‘ഓകെ കണ്‍‌മണി’ ഹിന്ദിയില്‍, അവിടെ ദുല്‍ക്കര്‍ അല്ല !

ബുധന്‍, 18 നവം‌ബര്‍ 2015 (16:22 IST)
ഈ വര്‍ഷം ദുല്‍ക്കര്‍ സല്‍മാന്‍ തമിഴകത്ത് പ്രണയമഴ സൃഷ്ടിച്ച സിനിമയായിരുന്നു ‘ഓകെ കണ്‍‌മണി’. ഈ മണിരത്നം ചിത്രം തമിഴില്‍ വമ്പന്‍ ഹിറ്റായപ്പോള്‍ അത് ദുല്‍ക്കറിന് തമിഴകത്ത് ലഭിച്ച ആദ്യ മെഗാഹിറ്റുമായി. നിത്യ മേനോനായിരുന്നു ചിത്രത്തിലെ നായിക. ‘ഓ കാതല്‍ കണ്‍‌മണി’ ഇപ്പോള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ദുല്‍ക്കര്‍ സല്‍മാനോ നിത്യ മേനോനോ ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്നില്ല.
 
‘ആഷികി 2’ എന്ന ചിത്രത്തിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് ഓകെ കണ്‍‌മണി ഹിന്ദിയിലെ ജോഡി. ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്നു.
 
അടുത്ത വര്‍ഷം ആദ്യം മുംബൈയില്‍ ഈ റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കും. മണിരത്നത്തിന്‍റെ ബാനറായ മദ്രാസ് ടാക്കീസ് തന്നെയാണ് ഈ സിനിമ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിരത്നത്തിന്‍റെ ‘അലൈപായുതേ’ എന്ന മെഗാഹിറ്റ് സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതും ഷാദ് അലിയാണ്. ‘സാത്തിയ’ എന്ന ആ സിനിമ ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല.

വെബ്ദുനിയ വായിക്കുക