പൃഥ്വിരാജിന്‍റെ ‘മെമ്മറീസ്’ ഓഗസ്റ്റ് 9ന്, ‘ലണ്ടന്‍ ബ്രിഡ്ജ്’ സെപ്റ്റംബര്‍ 16ന്

ബുധന്‍, 3 ജൂലൈ 2013 (22:19 IST)
PRO
പൃഥ്വിരാജ് നായകനാകുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നു. റംസാനും ഓണത്തിനും പൃഥ്വിച്ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തും. റംസാന് ‘മെമ്മറീസ്’, ഓണത്തിന് ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്നിങ്ങനെയാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മെമ്മറീസ്’ ഓഗസ്റ്റ് ഒമ്പതിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഈ സിനിമയിലെ അവസാന ഗാനരംഗവും കൊടൈക്കനാലില്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കി. അതിന് ശേഷമാണ് ലണ്ടന്‍ ബ്രിഡ്ജിന്‍റെ ബാക്കി ഷെഡ്യൂളുകള്‍ അഭിനയിക്കാന്‍ ലണ്ടനിലേക്ക് പറന്നത്.

ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, റോബിന്‍‌ഹുഡ്, തേജാഭായ് ആന്‍റ് ഫാമിലി എന്നീ പൃഥ്വിരാജ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ശാന്താ മുരളിയാണ് മെമ്മറീസും നിര്‍മ്മിച്ചിരിക്കുന്നത്. മുരളി ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു.

ഒരു ഇന്‍‌വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് മെമ്മറീസ്. പൃഥ്വിരാജ് ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മേഘ്നാ രാജാണ് നായിക.

ലണ്ടന്‍ ബ്രിഡ്ജ് സംവിധാനം ചെയ്യുന്നത് അനില്‍ സി മേനോനാണ്. പൃഥ്വിരാജിന്‍റെ ‘മാസ്റ്റേഴ്സ്’ രചിച്ച ജിനു ഏബ്രഹാമാണ് ലണ്ടന്‍ ബ്രിഡ്ജിന്‍റെ തിരക്കഥ. ആന്‍ഡ്രിയ നായികയാകുന്ന ഈ സിനിമ ഒരു റൊമാന്‍റിക് ഫാമിലി ത്രില്ലറാണ്. മുകേഷും പ്രതാപ് പോത്തനും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് സെപ്റ്റംബര്‍ 16ന് തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം.

വെബ്ദുനിയ വായിക്കുക