ദൃശ്യം മലയാളത്തില്‍ മാത്രമല്ല, കന്നഡയിലും വിസ്മയം സൃഷ്ടിക്കുകയാണ്‍. ഗംഭീര സിനിമയെന്നാണ് ദൃശ്യത്തിന്‍റെ കന്നഡ റീമേക്കായ 'ദൃശ്യ'യെക്കുറിച്ച് പരക്കെയുള്ള അഭിപ്രായം. കര്‍ണാടകയില്‍ മഹാവിജയമായി മാറുകയാണ് ചിത്രം. രവിചന്ദ്രനും നവ്യാ നായരും ജോഡിയായ ഈ സിനിമ സംവിധാനം ചെയ്തത് പി വാസു ആണ്.
"ഈ ചിത്രത്തില്‍ രവിചന്ദ്രന്‍റെ റോള്‍ വളരെ മികച്ചതായിരുന്നു. അദ്ദേഹം മുമ്പ് ചെയ്ത റോളുകളില്‍ നിന്നൊക്കെ വ്യത്യസ്തം. വളരെ സൂക്ഷ്മമായാണ് അദ്ദേഹം ആ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത്" - നവ്യ നായര്‍ പറയുന്നു.
മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെയാണ് കന്നഡയില്‍ രവിചന്ദ്രന്‍ അവതരിപ്പിച്ചിരിക്കുന്നത്. മീന അവതരിപ്പിച്ച കഥാപാത്രത്തെ നവ്യയും സുന്ദരമാക്കി.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രവിചന്ദ്രന് മികച്ച വിജയങ്ങളൊന്നും സമ്മാനിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ദൃശ്യയിലൂടെ വീണ്ടും വിജയവഴിയില്‍ എത്തിയിരിക്കുകയാണ് രവിചന്ദ്രന്‍. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന നവ്യയ്ക്കും മികച്ച തിരിച്ചുവരവാണ് ദൃശ്യ നല്‍കിയത്.