നവ്യാനായര്‍ എന്ന ചലച്ചിത്രനടിയായി നവ്യാനായര്‍ അഭിനയിക്കുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തിലാണ് നവ്യാനായര്‍ ‘നവ്യ’ എന്ന പേരില്‍ തന്നെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് നവ്യ സിനിമാനടിയായി അഭിനയിക്കുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത ‘ഇമ്മിണി നല്ലൊരാള്‍’ എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് നവ്യ സിനിമാനടിയായത്.
ഈ ചിത്രത്തില്‍ അതിഥിതാരമാണ് നവ്യ. ഭാമ, സംവൃതാ സുനില്‍ എന്നിവരാണ് നായികമാര്‍. ജയസൂര്യയാണ് നായകന്‍. ജയസൂര്യ അവതരിപ്പിക്കുന്ന വിവേക് എന്ന കഥാപാത്രം കാണുന്ന സ്വപ്നത്തിലെ നായികയായാണ് നവ്യ വേഷമിടുന്നത്. നവ്യയും ജയസൂര്യയും ഒന്നിച്ചുള്ള ഒരു ഗാനരംഗവുമുണ്ട്. രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിലെ “പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...” എന്ന ഗാനം റീമിക്സ് ചെയ്തിരിക്കുകയാണ്. വിജയ് യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സിനിമാതാരങ്ങള്‍ അതേ പേരില്‍ സിനിമയില്‍ അഭിനയിക്കുന്നത് ആദ്യമല്ല. മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ നമ്പര്‍ 20 മദ്രാസ് മെയില്‍, വണ്‍വേ ടിക്കറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മനു അങ്കിളില്‍ മോഹന്‍ലാലായി വന്നിരുന്നു. പുതിയ ചിത്രമായ ഡീസന്‍റ് പാര്‍ട്ടീസില്‍ കലാഭവന്‍ മണി സിനിമാതാരം കലാഭവന്‍ മണിയായിത്തന്നെ വേഷമിടുന്നുണ്ട്.
ഒരു വക്കീല്‍ കുടുംബത്തിന്‍റെ കഥയാണ് ‘ഇവര്‍ വിവാഹിതരായാല്‍’. അഭിഭാഷക ദമ്പതിമാരാണ് അനന്തകൃഷ്ണനും, നന്ദിനിയും. ഇവരുടെ മകനാണ് എംബിഎക്കാരനായ വിവേക്. എംബിഎ പഠനം പൂര്‍ത്തിയാക്കിയ വിവേക് തനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു.
മാതാപിതാക്കള്‍ അതിന് സമ്മതിക്കുകയും വിവേകിന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ചെറിയ പ്രായത്തില്‍ വിവാഹിതനായ വിവേകിന്‍റെ ജീവിതത്തില്‍ താളപ്പിഴകളുടെ ഘോഷയാത്രയാണ് പിന്നീട്. രസകരമായ ഈ സംഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍.
രേഖയാണ് നന്ദിനിയെ അവതരിപ്പിക്കുന്നത്. അനന്തകൃഷ്ണനായി സിദ്ദിഖും വിവേകായി ജയസൂര്യയും വേഷമിടുന്നു. നെടുമുടി വേണു, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, സുരേഷ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, പ്രദീപ് പ്രഭാകര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.