ഇന്ത്യന്‍ റുപ്പി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമോ? ഒരു ട്വന്‍റിയത്ത് സെഞ്ച്വറി ഫോക്സ് ചിത്രം!
ശനി, 27 ജൂലൈ 2013 (18:21 IST)
PRO
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ചിത്രമാണ് ഇന്ത്യന്‍ റുപ്പി. രഞ്ജിത് സംവിധാനം ചെയ്ത ഈ പൃഥ്വിരാജ് ചിത്രം ജനപ്രീതി നേടുകയും സാമ്പത്തിക വിജയമാകുകയും ചെയ്തു. കള്ളപ്പണത്തിനും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കുമെതിരെയുള്ള ശബ്ദമായാണ് ഈ സിനിമ വിലയിരുത്തപ്പെട്ടത്.
ഈ സിനിമ കുറച്ചുകൂടി വലിയ ക്യാന്‍വാസില്‍ രഞ്ജിത് ഒരുക്കുമോ? ഇന്ത്യന്‍ റുപ്പി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് രഞ്ജിത് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ സിനിമയുടെ നിര്‍മ്മാണം ട്വന്‍റിയത്ത് സെഞ്ച്വറി ഫോക്സ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡിലെ പ്രമുഖ താരനിര ചിത്രത്തിന്‍റെ ഭാഗമാകുമെന്നും സൂചനയുണ്ട്. എന്നാല്‍ എന്ന് ഈ സിനിമ സംഭവിക്കും എന്നതിനെക്കുറിച്ച് രഞ്ജിത് മനസ് തുറന്നിട്ടില്ല.
അതേസമയം, ടി പി രാജീവന്‍റെ ‘കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും’ എന്ന നോവല്‍ സിനിമയാക്കാനും രഞ്ജിത്തിന് പരിപാടിയുണ്ട്. ടി പി രാജീവന്‍റെ ‘പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ സിനിമയാക്കിയത് രഞ്ജിത്താണ്. ‘കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും’ എന്ന നോവല്‍ സിനിമയാക്കുന്നതിനുള്ള പ്രാഥമിക നോട്ടുകള്‍ രഞ്ജിത് തയ്യാറാക്കിവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഉണ്ണി ആര്‍ എഴുതിയ ‘ലീല’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരവും രഞ്ജിത്തിന്‍റെ സ്വപ്നപദ്ധതിയാണ്.