സാംസ്കാരിക കേരളം ഇനിയെന്നും ഓർത്ത് വെയ്ക്കുന്ന പേര് - പൃഥ്വിരാജ് സുകുമാരൻ! ചലച്ചിത്രലോകം പ്രതികരിച്ചു

ശനി, 25 ഫെബ്രുവരി 2017 (14:47 IST)
ഇനിമുതൽ സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞ നടൻ പൃഥ്വിരാജിനെ അഭിനന്ദിച്ച് സിനിമാ ലോകം. പൃഥ്വിയുടെ തീരുമാനത്തോട് ഐക്യപ്പെടാൻ മലയാളത്തിലെ മറ്റ് മുൻനിര നടന്മാർക്ക് കഴിയുമോ എന്ന് ഡോ. ബിജു ചോദിക്കുന്നു.
 
ഡോ. ബിജുവിന്റെ വാക്കുകളിലൂടെ:
 
പ്രീയപ്പെട്ട പൃഥ്വി, അഭിനന്ദനങ്ങൾ. ധൈര്യപൂർവ്വം ഇങ്ങനെയൊരു തീരുമാനമെടുത്ത‌തിൽ. ഒരു യഥാര്‍ഥ മനുഷ്യന്‍ എന്ന നിലയിലും സാമൂഹികമായ ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയിലും നിങ്ങള്‍ ഏത് നടനും മാതൃകയാണ്. നിങ്ങള്‍ പറഞ്ഞത് മലയാളത്തിലെ മറ്റ് മുന്‍നിര നടന്മാരും കേട്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്‌കാരത്തോടും സിനിമ എന്ന മാധ്യമത്തോടുമുള്ള നിലപാട് അവരും തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു. ആണത്തം പേറിനടക്കുന്ന, സ്ത്രീവിരുദ്ധതയും വംശീയവിരോധവുമുള്ള സിനിമകളില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. അവര്‍ക്കും ഒരു തിരിച്ചറിവിനുള്ള സമയമാണ് ഇത്. ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടതിന് നന്ദി.  
 
ഡോ. ബിജുവിനൊപ്പം സംവിധായകൻ ആഷിക് അബുവും പൃഥ്വിയ്ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ''സാംസ്കാരിക കേരളം ഇനിയെന്നും ഓർത്തുവെയ്ക്കുന്ന പേരാണ് - പൃഥ്വിരാജ് സുകുമാരൻ'' എന്നായിരുന്നു ആഷിക് ഫേസ്ബുക്കിൽ കുറിച്ചത്.
 
അക്രമത്തിനിരയായ നടി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ഒപ്പം നിന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ചരിത്രമെഴുതുമെന്ന് റിമ കല്ലിങ്കലും വ്യക്തമാക്കി‍. 'ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം എന്താണെന്ന് മനസിലാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള മികച്ച അവസരമാണ് ഇതെന്നും റിമ ഫേസ്ബുക്കില്‍ കുറിച്ചു.
 
നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന 'ആദ'ത്തില്‍ പൃഥ്വിരാജിന്റെ നായികയാവുന്നത് അക്രമത്തിനിരയായ നടിയാണ്. ചിത്രത്തിന്റെ ഫോര്‍ട്ട്‌കൊച്ചി ലൊക്കേഷനില്‍ നടിയുടെ വാര്‍ത്താസമ്മേളനം നടന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. തന്റെ സുഹൃത്തായ നടി ഇന്ന് ആദ്യമായി ലൊക്കേഷനിലെത്തുമ്പോള്‍ മാധ്യമങ്ങളുടെ കടന്നാക്രമണമുണ്ടാവരുതെന്ന് പൃഥ്വിരാജ് അഭ്യര്‍ഥിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക