White Room Torture in Rorschach : ഞെട്ടിക്കാന്‍ മമ്മൂട്ടി; റോഷാക്കിലെ വൈറ്റ് ടോര്‍ച്ചര്‍ എന്താണ്?

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:41 IST)
What is White Room Torture: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തും. 
 
റോഷാക്കിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ട്രൈലറിലും അവസാനം ഇറങ്ങിയ പോസ്റ്ററിലും വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന ശിക്ഷാരീതിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒടുവില്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ വെള്ള നിറം മാത്രമാണ് പശ്ചാത്തലം. മമ്മൂട്ടി ഒരു മുറിക്കുള്ളില്‍ ബന്ധിയാക്കപ്പെട്ടതാണ് പോസ്റ്ററില്‍ കാണിക്കുന്നത്. ആ മുറിക്കും മമ്മൂട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിനും ഒരു പ്രത്യേകതയുണ്ട്. സകലതും വെള്ള നിറത്തില്‍. വെള്ള നിറമല്ലാതെ മറ്റൊന്നും അതില്‍ കാണാന്‍ സാധിക്കില്ല. റോഷാക്കില്‍ ഉദ്ദേശിച്ചിരിക്കുന്ന വൈറ്റ് റൂം ടോര്‍ച്ചര്‍ എന്താണ്? 
 
ഒറ്റവാക്കില്‍ പറഞ്ഞാല്‍ സൈക്കോളജിക്കല്‍ പീഡന മുറയാണ് വൈറ്റ് ടോര്‍ച്ചര്‍. ശാരീരികമായി പീഡിപ്പിക്കുന്നതിനേക്കാള്‍ നൂറിരട്ടി പ്രഹരശേഷിയുള്ള ശിക്ഷാ രീതി. ഒറ്റപ്പെടലിന്റെ ഭീതിതമായ അവസ്ഥയിലേക്ക് എത്തിക്കുന്നതാണ് ഇത്. 
 
ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുള്ള പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍ അഥവാ വൈറ്റ് റൂം ടോര്‍ച്ചര്‍. മനുഷ്യന്റെ ഇന്ദ്രിയാനുഭൂതികളെ പൂര്‍ണ്ണമായി അടിച്ചമര്‍ത്തുകയും ശാരീരികവും മാനസികവുമായി ഒറ്റപ്പെടുത്തുകയുമാണ് ഈ പീഡനമുറ. ഇറാനിലാണ് ഈ പീഡനമുറ വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെനസ്വേല, യുഎസ് തുടങ്ങിയ സ്ഥലങ്ങളിലും വൈറ്റ് ടോര്‍ച്ചര്‍ പീഡനമുറ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ പല രഹസ്യാന്വേഷണ ഏജന്‍സികളും ഈ പീഡനമുറ സ്വീകരിച്ചിട്ടുണ്ട്. 
 
വൈറ്റ് ടോര്‍ച്ചര്‍ ഒരു മനശാസ്ത്ര പീഡന രീതിയാണ്. കുറ്റാരോപിതനെ ഒരു മുറിയില്‍ ഏകാന്ത തടവിന് പാര്‍പ്പിക്കും. ജയില്‍ പോലെയുള്ള ഈ മുറിക്ക് കുറേ പ്രത്യേകതകളുണ്ട്. ഭിത്തിയും തറയും സീലിങ്ങും തുടങ്ങി എല്ലാം പൂര്‍ണ്ണമായി വെള്ള നിറത്തിലായിരിക്കും. കുറ്റവാളി ധരിച്ചിരിക്കുന്ന വസ്ത്രം പോലും വെള്ളം. കുറ്റവാളിക്ക് കൊടുക്കുന്ന ഭക്ഷണത്തിലും വെള്ള നിറമല്ലാതെ ഒന്നും ഉണ്ടാകില്ല. കുറ്റവാളിക്ക് സ്വന്തം നിഴല്‍ പോലും കാണാന്‍ സാധിക്കാത്ത രീതിയില്‍ മുകളിലും പ്രതലത്തിലും പ്രത്യേക സജ്ജീകരണം നടത്തും. 
 
യാതൊരു സാമൂഹിക ബന്ധങ്ങളും കുറ്റവാളിക്ക് പുറത്തുള്ള ആളുകളുമായി സ്ഥാപിക്കാന്‍ കഴിയില്ല. ഇന്ദ്രിയാനുഭവങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കും. ഒരു ശബ്ദവും കേള്‍ക്കാതിരിക്കാന്‍ ജയിലിന് പുറത്ത് നില്‍ക്കുന്ന കാവല്‍ക്കാരുടെ ചെരുപ്പുകള്‍ പോലും പ്രത്യേകം തയ്യാറാക്കും. നടക്കുമ്പോള്‍ ശബ്ദം വരാതിരിക്കാന്‍ പാഡഡ് ഷൂസ് ആയിരിക്കും എല്ലാവരും ധരിക്കുക. ഒന്നിന്റെയും ഗന്ധം അറിയാതിരിക്കാന്‍ വേണ്ട സജ്ജീകരണങ്ങളും ചെയ്യും. മാസങ്ങളോ വര്‍ഷങ്ങളോ ഇതുപോലെ കുറ്റവാളിയെ ഏകാന്ത തടവില്‍ ഇടും. പലരും ഈ പീഡനമുറ സഹിക്കാന്‍ വയ്യാതെ സത്യം തുറന്നുപറയാന്‍ തയ്യാറാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്. 
 
റോഷാക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രം വൈറ്റ് റൂം ടോര്‍ച്ചറിന് വിധേയനാകുന്നുണ്ട് എന്നാണ് ട്രെയ്‌ലറില്‍ നിന്നും പുതിയ പോസ്റ്ററില്‍ നിന്നും വ്യക്തമാകുന്നത്. തന്നെ മാനസികമായി പീഡിപ്പിച്ചവരെ അതേ നാണയത്തില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് റോഷാക്ക് പറയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍