ശംഭോ മഹാദേവ... ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും!

ബുധന്‍, 2 നവം‌ബര്‍ 2016 (15:16 IST)
ഷാജി കൈലാസ് - മോഹന്‍ലാല്‍ ടീം വീണ്ടും. ഇത്തവണ തിരക്കഥയെഴുതുന്നത് രഞ്ജിത്തോ രണ്‍ജി പണിക്കരോ അല്ല. ബെന്നി പി നായരമ്പലമാണ്. ഷാജിയും ബെന്നിയും ഒന്നിക്കുന്നത് ഇതാദ്യമായാണ്. മോഹന്‍ലാലിനായി ബെന്നി ഒരു തിരക്കഥയെഴുതുന്നതും ഇതാദ്യം.
 
ആറാം തമ്പുരാന്‍, നരസിംഹം മോഡലില്‍ ഒരു തമ്പുരാന്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. എന്നാല്‍ നല്ല നര്‍മ്മമുഹൂര്‍ത്തങ്ങളും ഉണ്ടായിരിക്കും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ഈ സിനിമ നിര്‍മ്മിക്കും. ജനുവരിയിലാണ് ഷൂട്ടിംഗ് തുടങ്ങുന്നത്.
 
2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് മോഹന്‍ലാലും ഷാജി കൈലാസും ഒടുവില്‍ ചെയ്ത സിനിമ. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബ കല്യാണി, അലിഭായ് എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ വിരിഞ്ഞത്. ഇവയില്‍ നരസിംഹവും ആറാം തമ്പുരാനുമാണ് ചരിത്രവിജയം നേടിയ സിനിമകള്‍.
 
കോടികള്‍ കിലുങ്ങുന്ന വിജയമൊരുക്കാന്‍ ഷാജി കൈലാസ് - മോഹന്‍ലാല്‍ ടീം വീണ്ടും വരുമ്പോള്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക