വീണ്ടും ജോസഫ് അലക്‍സ്?

ശനി, 11 ഒക്‌ടോബര്‍ 2014 (17:22 IST)
ദി കിംഗ് എന്ന സിനിമ മറക്കാന്‍ കഴിയുമോ മലയാളികള്‍ക്ക്? ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ആ സിനിമ സൃഷ്ടിച്ച ഇടിമുഴക്കം ഇനിയും മാറിയിട്ടില്ല. പിന്നീട് ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെ ജോസഫ് അലക്സ് എന്ന സൂപ്പര്‍ ഐ എ എസുകാരന്‍ വീണ്ടും തരംഗമായി.
 
"ജോസഫ് അലക്സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല. നമ്മള്‍ എഴുതി വയ്ക്കുന്നതിന്‍റെ ആയിരം മടങ്ങ് ധ്വനിയോടെ ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ ലഭിക്കുക ഏറ്റവും വലിയ ഭാഗ്യമാണ്. ജോസഫ് അലക്സാകാന്‍ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനാകില്ല. അത് അദ്ദേഹം മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ല. ആ കഥാപാത്രത്തെ അവതരിപ്പാനുള്ള മമ്മൂട്ടി എന്ന നടന്‍റെ ചുമലുകളുടെ കരുത്ത് മനസിലായതുകൊണ്ടാണ്" - അടുത്തിടെ ഒരു ടോക് ഷോയില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
 
മൂന്നാം തവണയും ജോസഫ് അലക്സ് അവതരിക്കുമോ? അക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു വലിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന്‍റെ ഒരു തിരക്കഥാകൃത്ത് രണ്‍ജി പണിക്കരാണ്. ഒരു നായകന്‍ മമ്മൂട്ടിയും. സംവിധാനം ഷാജി കൈലാസ്.
 
ഷാജി കൈലാസിന് വേണ്ടി രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരാകുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ജോസഫ് അലക്സ് ആയിരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക