മമ്മൂട്ടി സി‌ബി‌ഐയില്‍ നിന്ന് രാജിവയ്ക്കുന്നു?!

തിങ്കള്‍, 29 ഏപ്രില്‍ 2019 (15:11 IST)
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ - നാല് സി ബി ഐ കഥകള്‍. മമ്മൂട്ടി എന്ന നടന്‍റെ ഗംഭീര അഭിനയപ്രകടനത്തിന് ഉദാഹരണമായ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ തകര്‍പ്പന്‍ കുറ്റാന്വേഷണ സിനിമകള്‍. 
 
സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം ഉടന്‍ വരുന്നു എന്ന് കുറേനാളായി കേള്‍ക്കുന്നുണ്ട്. എന്തായാലും ഈ വര്‍ഷം അവസാനത്തേക്കാണ് അണിയറ പ്രവര്‍ത്തകര്‍ അഞ്ചാം സി ബി ഐയെ പ്ലാന്‍ ചെയ്യുന്നതെന്നാണ് വിവരം. ഇത് സി ബി ഐ സീരീസിലെ അവസാന ചിത്രമായിരിക്കുമെന്നും അറിയുന്നു. കഥയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ സി ബി ഐയില്‍ നിന്ന് സേതുരാമയ്യര്‍ രാജിവയ്ക്കേണ്ട സാഹചര്യമുള്ള ഒരു കഥയാണ് പുതിയ ചിത്രത്തിനായി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 
 
1988ലാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത്. തൊട്ടടുത്ത വര്‍ഷം, 1989ല്‍ രണ്ടാം ഭാഗമായ ജാഗ്രത വന്നു. ജാഗ്രത ഒരു മികച്ച ചിത്രമായിട്ടും അത് വലിയ വിജയമാകാതെ പോയി. സി ബി ഐ ഡയറിക്കുറിപ്പിന് ശേഷം വലിയ ഇടവേളയില്ലാതെ രണ്ടാം ഭാഗം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതേ അബദ്ധം കെ മധു - എസ് എന്‍ സ്വാമി ടീം പിന്നീടും ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ സേതുരാമയ്യര്‍ സി ബി ഐ ചരിത്രവിജയമായി. 2005ല്‍ തന്നെ നാലാം ഭാഗമായ നേരറിയാന്‍ സി ബി ഐ ചെയ്തു. ജാഗ്രതയുടെ അതേ വിധി നേരറിയാന്‍ സി ബി ഐക്കുമുണ്ടായി.
 
1988ല്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു പൊലീസ് സ്റ്റോറിയാണ് എസ് എന്‍ സ്വാമിയും കെ മധുവും ആദ്യം ആലോചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ‘ഒന്ന് മാറ്റിപ്പിടിക്ക്’ എന്ന് കെ മധു ആവശ്യപ്പെട്ടപ്പോള്‍ സ്വാമി ഒരു കഥ എഴുതി. അതില്‍ ഒരു പൊലീസ് കഥാപാത്രമായിരുന്നു നായകന്‍.
 
“മമ്മൂട്ടി ആ സമയത്ത് ആവനാഴി എന്ന തകര്‍പ്പന്‍ ഹിറ്റ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ആ സിനിമയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവുമായി ഞങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകള്‍ താരതമ്യപ്പെടുത്തും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമായി വന്നത്. അതേ കഥ വ്യത്യസ്തമായ ഒരു രീതിയില്‍ അവതരിപ്പിക്കാമെന്ന് കരുതി” - അങ്ങനെയാണ് ‘അലി ഇമ്രാന്‍’ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ജനിക്കുന്നത്.
 
മമ്മൂട്ടിയുടെ അടുത്ത് അലി ഇമ്രാന്‍റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ‘അലി ഇമ്രാന്‍ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതി’ എന്ന് പറയുന്നത്. അങ്ങനെ സേതുരാമയ്യരുണ്ടായി. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടിയുടെ സംഭാവനയായിരുന്നു. മുന്‍ എന്‍ ഐ എ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍