സെക്സ് വര്‍ക്കറായി സമീര

ചൊവ്വ, 16 ഫെബ്രുവരി 2010 (17:20 IST)
IFM
വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച പെണ്‍‌കുട്ടിയായി സമീര റെഡ്ഡി എത്തുന്നു. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സമീര സെക്സ് വര്‍ക്കറാകുന്നത്. ഈ സിനിമയുടെ ആവശ്യത്തിനായി സെക്സ് വര്‍ക്കര്‍മാരെ നിരീക്ഷിക്കുന്ന തിരക്കിലാണ് ഗോതമ്പിന്‍റെ നിറമുള്ള നായിക.

ഹിന്ദിയില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത വേഷങ്ങള്‍ ചെയ്ത് എങ്ങനെയെങ്കിലും കരിയര്‍ തള്ളി നീക്കിയിരുന്ന സമീരയ്ക്ക് ബ്രേക്കായത് ഗൌതം സംവിധാനം ചെയ്ത ‘വാരണം ആയിരം’ ആണ്. ആ ചിത്രത്തിലെ പ്രണയ നായികയുടെ വേഷം ദക്ഷിണേന്ത്യയില്‍ വന്‍ ജനപ്രീതിയാണ് സമീരയ്ക്ക് നേടിക്കൊടുത്തത്.

വാരണം ആയിരത്തിന് ശേഷം അജിത്തിന്‍റെ നായികയായി അസലിലും സമീര റെഡ്ഡി മിന്നി. മോഹന്‍ലാലിന്‍റെ നായികയായി ‘ഒരുനാള്‍ വരും’ എന്ന സിനിമയും സമീരയെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, ഗൌതം മേനോന്‍റെ പുതിയ ചിത്രത്തിലെ സെക്സ് വര്‍ക്കര്‍ തന്നെയാണ് സമീര പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വെറും തൊണ്ണൂറ്‌ മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ സിനിമ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലര്‍ ആയിരിക്കും. സതീഷ് എന്ന പുതുമുഖമാണ് ചിത്രത്തിലെ നായകന്‍.

മറ്റൊരു വാര്‍ത്തയും സമീരയെ ചുറ്റിപ്പറ്റി കേള്‍ക്കുന്നുണ്ട്. ഗൌതം മേനോന്‍റെ ‘ചെന്നൈയില്‍ ഒരു മഴക്കാലം’ എന്ന സിനിമയില്‍ നിന്ന് ത്രിഷയെ മാറ്റി സമീരയെ നായികയാക്കാന്‍ ആലോചിക്കുന്നുവത്രേ. ഇതോടെ ഗൌതം - സമീര കൂട്ടുകെട്ടിനെ വലയമിട്ട് പാപ്പരാസികളും കറക്കം തുടങ്ങിയിട്ടുണ്ട്. താമസിയാതെ ഗോസിപ്പുകള്‍ ഉയര്‍ന്നുകേട്ടാലും ഞെട്ടേണ്ടതില്ലെന്ന് സാരം.

വെബ്ദുനിയ വായിക്കുക