ദേവാസുരം പോലെ, വല്യേട്ടന് പോലെ ഒരു വമ്പന്‍ കൊമേഴ്സ്യല്‍ ആക്ഷന്‍ എന്റര്ടെയ്നര് അണിയറയില്‍ ഒരുങ്ങുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്.
മമ്മൂട്ടിയുടെ മാസ് അവതാരങ്ങളില്‍ ഏറ്റവും ഉജ്ജ്വലമായ ഒരു കഥാപാത്രത്തെയാണ് രഞ്ജിത് ഒരുക്കുന്നതെന്നാണ് സൂചന. വന്‍ ബോക്സോഫീസ് നേട്ടമുണ്ടാക്കുന്ന കൊമേഴ്സ്യല്‍ എന്റര്ടെയ്നറുകളുടെ ഇടയിലേക്ക് വീണ്ടും രഞ്ജിത് കടന്നെത്തുന്ന ചിത്രം കൂടിയാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നസ്രാണി’യാണ് മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത് അവസാനമെഴുതിയ കൊമേഴ്സ്യല്‍ തിരക്കഥ. പിന്നീട് മമ്മൂട്ടിക്കുവേണ്ടി രഞ്ജിത് തയ്യാറാക്കിയതെല്ലാം കലാമൂല്യം മാത്രം ലക്ഷ്യമിട്ടുള്ള രചനകളായിരുന്നു.
ഓഗസ്റ്റോടെ ഈ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ സിനിമ ‘മമ്മൂട്ടിയുടെ ദേവാസുര’മായിരിക്കുമെന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍.