അമല്‍ നീരദിന് തോക്കെടുക്കാന്‍ മാത്രമല്ല, പ്രണയം പറയാനും അറിയാം !

തിങ്കള്‍, 2 നവം‌ബര്‍ 2015 (17:47 IST)
മലയാളത്തില്‍ സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറുകളുടെ സംവിധായകനാണ് അമല്‍ നീരദ്. ബിഗ്ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍‌വര്‍ തുടങ്ങി മികച്ച ആക്ഷന്‍ സിനിമകളാണ് അമല്‍ നീരദ് പറഞ്ഞിട്ടുള്ളത്. ആ സ്റ്റൈല്‍ മാറ്റാനൊരുങ്ങുകയാണ് അമല്‍. ഇനി അദ്ദേഹം പറയുക ഒരു പ്രണയകഥയായിരിക്കും.
 
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ലവ് സ്റ്റോറിയാണ്. നിറയെ നര്‍മ്മ മുഹൂര്‍ത്തങ്ങളും നല്ല പാട്ടുകളുമൊക്കെയുള്ള ഒരു പ്രണയ ചിത്രത്തിനാണ് അമല്‍ ഒരുങ്ങുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. രാജീവ് രവിയുടെ കലിപ്പ്, മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ചാര്‍ലി എന്നീ സിനിമകള്‍ പൂര്‍ത്തിയായാലുടന്‍ അമല്‍ നീരദിന്‍റെ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍.
 
‘5 സുന്ദരികള്‍’ എന്ന ഹ്രസ്വചിത്രങ്ങളുടെ ആന്തോളജിയില്‍ ‘കുള്ളന്‍റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് അമല്‍ നീരദ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നുള്ള തന്‍റെ മാറ്റത്തിന് തുടക്കം കുറിച്ചത്. ആ സിനിമയിലും ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയായിരുന്നു നായകന്‍.
 
അതേസമയം, ദുല്‍ക്കര്‍ സല്‍മാന് ഡേറ്റില്ലാത്തതുകാരണം മണിരത്നം തന്‍റെ പുതിയ ചിത്രം ഉപേക്ഷിച്ചു എന്ന് റിപ്പോര്‍ട്ട് വരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക