സൂര്യ, വിജയ്: ആരാണ് വിഡ്ഢി?

ശനി, 9 ജനുവരി 2010 (16:49 IST)
PRO
ബോളിവുഡിന്‍റെ ബോക്സോഫീസ് കഴിഞ്ഞ കുറച്ചുകാലമായി അമീര്‍ഖാന്‍റെ അധീനതയിലാണ്. 200 കോടിയിലധികം കളക്ഷന്‍ നേടിയ ‘ഗജിനി’ക്ക് ശേഷം തന്‍റെ അടുത്ത ചിത്രവും നൂറുകണക്കിന് കോടികളുടെ ബോക്സോഫീസ് കിലുക്കം കേള്‍പ്പിക്കുകയാണ് അമീര്‍. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമ 10 ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും വാരിക്കൂട്ടിയത് 240 കോടി രൂപയാണ്! അധികം വൈകാതെ ഈ ചിത്രത്തിന്‍റെ ഗ്രോസ് 300 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജ്‌കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ഈ കോമഡി എന്‍റര്‍ടെയ്നര്‍ ഇന്ത്യയിലെ മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ ഇതോടെ സജീവമായി. 10 കോടി രൂപ ഈ ചിത്രത്തിന്‍റെ റീമേക്ക് അവകാശത്തിനായി തമിഴിലെ ഒരു പ്രമുഖ ബാനര്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഈ കരാര്‍ ഉറപ്പിക്കപ്പെട്ടാല്‍ മൂന്നു വിഡ്ഢികളുടെ കഥ ഇനി തമിഴും തെലുങ്കുമൊക്കെ സംസാരിക്കും.

തമിഴില്‍ ഈ ചിത്രം നിര്‍മ്മിച്ചാല്‍ ആരൊക്കെയാവും അഭിനയിക്കുക എന്നതു സംബന്ധിച്ച് ഒരു ചര്‍ച്ച ഇപ്പോള്‍ കോളിവുഡില്‍ നടക്കുന്നുണ്ട്. മാധവന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിലും മാധവന്‍ തന്നെ അവതരിപ്പിച്ചേക്കും. അമീര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി സൂര്യയും ഇളയദളപതി വിജയ്‌യും മത്സര രംഗത്തുണ്ടെന്നാണ് അറിയുന്നത്.

കോളജ് വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ ഏറ്റവും പറ്റിയ നടന്‍ സൂര്യയാണെന്നും അടുത്ത കാലത്ത് ഇത്രയും കോമഡി നിറഞ്ഞ ഒരു കഥാപാത്രത്തെ സൂര്യയ്ക്ക് ലഭിച്ചിട്ടില്ലെന്നും തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. “ത്രീ ഇഡിയറ്റ്സ് എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അത് തമിഴില്‍ റീമേക്ക് ചെയ്യണമെങ്കില്‍ ഒരു മികച്ച സംവിധായകന്‍ അതിന് ആവശ്യമാണ്.” - സൂര്യ പറയുന്നു. അടുത്ത കാലത്തൊന്നും ഈ ചിത്രത്തിനായി മാറ്റിവയ്ക്കാന്‍ സൂര്യയ്ക്ക് ഡേറ്റില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത.

വിജയ്ക്കും ഇഡിയറ്റ് വളരെ ഇഷ്ടമായി. തന്‍റെ പതിവു രീതികളില്‍ നിന്നും മാറ്റമുള്ള ഒരു ചിത്രം ഇളയദളപതി ആഗ്രഹിക്കുന്നുമുണ്ട്. സിനിമ റീമേക്ക് ചെയ്യാനായി വിജയ്‌യും ഒരു സംവിധായകനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്തായാലും മൂന്നു വിഡ്ഢികളില്‍ ഒരാളെ അവതരിപ്പിക്കാന്‍ വിജയ്, സൂര്യ ഇവരില്‍ ആര് തെരഞ്ഞെടുക്കപ്പെടുമെന്ന് സിനിമാലോകം ഉറ്റുനോക്കുകയാണ്.

അതേസമയം, ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജയെ നായകനാക്കി ത്രീ ഇഡിയറ്റ്സ് തെലുങ്കില്‍ റീമേക്ക് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക