മമ്മൂട്ടിയെ ക്യാമറയിലാക്കാന്‍ വമ്പന്‍‌മാരെത്തും, സിനിമ തന്നെ അടിമുടി മാറും!

ചൊവ്വ, 22 നവം‌ബര്‍ 2016 (19:57 IST)
ഇനി വരാനിരിക്കുന്ന സിനിമകളില്‍ മമ്മൂട്ടി കൂടുതല്‍ സ്റ്റൈലിഷാകും. സിനിമകളുടെ വിഷ്വലൈസേഷനും അതീവ സൌന്ദര്യമുണ്ടാകും. കാരണം, മമ്മൂട്ടിച്ചിത്രങ്ങളുടെ ഛായാഗ്രഹണത്തിന് ഇനി മുതല്‍ വമ്പന്‍‌മാര്‍ എത്തുമെന്നാണ് സൂചന. തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലെ പ്രമുഖരായിരിക്കും ഇനി മുതല്‍ മമ്മൂട്ടിച്ചിത്രങ്ങളുടെ ഛായാഗ്രഹണമെന്നാണ് വിവരം.
 
രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ഈയാഴ്ച ചിത്രീകരണം ആരംഭിക്കുന്ന ‘പുത്തന്‍‌പണം’ ചിത്രീകരിക്കുന്നത് ഓം‌പ്രകാശ് എന്ന ക്യാമറാമാനാണ്. മാരി, കാഷ്‌മോരാ തുടങ്ങിയ വമ്പന്‍ തമിഴ് ചിത്രങ്ങളുടെ ക്യാമറാമാനാണ് ഓം‌പ്രകാശ്.
 
ഇപ്പോള്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന മമ്മൂട്ടിച്ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് റോബി വര്‍ഗീസ് രാജാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്‍റെ കളരിയില്‍ നിന്നാണ് റോബി വര്‍ഗീസ് രാജ് വരുന്നത്. ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിനും അന്യഭാഷയിലെ ഒരു വലിയ ക്യാമറാമാന്‍ എത്തിയേക്കും.
 
മലയാള സിനിമയില്‍ പുലിമുരുകന്‍ വലിയ മാറ്റം കൊണ്ടുവന്നു. ഇപ്പോള്‍ മമ്മൂട്ടിച്ചിത്രങ്ങളിലൂടെ വീണ്ടും മാറ്റം സംഭവിക്കുകയാണ്. ബോളിവുഡ് സിനിമകളുടെ ക്വാളിറ്റിയിലുള്ള ചിത്രങ്ങള്‍ക്കാണ് മമ്മൂട്ടി ക്യാമ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക