സിസ്റ്റർ ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി; പ്രതീക്ഷകളുടെ ഭാരം പേറി ‘വൈറസ്’ വരുന്നു!

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (13:00 IST)
കിടിലൻ പ്രതിഭകളുടെ മഹാസംഗമമായിരിക്കും ‘വൈറസി’ൽ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘വൈറസ്’ എന്ന് പേരിട്ടു. കേരളം അതിജീവിച്ച ഒരു മഹാരോഗം തന്നെയായിരുന്നു നിപ്പ വൈറസ്. ഈ സംഭവത്തെയാണ് ആഷിഖ് അബു സിനിമയാക്കുന്നത്.
 
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആയിരുന്നു നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പെരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന ലിനി നിപ്പ ബാധയെ തുടര്‍ന്ന് മരിച്ചപ്പോള്‍ കേരളം ശരിക്കും കണ്ണീര്‍ വാര്‍ത്തു. ഭര്‍ത്താവിനായി ലിനി അവസാനം എഴുതിയ കത്ത് ലോകമാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. ഏറെ ഭയന്നെങ്കിലും കേരളം നിപ്പാ വൈറസിനെ അതിജീവിച്ചു.   
 
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി തിരുവോത്ത്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, ദിലീഷ് പോത്തന്‍, സൌബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് അങ്ങനെ നീളുന്നു താരങ്ങളുടെ പട്ടിക.
 
നിപ്പാ വൈറസ് ബാധയില്‍ മലയാളികളെ കണ്ണീരണിയച്ച വാർത്തയിൽ ഒന്നായിരുന്നു സിസ്റ്റർ ലിനിയുടെ മരണം. ഭര്‍ത്താവിനേയും രണ്ട് കുഞ്ഞുങ്ങളേയും ബാക്കി നിര്‍ത്തിയാണ് ലിനി യാത്രയായത്. സ്വാഭാവികമായും സിസ്റ്റര്‍ ലിനി തന്നെ ആയിരിക്കും ഈ സിനിമയിലും ഒരു പ്രധാന കഥാപാത്രം.
 
സിനിമയില്‍ സിസ്റ്റര്‍ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കല്‍ ആയിരിക്കും എന്നാണ് ആഷിക് അബു അറിയിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വേഷം രേവതി ആയിരിക്കും ചെയ്യുക. മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
 
ഒ പി എമ്മിന്‍റെ ബാനറില്‍ ആഷിക് അബു തന്നെയാണ് വൈറസ് നിര്‍മ്മിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
 
സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്ന വൈറസിന്‍റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. ‘മായാനദി’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വൈറസിന് പ്രതീക്ഷകളുടെ ഭാരം ഏറെയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍