പൃഥ്വി ‘പൌരന്‍’, സുകുമാരക്കുറുപ്പ് പിടിയിലാകുമോ?

ബുധന്‍, 7 മെയ് 2014 (15:58 IST)
പൌരനും ജമ്പന്‍ തമ്പിയും ചേര്‍ന്ന് സുകുമാരക്കുറുപ്പിനെ പിടിക്കുമോ? ഈ ചോദ്യം മലയാള സിനിമാ പ്രേക്ഷകരുടേതാണ്. ‘ടമാര്‍ പഠാര്‍’ എന്ന പുതിയ സിനിമയിലാണ് സുകുമാരക്കുറുപ്പിനെ പിടിക്കാന്‍ തക്കം പാര്‍ത്തുനടക്കുന്ന പൌരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുന്നത്. കൂട്ടാളിയായ ജമ്പന്‍ തമ്പിയെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്.
 
തിരക്കഥാകൃത്ത് ദിലീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടമാര്‍ പഠാര്‍. ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണിത്. ശിക്കാരി ശംഭു സ്റ്റൈലില്‍ ഉള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
 
മുംബൈ പൊലീസ്, മെമ്മറീസ്, സെവന്‍‌ത് ഡേ തുടങ്ങിയ സിനിമകളിലെ ഗൌരവപ്രകൃതിയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രേണിയില്‍ നിന്ന് വിട്ട് തമാശക്കളികള്‍ തട്ടകമാക്കിയ പൌരന്‍ എന്ന പൊലീസുകാരനെ പൃഥ്വി ഗംഭീരമാക്കുമെന്ന് പ്രതീക്ഷിക്കാം.
 
സോള്‍ട്ട് ആന്‍റ് പെപ്പര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ് തുടങ്ങിയവയാണ് ദിലീഷ് നായര്‍ എഴുതിയ തിരക്കഥകള്‍. രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന ടമാര്‍ പഠാറിന് സംഗീതം നിര്‍വഹിക്കുന്നത് ബിജിപാല്‍ ആണ്.

വെബ്ദുനിയ വായിക്കുക