മീരയെ കൊന്നതാര് ?

WD
മീരാ നമ്പ്യാര്‍ എന്ന കോളേജ് കുമാരി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഈ കൊലപാതകം സംസ്ഥാനത്ത് ആകപ്പാടെ കോളിളക്കം സൃഷ്ടിച്ച അവസരത്തിലാണ് അന്വേഷണത്തിനായി പീരുമേട്ടിലെ മല നിരകളിലേക്ക് പൊലീസ് സൂപ്രണ്ട് (സുരേഷ്ഗോപി) എത്തുന്നത്. മീര സഹപാഠിയായ രാഹുല്‍ കൃഷ്ണയുമായി പ്രണയത്തിലായിരുന്നു.

ആരാണ് മീരയെ കൊന്നത്? എന്തിന്? ഈ ചോദ്യങ്ങളുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന എസ് പിക്ക് മീരയുടെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ സോഫിയ ഹസന്‍ ചെയ്തുകൊടുക്കുന്ന സഹായങ്ങള്‍ ഏറെയാണ്.

വീണ്ടും ഒരു ഹിറ്റ് എന്ന ലക്‍ഷ്യത്തിലാണ് ഷാജി കൈലാസ്- സുരേഷ്ഗോപി ടീം. ‘ടൈം’ ഉദ്ദേശിച്ച ഫലം നല്‍കാതെ പോയെങ്കിലും ‘ബൂട്ടില്‍’ വിജയക്കൊടി പാറിക്കാനാവുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

പ്രണയത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്നോട്ടു കുറ്റാന്വേഷണ കഥയാണ് ഷാജി കൈലാസ് ബൂട്ടിലൂടെ അവതരിപ്പിക്കുന്നത്. സ്ഥിരം ശൈലിയില്‍ നിന്ന് വേറിട്ട അവതരണമാണ് ബൂട്ടിലുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. പിരമിഡ് സായ്‌മീര മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ബൂട്ടിനുണ്ട്.

ബോയ്ഫ്രണ്ടിലൂടെ പരിചിതയായ ഹണിയാണ് മീരയായി വേഷമിടുന്നത്. സോഫിയ ഹസ്സന്‍ എന്ന മാധ്യമപ്രവര്‍ത്തകയായി ലക്ഷണ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്നു. തമിഴ് താരം ബാലയാണ് രാഹുല്‍ കൃഷ്ണയെ അവതരിപ്പിക്കുന്നത്.

രാജന്‍ പി ദേവ്, മുരളി, റിസബാവ, സോണ നായര്‍, ഭീമന്‍ രഘു, മണിയന്‍ പിള്ള രാജു, കൃഷ്ണകുമാര്‍ തുടങ്ങിവരും ബൂട്ടില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ ഏഴിന് ബൂട്ട് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

രാജേഷ് ജയറാമാണ് ബൂട്ടിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം രാജരത്നം. സംഗീത സംവിധാനം ഷാനും വയലാര്‍ ശരത്തും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക