ടതിനെപ്പറ്റി ടീച്ചര്‍ വ്യക്തമാക്കിയതിനെപ്പറ്റി അദ്ദേഹം ഓര്‍ത്തു പറഞ്ഞു... ഇന്നു മലയാളം ഏറ്റവും നന്നായി ഉച്ചരിക്കണമെന്ന് ശഠിക്കുന്ന നടന്മാരില്‍ ഒന്നാമന്‍ മമ്മൂട്ടിയാണ് എന്നു തോന്നുന്നു. സദസിന്റെ വികാരമറിഞ്ഞ് സ്വാഭാവികമായി പ്രതികരിക്കാനുള്ള മമ്മൂട്ടിയുടെ നിരീക്ഷണപാടവം അനന്യമാണെന്നാണു പറഞ്ഞു വന്നത്.
 
അദ്ദേഹത്തിന്റെ നടനവൈഭവം കാണാന്‍ പേരന്‍പ് കാണണമെന്ന് നിര്‍ബന്ധമില്ല... പേരന്‍പിനെ തനിയാവര്‍ത്തനവും ഭൂതക്കണ്ണാടിയുമായി പലരും താരതമ്യപ്പെടുത്തിക്കണ്ടു... ക്യാരക്റ്ററിന്റെ കാര്യത്തില്‍ ശരിയായിരിക്കാം... പക്ഷേ എല്ലാ സിനിമകളിലും മമ്മൂട്ടി ഇതു തന്നെ ചെയ്യുന്നുണ്ട്... മമ്മൂട്ടി എന്ന നടന്റെ ജീവിതത്തിലെ നിരീക്ഷണ പാടവം തന്നെയാണ് പലപ്പോഴും മികച്ച കഥാപാത്രപൂര്‍ണതയ്ക്ക് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവുക.
 
നടന്‍ പൃഥ്വിരാജ് വണ്‍വേടിക്കറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ പറഞ്ഞ ഒരു കാര്യമുണ്ട്, മമ്മൂട്ടി ആരാധകരെ കൈകാര്യം ചെയ്യുന്ന രീതി. കൂളിംഗ് ഗ്ലാസ് ഇട്ട് വെളുക്കെ ചിരിച്ച് അദ്ദേഹം ഇടയ്ക്ക് കൈപൊക്കി കാണിക്കും... സത്യസന്ധമായി പറഞ്ഞാല്‍ ഇതൊരു കണ്‍കെട്ടു വിദ്യയാണ്. കൂടിനില്‍ക്കുന്നവരില്‍ ആരെയും പരിചയമില്ല, എന്നാല്‍ അദ്ദേഹം അവരെ ഗൗനിക്കുന്നുണ്ട് എന്ന് ഓരോരുത്തര്‍ക്കും തോന്നും.. അത് ഉറപ്പിക്കുന്നതാണ് ഇടയ്ക്കിടെയുള്ള ആ കൈപൊക്കി കാണിക്കല്‍, ഇവിടെ അദ്ദേഹം ആരെയും നിരാശപ്പെടുത്തുന്നില്ല... കൂളിംഗ് ഗ്ലാസ് ധരിച്ച് നില്‍ക്കുമ്പോള്‍ അടുത്തുള്ളവരെ പോലും അദ്ദേഹം സ്റ്റഡി ചെയ്യുന്നുണ്ട്. വെറുതേ ഒരു പ്ലെയിന്‍ കണ്ണട ധരിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്നാല്‍പ്പോലും നാം തൊട്ടടുത്തുള്ളവരെ ഇമയനക്കി ശ്രദ്ധിക്കുന്നത് അവര്‍ മനസിലാക്കില്ല, കാരണം അവരെ സംബന്ധിച്ച് നാം നേരേ വിദൂരതയിലേക്കാണു നോക്കുന്നത്.
 
മമ്മൂട്ടി ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളതും കൂളിംഗ് ഗ്ലാസിന്റെ പേരിലായിരിക്കും. അതേ കൂളിംഗ് ഗ്ലാസ് നിര്‍ണായകമായ രാജമാണിക്യം എന്ന സിനിമയില്‍ നടത്തിയ പ്രകടനവും ശ്രദ്ധേയം. അതിലെ ലൗഡായ കോമഡിരംഗങ്ങള്‍ ഒരു പ്രത്യേക രംഗത്തിലേക്കുള്ള കൂട്ടിക്കൊണ്ടുവരലാണ്. ഒരു നടന്റെ കണ്ണാണ് അഭിനയത്തില്‍ നിര്‍ണായകം. ഒന്നോര്‍ത്തു നോക്കൂ... മമ്മൂട്ടിയുടെ ഏതു പ്രകടനമാണ് ഏറ്റവും ക്ലിക്കായിട്ടുള്ളത്, വളരെയധികം സ്‌നേഹാദരവുകള്‍ അനുഭവിച്ച പ്രോട്ടഗണിസ്റ്റ് ഒരു നിര്‍ണായക ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ, എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ടവന്റെ വേദന. ശേഷം ആ മറനീക്കി പുറത്തു വരുമ്പോഴുള്ള വേദനയില്‍ കുതിര്‍ന്ന, ഗദ്ഗദകണ്ഠനായി പറയുന്ന ഡയലോഗുകൾ അദ്ദേഹം അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും കാണാം.
 
മമ്മൂട്ടിയെ മലയാളിയുടെ വല്യേട്ടനായി സങ്കല്‍പ്പിച്ചു കൊണ്ടുള്ള ഒരു സ്റ്റഡി മുമ്പ് ഒരു മാഗസിന്‍ നടത്തിയിരുന്നു. മോഹന്‍ ലാല്‍ ഇല്‍പ്പം കുസൃതിക്കാരനായ മലയാളിയായും. ഇതിന്റെ അടിസ്ഥാനം വിങ്ങുന്ന ഹൃദയത്തോടെയുള്ള പറയാതെ പറയുന്ന മമ്മൂട്ടിയുടെ ഭാവവ്യതിയാനങ്ങളും കണ്ഠമിറിയുള്ള ശബ്ദ മോഡുലേഷനുമൊക്കെയാണ്. രാജമാണിക്യത്തില്‍ ഇതിന്റെ ഒരു വെല്ലുവിളി നിറഞ്ഞ വേരിയേഷന്‍ കാണാം. ശത്രുപക്ഷത്തു കാണുന്ന അനിയനോടും അനിയത്തിയോടും അമ്മയോടും സംസാരിക്കുന്ന സെന്റിമെന്റല്‍ സീന്‍... അതില്‍ ക്ലോസപ്പ് രംഗങ്ങളില്‍ കണ്ണ് ഉപയോഗിക്കാന്‍ പറ്റില്ല... കൂളിംഗ് ഗ്ലാസ് വെച്ചു മറച്ചതിനാല്‍ ഈ വികാരം വിനിമയം ചെയ്യാൻ ഡയലോഗ് ഡെലിവെറിക്കൊപ്പം മമ്മൂട്ടി കവിളെല്ലിന്റെ ചലനങ്ങളാണ് ഉപയോഗിക്കുന്നത്. പതിവില്ലാത്ത ലൗഡ് കോമഡിയുടെ ഉപയോഗവും മമ്മൂട്ടിയുടെ പ്രകടനത്തിലെ യുഎസ്പിയായ ഈ പ്രകടനം പ്രേക്ഷകരില്‍ തറപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നോ എന്നു തോന്നും.
 
മമ്മൂട്ടിയുടെ അഭിനയത്തിന്റെ അടക്കി പിടിച്ച ഊഷ്മളതയെക്കുറിച്ച് വിദേശ മാധ്യമപ്രവര്‍ത്തകന്‍ ഡെറിക് മാല്‍ക്കം പറഞ്ഞത് ഇതിനെയാണ്... ഈയിടെ പേരന്‍പിന്റെ റിവ്യൂവില്‍ ആരോ അത് എടുത്തു പറഞ്ഞു കണ്ടു. മമ്മൂട്ടി എന്ന താരത്തിന്റെ വിപണി സാധ്യത കണ്ടിട്ടാണെങ്കില്‍പ്പോലും കാമ്പും പ്രമേയഭദ്രതയും വേറിട്ടൊരു തത്വചിന്തയും അനുഭവിപ്പിച്ച ചിത്രമാണ് മുന്നറിയിപ്പ്. സൂക്ഷ്മാഭിനയം എത്രത്തോളം പ്രമേയത്തിന്റെ സത്യസന്ധതയ്ക്ക് മുതല്‍ കൂട്ടാമെന്നതിന്റെ സാക്ഷ്യമാണ് എനിക്ക് ആ ചിത്രം. മമ്മൂട്ടി വളരെ ഗംഭീരമായി പ്രകടനം നടത്തിയതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതേ പോലെ മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോ പ്രകടനം അത്ഭുതപ്പെടുത്തിയ മറ്റൊരു ചിത്രം രഞ്ജിത്തിന്റെ കേരള കഫെയിലെ ലാല്‍ ജോസ് സംവിധാനം ചെയ്ത പുറംകാഴ്ചകളിലെ കഥാപാത്രമാണ്. ആദ്യകാഴ്ചയില്‍ മറ്റുള്ളവരെ വെറുപ്പിക്കുന്ന കഥാപാത്രത്തിന്റെ മുഖഭാവത്തില്‍പോലും ഊറിയിരിക്കുന്ന ആശങ്ക, വേദന, എല്ലാം മുഴുവന്‍ വ്യക്തമാക്കാതെ പ്രതിഫലിപ്പിക്കുകയും കഥയുടെ ക്ലൈമാക്‌സില്‍ നമ്മെ അയാളുടെ കൂടെ കൂട്ടുകയും ചെയ്യുന്ന വൈഭവം.
 
മമ്മൂട്ടിയുടെ നിരീക്ഷണത്തിന്റെ വേരൊരു തലം നോക്കാം. വിധേയനില്‍ കന്നട കലര്‍ന്ന കാസര്‍ഗോഡന്‍ മലയാളം സംസാരിക്കുന്ന ഭാസ്‌കരപട്ടേലരുടെ സ്ലാംഗ് കോമിക് രീതിയില്‍ അനുകരിച്ചിരിക്കുകയാണ് ചട്ടമ്പിനാട് എന്ന ഷാഫി ചിത്രത്തില്‍... അത് മമ്മൂട്ടിക്ക് പുതിയതല്ല... എങ്കിലും ഹോട്ടലില്‍ റെഡിയായിരിക്കുമ്പോഴും മറ്റും ചുമ്മാ കന്നട സീരിയലുകള്‍ ഒക്കെ കാണും... ചോദിക്കുമ്പോള്‍ ഇതില്‍ നിന്നൊക്കെ വല്ലതും കിട്ടുമെടാ എന്ന് പറയും...(ഒരു സിനിമ പത്രപ്രവര്‍ത്തക സുഹൃത്തിന്റെ റെഫറന്‍സ്). വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍പണത്തില്‍ ഇതേ ഭാഷ ഉപയോഗിച്ചപ്പോള്‍ ഈ രണ്ടു ക്യാരക്റ്റിന്റെയും അടരുകള്‍ അദ്ദേഹം ഇതിലേക്കു സന്നിവേശിപ്പിച്ചു. എന്നാല്‍ പ്രാദേശികമായ ഭാഷാ പ്രയോഗത്തിനപ്പുറം പ്രകടനം കൊണ്ട് മൂന്നു വ്യത്യസ്ത ആളുകളെന്നു തോന്നിപ്പിക്കാനുമായി.
 
ഒരിടയ്ക്ക് സ്ലാങ്ങുകളുടെ ഐവേറുകളിയായിരുന്നു മമ്മൂട്ടി സിനിമകള്‍... അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മമ്മൂട്ടി പോഞ്ഞിക്കര ഭാഷ സംസാരിക്കുന്ന തൊമ്മനും മക്കളുമാണ്. തേവരെ 'തേവാര്' എന്നു വിളിക്കുന്നതില്‍ പടിഞ്ഞാറന്‍ കൊച്ചിദ്വീപു ഭാഷയുടെ സൂക്ഷ്മതകള്‍ കാണാം. മായാവി എന്ന ചിത്രത്തിലും ഇത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോടന്‍ ഭാഷ അവതരിപ്പിച്ച ബസ് കണ്ടക്റ്ററില്‍ സിറ്റി ബസിലെ ജീവനക്കാരുടെ സ്ലാങ്ങും അവരുടെ ചില സാധാരണ ചലനങ്ങളും പഠിച്ചെടുത്ത് അവതരിപ്പിച്ചിരിക്കുന്നു.
 
തൃശൂര്‍ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ ഇന്നസെന്റ് പറയാറുള്ള ഇരിങ്ങാലക്കുട ഭാഷയാണ് മറ്റു ജില്ലകാരുടെ മനസിൽ പെട്ടെന്നു വരിക. നീട്ടിയും കുറുക്കിയും നാടകീയമായി തന്നെ ഇന്നസെന്റ് അത് അവതരിപ്പിക്കാറുണ്ട്. എന്നാല്‍ തൃശൂര്‍ ടൗണിലെയും മറ്റും ഭാഷയില്‍ വ്യത്യാസമുണ്ട്... അത് പ്രാഞ്ചിയേട്ടനില്‍ കറക്റ്റാണ്... ആ, പോയേട വിളിയൊക്കെ.. സൂക്ഷ്മാഭിനയത്തില്‍ തൃശൂര്‍കാരന്റെ ശുദ്ധഗതിയും കൗശലവും മമ്മൂട്ടി തന്മയത്വത്തോടെ വിളക്കിച്ചേര്‍ത്തിരിക്കുന്നു. തൃശൂര്‍ ഭാഷ തന്നെയാണ് സിവി ശ്രീരാമന്റ പൊന്തന്‍മാടയിലും വിധേയഭാവത്തോടെ അവതരിപ്പിച്ചത്. ചില വീട്ടു പണികളും കുക്കിംഗും ഒക്കെ മമ്മൂട്ടിക്കു കൃതഹസ്തമാണെന്നു തോന്നിപ്പിക്കുന്ന പ്രകടനം ഉണ്ടായിട്ടുണ്ട്. രാപ്പകലിലെ ചക്ക വെട്ടുന്ന സീന്‍, തുറുപ്പു ഗുലാനിലെ സംസാരിച്ചു കൊണ്ട് തട്ടു കടയില്‍ ഉപ്പും കുരുമുളകുപൊടിയുമൊക്കെ വിതറുന്ന സീന്‍ ഒക്കെ ഇത്തരത്തില്‍ ചിന്തിപ്പിച്ചിട്ടുണ്ട്. അതേ പോലെ കറുത്ത പക്ഷികളിലെ തമിഴന്‍ തേപ്പുകാരന്‍..അത്രയ്ക്ക് ഡൗണ്‍ ടു എര്‍ത്തായ ഒരു ക്യാരക്റ്ററല്ല മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രതിച്ഛായ എന്നു വരുമ്പോഴാണ് ഇത് അത്ഭുതമാകുന്നത് കേട്ടോ...
 
മതിലുകളിലെ ബഷീര്‍ എന്ന കഥാപാത്രത്തെപ്പറ്റി മമ്മൂട്ടി പറയുന്നത്, താന്‍ കണ്ടിട്ടുള്ള ബഷീര്‍ എന്ന കഥാകൃത്തിന്റെ രൂപം ഒരിക്കലും പാത്രസൃഷ്ടിയില്‍ കടന്നുവന്നിട്ടില്ലെന്നാണ്. വായന സന്തതം കൊണ്ടു നടക്കുന്ന മമ്മൂട്ടിക്ക് അതു ബഷീര്‍ ആണെന്ന് അറിയാം. വായനക്കാരന്‍ കണ്ട ബഷീറിന്റെ അപാരമായ സെന്‍സ് ഓഫ് ഹ്യൂമര്‍ മാത്രം പാത്രസൃഷ്ടിയില്‍ കൊണ്ടുവരാന്‍ മമ്മൂട്ടിക്കായി. മമ്മൂട്ടിയുടെ പെട്ടിയില്‍ എവിടെ പോകുമ്പോഴും കാണുന്നത് കുറച്ചു വസ്ത്രങ്ങളും പുസ്തകങ്ങളുമായിരിക്കും... ആ ശീലമുള്ളവരെ എന്നും ബഹുമാനമാണ്. എംടി കഥാപാത്രങ്ങളെയും സക്കറിയയുടെ ഭാസ്‌കര പട്ടേലരെയും മതിലുകളിലെ ബഷീറിനെയും സിവി ശ്രീരാമന്റെ പൊന്തന്‍മാടയെയും പുറം കാഴ്ചയിലെ 'അയാളെ'യും ഉള്‍ക്കൊണ്ടിട്ടുള്ളതില്‍ വായന തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകാം.
 
ഇതിഹാസ സ്വഭാവമുള്ള കഥാപാത്രങ്ങളെ അഭിനയിക്കുമ്പോഴും വായനയും ഭാവനയും ഉപയോഗിക്കാറുണ്ട്. ഒരിക്കലും കാണാത്ത ചന്തുവിനെയും പഴശിരാജയെയും അംബേദ്കറെയും അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം ഇത് പ്രായോഗികമാക്കി. പഴശിരാജയില്‍ കൈതേരി മാക്കത്തെ അവതരിപ്പിക്കുമ്പോള്‍ അവര്‍ ഒരു രാജ്ഞിയാണ് ആ ഒരു പ്രൗഢി ചലനങ്ങള്‍ വേണമെന്ന് മമ്മൂട്ടി പറഞ്ഞുതന്നുവെന്ന് ഓര്‍ക്കുന്നു കനിഹ. ഒട്ടേറെ പേര്‍ അനുകരിക്കുന്ന മമ്മൂട്ടി അനുകരിച്ചിട്ടുള്ളവരുണ്ട്... ജീവിതത്തില്‍ തന്നെ മമ്മൂട്ടി അനുകരിച്ചിട്ടുള്ളത് തന്നില്‍ ഏറെ സ്വാധീനം ചെലുത്തിയ എംടിയെയാകാം. 1990കളില്‍ ഡെല്‍ഹിയില്‍ രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുമ്പോള്‍ എംടിയെപ്പോലെ ഒറ്റമുണ്ടുടുത്തു സിഗരറ്റ് വലിച്ചു നടക്കുന്ന മമ്മൂട്ടിയെ കണ്ട പത്രപ്രവര്‍ത്തരും എഴുത്തുകാരുമുണ്ട്. ലുങ്കിയുടുത്ത് ബീഡി വലിച്ച് പുസ്തകം വായിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പഴയ മാഗസിനുകളില്‍ വന്നിട്ടുണ്ട്. സിനിമാരംഗത്ത് വന്നപ്പോള്‍ ബോധപൂര്‍വ്വം അദ്ദേഹം അനുകരിച്ചത് സുകുമാരനെയായിരിക്കും. അദ്ദേഹം തന്നെ ഇത് പറഞ്ഞിട്ടുണ്ടെന്ന് ജോണ്‍ പോള്‍ വ്യക്തമാക്കിയതാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കിലൊക്കെ ഇത് സുവിദിതമാണ്. അതൊരു തെറ്റല്ല...എന്നാല്‍ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ അദ്ദേഹം സ്വന്തമായ ഒരു ശൈലി കണ്ടെത്തി അതില്‍ ഉറച്ചു നിന്നു. അദ്ദേഹം ശിവാജി ഗണേശനെ അനുകരിച്ചത് കാഴ്ചയില്‍ കാണാനും കഴിഞ്ഞു.
 
പണ്ടെപ്പോഴോ വായിച്ചതാണ് മദ്രാസിലെ സ്വാമീസ് ലോഡ്ജിലെ ഒരു മുറിയില്‍ നടന്‍ സത്യന്‍ ഇരിക്കാറുള്ള കസേരയില്‍ മമ്മൂട്ടി കയറി ഇരുന്നത്രേ... അതുവെച്ച് പത്രക്കാര്‍ പിന്നീടെഴുതി സത്യന്‍ മലയാളസിനിമയില്‍ ഒഴിച്ചിട്ട സിംഹാസനത്തിലേക്കാണ് മമ്മൂട്ടി കയറിയിരുന്നതെന്ന്... ശരിയാണ്, സത്യന്‍ എന്ന അഭിനയസാമ്രാട്ടിന്റെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ യോഗ്യതയുള്ള നടന്‍... ഒപ്പം നിത്യഹരിത നായകന്‍ എന്ന വിളിക്ക് അര്‍ഹതയുള്ള താരം തന്നെയാണ് മമ്മൂട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍