മമ്മൂട്ടി പറഞ്ഞു, ആ ചിത്രം ലാൽ ചെയ്‌താൽ നന്നായിരിക്കും!

വ്യാഴം, 24 ജനുവരി 2019 (16:06 IST)
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജൂൺ സംവിധാനം ചെയ്‌ത ചിത്രമാണ് വടക്കുംനാഥൻ. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം മോഹൻലാലിലേക്ക് എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. പല്ലാവൂര്‍ ദേവനാരായണൻ എന്ന വി എം വിനുചിത്രത്തിന്‍റെ സെറ്റില്‍ വെച്ച് ചിത്രത്തിന്‍റെ തിരക്കഥാകാരനും ഗാനരചയിതാവുമായ ഗിരീഷ്‌ പുത്തഞ്ചേരി മമ്മൂട്ടിയോട് പിഷാരടിയെന്ന ഒരു സംസ്കൃത പ്രൊഫസറുടെ കഥ പറഞ്ഞു.
 
ആ കഥ മമ്മൂട്ടിക്ക് നന്നായി ബോധിച്ചു. 'സംഭവം കൊള്ളാം, താന്‍ എഴുതി തുടങ്ങിക്കോ' എന്ന് മമ്മൂട്ടിയും പറഞ്ഞു. 'വടക്കും നാഥന്‍' എന്ന് ചിത്രത്തിന് പേരിട്ടു. എഴുത്ത് കഴിഞ്ഞ് ഒരു ഘട്ടം പിന്നിട്ടപ്പോള്‍ മമ്മൂട്ടിക്ക് താൻ അഭിനയിച്ച ചില സിനിമകളുമായി അതിന് സാമ്യമുള്ളതായി തോന്നി.  
 
ശേഷം അപ്രതീക്ഷിതമായി മമ്മൂട്ടി മോഹന്‍ലാലിനെ കണ്ടുമുട്ടുകയും സൗഹൃദ സംഭാഷണത്തിനിടയില്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ സംസ്കൃത പ്രൊഫസറെ കുറിച്ച് മമ്മൂട്ടി ലാലിനോട് പറയുകയും ചെയ്‌തു. ലാല്‍ ചെയ്‌താല്‍ അത് ഗംഭീരമാവുമെന്നും മമ്മൂട്ടി കൂട്ടി ചേര്‍ത്തു. 
 
മമ്മൂട്ടിയുടെ ആത്മവിശ്വാസം കണ്ടപ്പോള്‍ മോഹന്‍ലാലിനും താൽപ്പര്യമുണ്ടായി. ഗിരീഷ്‌ പുത്തഞ്ചേരിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാലിന്‍റെ സംവിധാനത്തില്‍ 2006ല്‍ പുറത്തുവന്ന വടക്കും നാഥന്‍ മികച്ച വിജയം നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍