രണ്ടുമാസം കൂടുമ്പോള്‍ ഒരു സിനിമ! വര്‍ഷത്തില്‍ ഏഴും എട്ടും ചിത്രങ്ങള്‍! നമ്മുടെ സൂപ്പര്‍താരങ്ങള്‍ അങ്ങനെ ഓടിനടന്ന് അഭിനയിച്ച കാലം മാറുകയാണ്. ഇക്കാര്യത്തില്‍ നിലപാട് ഏറ്റവും കടുപ്പിച്ചിരിക്കുന്നത് മോഹന്‍ലാലാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍. നല്ല ക്വാളിറ്റിയില്‍, നല്ല കഥയുള്ള, ഗംഭീരമായ സിനിമകള്‍.
‘പുലിമുരുകന്‍’ അത്തരമൊരു പ്രൊജക്ടാണ്. ഏറെ തയ്യാറെടുപ്പുകളോടെ, ഒരുപാട് പേരുടെ അധ്വാനത്തിന്‍റെ തിളക്കത്താല്‍ മൂല്യമേറിയ സിനിമ. മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണിത്. ഇത്തരത്തില്‍ ഒരുപാട് സവിശേഷതകളുള്ള സിനിമകളില്‍ മാത്രമാകും ഇനി മോഹന്‍ലാലിനെ കാണാനാവുക.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ ജൂലൈ ഏഴിന് പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ 250ഓളം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ലോകമെമ്പാടുമായി 3000 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും!
ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ പുതിയ മാസ് പോസ്റ്റര്‍ പുറത്തുവന്നു. മോഹന്‍ലാലിനൊപ്പം ലാല്‍, മകരന്ദ് ദേശ്പാണ്ഡേ, കിഷോര്‍, ജഗപതി ബാബു എന്നിവരും ഉള്‍പ്പെടുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന പുലിമുരുകന്‍റെ ഛായാഗ്രഹണം ഷാജിയാണ്. ഗോപി സുന്ദറാണ് സംഗീതം. കമാലിനി മുഖര്‍ജി, സുരാജ് വെഞ്ഞാറമ്മൂട്, നമിത തുടങ്ങിയവരും പുലിമുരുകനിലെ താരങ്ങളാണ്.
മലയാളത്തില്‍ മാത്രമല്ല പുലിമുരുകന്‍ വരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യയില്‍ റിലീസാകുന്ന അതേദിവസം ചിത്രം ചൈനയിലും വിയറ്റ്‌നാമിലും റിലീസ് ചെയ്യും.
മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും പുലിമുരുകന്‍ മറികടക്കുമെന്നാണ് സൂചന. അത്രയും ഗംഭീര മാസ് എന്‍റര്‍ടെയ്നറായിരിക്കും വൈശാഖ് ഒരുക്കുന്ന ഈ സിനിമയെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ എന്ന താരവിസ്മയത്തെ പരമാവധി ഉപയോഗപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലറായിരിക്കും പുലിമുരുകന്‍.
കൊടും വനങ്ങള്‍ക്കുള്ളിലാണ് പുലിമുരുകനിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. തായ്‌വാനും ബാങ്കോക്കുമാണ് പ്രധാന ലൊക്കേഷനുകള്‍. പുലികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും.