പൊലീസ് വേഷങ്ങള്‍ കല്പ്പിച്ചു നല്കിയ ഭാരം ഇറക്കി വയ്ക്കാന്‍ സുരേഷ്ഗോപിക്ക് വീണ്ടും ഒരു അവസരം ലഭിക്കുന്നു. ‘കാവ്യം’ എന്ന സുരേഷ്ഗോപി ചിത്രം ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ ശുദ്ധനായ ഒരു ബ്രാഹ്മണന്റെ വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്.
മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിത സുഖങ്ങള്‍ ത്യജിച്ച ഒരു ബ്രാഹ്മണന്റെ കഥ പറയുന്ന കാവ്യത്തില്‍ നവ്യാ നായരും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജീവിതത്തിന്റെ സുഖ ബിന്ദുക്കള്‍ ആഘോഷിച്ച് തീര്‍ത്ത് അവസാനം സമൂഹത്തിന്റെ അവഗണനയ്ക്ക് പാത്രമായ ഒരു കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
കഴിഞ്ഞകാല ചിത്രങ്ങളില്‍ അതിമാനുഷ പരിവേഷം അഭിനയിച്ച് മടുത്ത സുരേഷ്ഗോപിക്ക് കാവ്യം പുതിയൊരു അവസരമാണ്. കൂടുതല്‍ ചിത്രങ്ങളിലും ശരീരഭാഷമാത്രം പ്രതിഫലിപ്പിക്കാന്‍ വിധിക്കപ്പെട്ട ഈ നടന് തീര്‍ച്ചയായും കാവ്യത്തിലെ വേഷം നല്ലരീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് മലയാള സിനിമാലോകം കരുതുന്നത്.
നവ്യാ നായര്‍ക്ക് മലയാളത്തില്‍ ഇപ്പോള്‍ അവസരങ്ങള്‍ തീരെ ലഭിക്കുന്നില്ല. അലിഭായിയില്‍ ലാലിനൊപ്പവും ചിന്താമണി കൊലക്കേസില്‍ സുരേഷ്ഗോപിക്കൊപ്പവും 2007 ല്‍ അഭിനയിച്ചു. എന്നാല്‍, അത് രണ്ട് വര്‍ഷത്തെ വിട്ടുനില്‍ക്കലിനു ശേഷമായിരുന്നു. ഈ ചിത്രങ്ങളില്‍ കാര്യമായ അഭിനയ സാധ്യതയും ഇല്ലായിരുന്നു.
WD
WD
കാവ്യം നായികാപ്രാധാന്യമുള്ള ചിത്രമായതിനാല്‍ രണ്ട് പ്രാവശ്യം മികച്ച നടിയായ നവ്യയ്ക്ക് വീണ്ടും സ്വന്തം ഭാഷയില്‍ ചുവടുറപ്പിക്കാനായേക്കും. ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാണ് നവ്യാ നായര്‍.
സായ്ബാബ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന കാവ്യം പുതുമുഖങ്ങളായ അനീഷും സന്തോഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മനോജ് കെ ജയന്, വിജയരാഘവന്, ജഗതി ശ്രീകുമാര്‍, അനൂപ് ചന്ദ്രന്, രാമു, സുറാജ് വെഞ്ഞാറമ്മൂട്, മനുരാജ്, ടിജി രവി, കവിയൂര്‍ പൊന്നമ്മ, ഗീതാ വിജയന്, മായാ വിശ്വനാഥ് തുടങ്ങിയവരും അഭിനയിക്കുന്നു.
സന്തോഷ് കൈമളുടേതാണ് കഥ. തിരക്കഥയും സംഭാഷണവും ആലങ്കോട്ട് ലീലാകൃഷ്ണന്. സുധാംശുവിന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന് ഈണം പകര്‍ന്നിരിക്കുന്നു. സജി കടമ്പഴിപുരവും റഷി ചേലക്കരയും ചേര്‍ന്നാണ് കാവ്യം നിര്‍മ്മിക്കുന്നത്.