മോഹന്‍ലാല്‍ കളരിയഭ്യാസിയാകുന്നു!

വെള്ളി, 25 മാര്‍ച്ച് 2016 (15:55 IST)
മോഹന്‍ലാല്‍ കളരിയഭ്യാസിയാകുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ കളരിയഭ്യാസിയാകുന്നത്. ഈ ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അന്ധതയുടെ പരിമിതികള്‍ മറികടക്കാനാണ് അയാള്‍ കളരി അഭ്യസിച്ചത്. 
 
യോദ്ധ എന്ന ചിത്രത്തില്‍ അന്ധതയെ മറികടക്കാന്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ആയോധനകല അഭ്യസിക്കുന്നുണ്ട്. ആ ചിത്രത്തില്‍ അവിശ്വസനീയമായ അഭ്യാസപ്രകടനങ്ങള്‍ പ്രേക്ഷകര്‍ കണ്ടതാണ്. അതിനുമപ്പുറം നില്‍ക്കുന്ന കളരിയഭ്യാസരംഗങ്ങള്‍ ഒപ്പത്തില്‍ ഉണ്ടാകും.
 
ഒരു ഫ്ലാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഇയാളില്‍ ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പൊലീസും ഇയാളെ വേട്ടയാടാനിറങ്ങുന്നു. സത്യം കണ്ടെത്തുക എന്നത് ഇയാളുടെ മാത്രം ഉത്തരവദിത്തമായി മാറുന്നു.
 
പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. ഏകാംബരമാണ് ക്യാമറ. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒപ്പം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജ്

വെബ്ദുനിയ വായിക്കുക