ശ്രീനിവാസന്‍ - മമ്മൂട്ടി കൂട്ടുകെട്ടിന് വന്‍ വിജയം സമ്മാനിച്ച ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ റിമേക്കാണ് രജനീകാന്തിന്റെ റിലീസായ അവസാന സിനിമ. ഒറിജിനല്‍ കഥയെ രജനീകാന്തിന്റെ സൂപ്പര്‍താര പരിവേഷത്തിനായി മായം ചേര്‍ത്ത് പെരുപ്പിച്ച് തീയേറ്ററുകളില്‍ എത്തിച്ച കുചേലന്‍ എട്ട് നിലയിലാണ് പൊട്ടിയത്. കുചേലന് ശേഷം ഇതാ രജനീകാന്തിതാ ഒരു മൊഴിമാറ്റിയ ചിത്രവുമായി എത്തുകയാണ്.
രജനീകാന്തും സഞ്ജയ്‌ദത്തും ഒരുമിച്ച് അഭിനയിച്ച ഖൂന്‍ കാ കാര്‍സ് എന്ന ഹിന്ദി സിനിമയാണ് തെന്നിന്ത്യയിലെങ്ങും ‘അരസന്‍’ എന്ന പേരില്‍ റിലീസ് ചെയ്യാന്‍ തയ്യാറാവുന്നത്. ഡിമ്പിള്‍ കപാഡിയ സംഗീതാ ബിജലാനി, കമലാഹാസന്റെ മുന്‍ഭാര്യയായ സരിക എന്നിവരും അരസനിലുണ്ട്. 1991-ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. അന്തരിച്ച മുകുല്‍ ആനന്ദാണ് സംവിധായകന്‍.
സിനിമയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും മൊഴിമാറ്റിയ പതിപ്പിനായി 5.1 ഡിടിഎസ് സറൌണ്ട് സിസ്റ്റത്തില്‍ പുനഃസൃഷ്ടിച്ച് റീമിക്സ് ചെയ്തിരിക്കുകയാണ്. രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍ എഴുപത് മിനിറ്റാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. സൂപ്പര്‍സ്റ്റാറിന് പ്രാധാന്യം കൊടുക്കുന്നതിനായി ഖൂന്‍ കാ കാര്‍സില്‍ ഉണ്ടായിരുന്ന ചില രംഗങ്ങള്‍ക്കും പാട്ടുകള്‍ക്കും കത്രിക വച്ചിട്ടുണ്ട്.
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രജനിപ്പടം തമിഴിലേക്ക് മൊഴിമാറി വരുന്നത്. രജനീകാന്ത് തന്നെയാണ് സിനിമയ്ക്ക് സ്വരം നല്‍കിയിരിക്കുന്നത്. മൊഴിമാറ്റി തമിഴില്‍ റിലീസ് ചെയ്ത മിക്ക പടങ്ങളും വന്‍ ഹിറ്റാണ് രജനിക്ക് സമ്മാനിച്ചിട്ടുള്ളത്.
ഹിന്ദിയില്‍ റിലീസ് ചെയ്തപ്പോള്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ പെട്ടിയില്‍ കയറേണ്ടി വന്ന ഖൂന്‍ കാ കാര്‍സ്, രജനീകാന്തിന്റെ മൊഴിമാറ്റ വിജയ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയാം.