ദുല്‍ക്കര്‍ സല്‍മാന്‍ സിനിമകള്‍ വാരിവലിച്ചു ചെയ്യുന്ന താരമല്ല. മികച്ച തിരക്കഥയും നല്ല പ്രൊജക്ടുമാണെങ്കില്‍ മാത്രമേ ദുല്‍ക്കറില്‍ നിന്ന് ഒരു ‘യെസ്’ പ്രതീക്ഷിക്കാവൂ. അതുകൊണ്ടുതന്നെ ദുല്‍ക്കറിന്‍റെ ഡേറ്റ് ചോദിച്ചുവരുന്ന പലരും തിരക്കഥ മോശമാണെന്ന കാരണത്താല്‍ മാത്രം നിരാശയോടെ മടങ്ങേണ്ട അവസ്ഥയുണ്ടാകുന്നു.
ദുല്‍ക്കറിന്‍റെ പുതിയ ചിത്രം ‘എ ബി സി ഡി’ (അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി) ജൂണ്‍ 14നാണ് റിലീസ് ചെയ്യുന്നത്. അന്നുതന്നെയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘സിങ്കം 2’ പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലും നൂറോളം കേന്ദ്രങ്ങളില്‍ സിങ്കം 2 റിലീസാകുമെന്നാണ് അറിയുന്നത്. സൂര്യയ്ക്ക് കേരളക്കരയില്‍ നിന്ന് പ്രധാന വെല്ലുവിളിയുയര്‍ത്തുന്ന ചിത്രം ദുല്‍ക്കറിന്‍റെ ‘എ ബി സി ഡി’ ആയിരിക്കും എന്ന് ഉറപ്പാണ്.
മമ്മൂട്ടിക്ക് ‘ബെസ്റ്റ് ആക്ടര്‍’ എന്ന സൂപ്പര്‍ഹിറ്റ് സമ്മാനിച്ച മാര്‍ട്ടിന്‍ പ്രക്കാട്ടാണ് എ ബി സി ഡി സംവിധാനം ചെയ്തിരിക്കുന്നത്. അപര്‍ണ ഗോപിനാഥ്, ജേക്കബ് ഗ്രിഗറി എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ രണ്ട് മലയാളി യുവാക്കള്‍ കേരളത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ‘എ ബി സി ഡി’യുടെ പ്രമേയം.
ജോമോന്‍ ടി ജോണ്‍ ക്യാമറ ചലിപ്പിച്ച ഈ സിനിമയുടെ എഡിറ്റിംഗ് ഡോണ്‍ മാക്സ്. ഗോപി സുന്ദറാണ് സംഗീതം.