‘വിക്രമാദിത്യന്‍’ - ജൂനിയര്‍ മെഗാസ്റ്റാര്‍ ഇനി ലാല്‍ ജോസിനൊപ്പം!

ശനി, 30 മാര്‍ച്ച് 2013 (16:14 IST)
PRO
മമ്മൂട്ടിയും ലാല്‍ ജോസും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. കമലിന്‍റെ സഹായിയായിരിക്കുമ്പൊഴേ ലാല്‍ ജോസ് മമ്മൂട്ടിയുമായി അടുത്തബന്ധം സ്ഥാപിച്ചതാണ്. ലാലുവിന്‍റെ ആദ്യചിത്രമായ മറവത്തൂര്‍ കനവില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ‘പട്ടാളം’ എന്ന ചിത്രമൊരുക്കി. കേരളാ കഫെ സിനിമാപരമ്പരയില്‍ ‘പുറം‌കാഴ്ചകള്‍’ എന്ന ലഘുചിത്രത്തിന് വേണ്ടിയും മമ്മൂട്ടിയും ലാല്‍ ജോസും ഒന്നിച്ചു.

ഇതേ ടീമിന്‍റെ ‘ഇമ്മാനുവല്‍’ വിഷു റിലീസാണ്. മറവത്തൂര്‍ കനവിലെ ചാണ്ടിയെപ്പോലെ തികച്ചും വ്യത്യസ്തമായ ഒരു നസ്രാണിക്കഥാപാത്രമായിരിക്കും ഇമ്മാനുവലും. ഇമ്മാനുവല്‍ വിശേഷം അവിടെ നില്‍ക്കട്ടെ. ലാല്‍ ജോസിന്‍റെ മറ്റൊരു സിനിമയുടെ കാര്യം ഇനി പറയാം. ഈ വര്‍ഷം അവസാനം പ്ലാന്‍ ചെയ്തിരിക്കുന്ന ഒരു പ്രൊജക്ടാണ്. ചിത്രത്തിന് പേര് - വിക്രമാദിത്യന്‍!

ജൂനിയര്‍ മെഗാസ്റ്റാര്‍ ദുല്‍ക്കര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. ലാല്‍ ജോസിന്‍റെ പതിവ് രീതികള്‍ വിട്ട് ഇതൊരു ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന നിര്‍വഹിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ലാല്‍ ജോസും ഇക്ബാലും ഒന്നിക്കുന്ന ചിത്രമാണ് വിക്രമാദിത്യന്‍.

വളരെ ശ്രദ്ധയോടെയാണ് ദുല്‍ക്കര്‍ സല്‍മാന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. പാളിച്ച പറ്റിയത് ‘തീവ്രം’ എന്ന പ്രൊജക്ടിന്‍റെ കാര്യത്തില്‍ മാത്രമാണ്. നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഫഹദ് ഫാസിലും ദുല്‍ക്കറും തമ്മില്‍ ഒരു മത്സരം തന്നെയുണ്ട് എന്നത് സംസാര വിഷയമാണ്.

എന്തായാലും മമ്മൂട്ടിയെ വച്ച് മെഗാഹിറ്റുകള്‍ തീര്‍ക്കുന്ന ലാല്‍ ജോസ് ദുല്‍ക്കറിനും ഒരു ക്ലാസിക് വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക