ഈ താടി കലക്കും ! കലിപ്പ് ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍

ശനി, 30 ഏപ്രില്‍ 2016 (12:47 IST)
ഗംഭീര ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു. അതും നല്ല താടി ലുക്കില്‍. ചാര്‍ലിയിലെ ദുല്‍ഖറിന്റെ താടിയേയും പ്രേമത്തിലെ നിവിന്റെ താടിയേയും പൊളിച്ചടുക്കാനാണോ ധ്യാന്റെ വരവ്?. നവാഗതനായ ജഗദ് സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്ന ചിത്രത്തിനു വേണ്ടിയാണ് ധ്യാന്റെ ഈ കിടിലന്‍ മേക്കോവര്‍. കേരളവര്‍മ കോളേജില്‍ ചിത്രീകരിക്കുന്ന ചിത്രം എണ്‍പതുകളിലെ കാമ്പസ് കഥയാണ് പറയുന്നത്.
 
കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജു വര്‍ഗ്ഗീസും ധ്യാന്‍ ശ്രീനിവാസനും ഒന്നിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സക്കറിയ എന്നാണ് ചിത്രത്തില്‍ ധ്യാന്റെ കഥാപാത്രത്തിന്റെ പേര്. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ പ്രയാഗ മാര്‍ട്ടിനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ മറ്റൊന്നില്‍ അവസരം ലഭിക്കുന്നത് ഭാഗ്യമാണെന്ന് താരം പറയുന്നു. ധ്യാനിന്റേയും അജുവിന്റേയും വ്യത്യസ്ത ലുക്കാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

വെബ്ദുനിയ വായിക്കുക