വില്ലൻ ഒരു ഇമോഷണൽ സിനിമ, ആരാധകർ ഹാപ്പി! - നിരൂപണം

അപർണ ഷാ

വെള്ളി, 27 ഒക്‌ടോബര്‍ 2017 (15:53 IST)
മലയാളത്തിലെ എക്കാലത്തേയും വലിയ ബ്രാൻഡായ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വില്ലൻ. മലയാള സിനിമയുടെ അതിർത്തികൾ വിശാലമാക്കി ഒരുക്കിയ വില്ലനെ 'ഇമോഷണൽ ത്രില്ലർ' എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്.  
 
എല്ലാ വില്ലനിലും ഒരു നായകൻ ഉണ്ട്, നായകനിൽ വില്ലനും. എന്നാൽ, എങ്ങനെയാണ് നായകനായ വില്ലൻ ഒരു സമൂഹത്തിൽ ഉരുത്തിരിഞ്ഞുവരുന്നതെന്ന് കാണിച്ചു തരുന്നതാണ് ഉണ്ണികൃഷ്ണന്റെ ഈ ചിത്രം. സാങ്കേതിക മികവിൽ മലയാള സിനിമയുടെ മുൻപന്തിയിൽ തന്നെയുണ്ടാകും വില്ലനെന്ന് നിസ്സംശയം പറയാം.
 
എഡിജിപി ആയ മാത്യു മാഞ്ഞൂരാന്റെ ജീവിതത്തിൽ വിഷമകരമായ ചില സംഭവങ്ങൾ നടക്കുന്നു. റിട്ടയർ ആകാന്‍ തിരുമാനിക്കുമ്പോള്‍ ഒരു സീരിയല്‍ കില്ലെരുടെ കേസ് ആരംഭിക്കുന്നു. സമ്മർദ്ദങ്ങൾ കൊണ്ട് കേസെറ്റെടുക്കാൻ മാഞ്ഞൂരാൻ നിരബന്ധിതനാകുന്നു തുടര്‍ന്ന് നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത്.
 
ഇമോഷണൽ ത്രില്ലർ ഗണത്തിൽ ഒരു പരിധിവരെ പെടുത്താവുന്ന ചിത്രം തന്നെയാണ് വില്ലൻ. എന്നാൽ ഇതൊരു മാസ് പടമല്ല. ആരാധകർക്ക് രോമാഞ്ചം കൊള്ളുന്ന തരത്തിലുള്ള ഡയലോഗുകൾ കൊണ്ട് സമ്പൂർണമായൊരു പടമല്ല 'വില്ലൻ'. മറിച്ച് ഒരു ക്ലാസ് കഥയും കഥാഗതികളുമാണ്    ഉണ്ണികൃഷ്ണൻ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.
 
ത്രില്ലെർ സിനിമയെന്ന് പറഞ്ഞാൽ ഇടക്ക് വരുന്ന ട്വിസ്റ്റ്, ക്ലൈമാക്സിലെ അതിഗംഭീരമായ സസ്പെൻസ് എന്നിവയെല്ലാം ഉണ്ടാകും. ഒപ്പം, അടുത്തത് എന്ത് സംഭവിക്കുന്നു എന്ന് പ്രേക്ഷകൻ ഊഹിച്ചു തുടങ്ങുമ്പോൾ അതിനെയെല്ലാം തകിടം മറിക്കുന്ന സ്വീക്വൻസുകൾ വരുമ്പോഴാണ് ഒരു ത്രില്ലർ ഉണ്ടാകുന്നത്. എന്നാൽ, അക്കാര്യത്തിൽ ഉണ്ണികൃഷ്ണൻ വിജയിച്ചുവോയെന്ന കാര്യം സംശയമാണ്. ത്രില്ലറിനേക്കാളും ഇമോഷണൽ സ്വീക്വൻസുകളാണ് വില്ലനിൽ കാണാൻ കഴിയുക. 
 
സംവിധായകന്റെ തന്നെ പഴയ ചിത്രമായ 'ഗ്രാൻഡ്മാസ്റ്ററിലെ' ചന്ദ്രശേഖറിനെ വില്ലനിലെ മാത്യു മാഞ്ഞൂരാനിൽ ഇടയ്ക്കൊക്കെ കാണാൻ കഴിയും. ബി ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരന്റെ തൂലികയിൽ ഉണ്ടായ ശക്തമായ കഥാപാത്രം തന്നെയാണ് മാത്യു മാഞ്ഞൂരാൻ. പതിവുപോലെ മോഹൻലാൽ തകർത്തഭിനയിച്ചു. താരത്തിന്റെ അത്യുജ്വലമായ ഒന്ന് രണ്ട് അഭിനയ മുഹൂർത്തങ്ങൾ സ്ക്രീനിൽ നിറഞ്ഞു നിന്നു. 
 
ഗ്രാൻഡ് മാസ്റ്ററും അതിനു പിന്നാലെ വന്ന മെമ്മറീസും ഇടയ്ക്കെപ്പോഴോ ഓർമിപ്പിച്ചു. എന്നാൽ, ഈ രണ്ടു ചിത്രങ്ങളും കൈകാര്യം ചെയ്തപോലുള്ള ഒരു ക്രൈം ഇൻവെസ്റ്റിഗേഷനല്ല 'വില്ലൻ' കൈകാര്യം ചെയ്തിരിക്കുന്നത്. അതിനെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചു വിജയിപ്പിക്കാൻ ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടുണ്ട്.
 
ശക്തിവേൽ പളനിസാമി എന്ന കഥാപാത്രമായി വിശാലും തന്റെ മലയാളത്തിലെ ആദ്യ സിനിമയിൽ നിറഞ്ഞു നിന്നു. എന്നാൽ, ഹൻസികയ്ക്കും ശ്രീകാന്തിനും വേണ്ടത്ര പ്രാധാന്യമുണ്ടായിരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. മഞ്ജു വാര്യർ തന്റെ സീനുകൾ മികച്ചതാക്കി. സിദ്ധിഖ് ,ചെമ്പൻ വിനോദ് തുടങ്ങിയവർ തന്റെ കഥാപാത്രത്തിനോട് നൂറു ശതമാനവും നീതി പുലർത്തി.
 
മനോജ് പരമ ഹംസയുടെ ചടുലമായ ക്യാമറ. മികച്ച ഫ്രെയിമുകളും ഡയലോഗുകളും ഒപ്പം സുശിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും കൂടി ഇഴചേർന്നപ്പോൾ വിരസതയില്ലാത്ത കാഴ്ചനുഭവം തന്നെയാണ് 'വില്ലൻ' സമ്മാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽപം ഇഴച്ചിലും അനുഭവപ്പെട്ടു. ഒരുപാട് സീനുകളിൽ കണ്ടുമടുത്ത ചില സീനുകൾ വില്ലനിലും ഉണ്ട്. 
 
മാസ്സ് എന്ന ഗണത്തിൽ പെടുത്താതെ ഒരു ക്ലാസ് ചിത്രമായി സമീപിച്ചാൽ വില്ലൻ സമ്പൂർണ്ണ തൃപ്തി സമ്മാനിക്കും. വില്ലൻ ഫാമിലിക്കും സിനിമ പ്രേമികൾക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒരു ചിത്രമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

റേറ്റിംഗ്: 3/5

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍