ഇന്‍ട്രോവെര്‍ട്ട് ആയ സൂര്യയുടെ അടുത്തെത്തി സൗഹൃദം പങ്കിട്ട ജ്യോതിക, പിന്നീട് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം; സൂപ്പര്‍താരങ്ങളുടെ പ്രണയകഥ
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (11:21 IST)
സിനിമയിലെ പ്രണയവും സൗഹൃദവും താരവിവാഹവുമെല്ലാം നമുക്ക് സുപരിചിതമാണെങ്കിലും തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൂര്യയും ജ്യോതികയും ഒന്നിച്ചപ്പോള്‍ ആഘോഷമാക്കിയത് മലയാളികളടക്കമുള്ള സിനിമാ പ്രേക്ഷകരാണ്. പതിനാല് വര്‍ഷത്തെ ദാമ്പത്യം ഇത്രയും സന്തോഷകരമായി മുന്നോട്ട് പോകാന്‍ കാരണം തങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും ഉള്ളിലെ പ്രണയവുമാണെന്ന് പല അഭിമുഖങ്ങളിലും രണ്ടു പേരും തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇരുവരുടെയും പ്രണയവും വിവാഹവും സിനിമാകഥ പോലെ രസകരമായിരുന്നു. ആദ്യ കാലങ്ങളില്‍ മുംബൈ സ്വദേശിനിയായ ജ്യോതിക തമിഴിലെത്തി തന്റേതായ ഒരിടം സൃഷ്ടിക്കാനുള്ള പരിശ്രമത്തിലായിരുന്നു. തമിഴിലെ പേരു കേട്ട പഴയകാല നായകന്‍ ശിവകുമാറിന്റെ മകനെന്ന പുറം ചട്ടക്കുള്ളില്‍ ഒതുങ്ങി സിനിമകളില്‍ അഭിനയിച്ചിരുന്ന സൂര്യയുടെ ആദ്യകാല ചിത്രങ്ങളില്‍ ഒട്ടു മിക്കതും സാമ്പത്തിക പരാജയങ്ങള്‍ സംഭവിച്ചവയായിരുന്നു. ഇക്കാലത്താണ് ജ്യോതിക തെന്നിന്ത്യയിലെ വിലയേറിയ നായികമാരില്‍ ഒരാളായി മാറിയത്.
1999 ല്‍ 'പൂവെല്ലാം കേട്ടുപ്പാര്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. സിനിമാ സെറ്റിലിരുന്ന് തമിഴ് പഠിക്കാന്‍ പരിശ്രമിക്കുന്ന ജ്യോതിക ആദ്യ കാഴ്ചയില്‍ തന്നെ സൂര്യയുടെ ഹൃദയം കീഴടക്കി. 2001 ല്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കൂടുതല്‍ അടുക്കുന്നതും പരിചയപ്പെടുന്നതും. പൊതുവെ തികഞ്ഞ അച്ചടക്കമുള്ള, ആരോടും അധികം സംസാരിക്കാത്ത സൂര്യയുടെ പെരുമാറ്റം ജ്യോതികയില്‍ ഒരു സൗഹൃദത്തിന് തിരികൊളുത്തി. ഇന്‍ട്രോവെര്‍ട്ട് ആയ സൂര്യയുമായി ജ്യോതിക പെട്ടന്ന് അടുക്കുകയായിരുന്നു. തുടക്കക്കാലത്ത് തങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നെന്ന് സൂര്യയും ജ്യോതികയും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
സൗഹൃദത്തിന് പതിയെ ബലം വെച്ചു വന്നപ്പോള്‍ തന്റെ കൂട്ടുകാര്‍ക്കും മറ്റും ജ്യോതികയെ പരിചയപെടുത്താനും, അത്രയും അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുക്കുന്ന പാര്‍ട്ടികളിലേക്കും പരിപാടികളിലേക്കും ക്ഷണിക്കാനും തുടങ്ങി. ആ വര്‍ഷം ഇറങ്ങിയ സൂര്യയുടെ 'നന്ദ' എന്ന സിനിമയുടെ പ്രീമിയര്‍ കാണാന്‍ ജ്യോതികയും ഉണ്ടായിരുന്നു. സൂര്യയുടെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട ജ്യോതിക തന്റെ പുതിയ സിനിമയില്‍ നായകനായി സൂര്യയെ സംവിധായകനായ ഗൗതം വാസുദേവ മേനോന് നിര്‍ദ്ദേശിച്ചു.
'കാക്ക കാക്ക' എന്ന സിനിമയിലേക്ക് എത്തിയതോടെ ഇരുവരുടെയും സൗഹൃദം പ്രണയമായി. ഇരുവരും കൂടുതല്‍ അടുക്കാന്‍ തുടങ്ങി. ഇരുവരും പ്രണയം തുറന്നുപറഞ്ഞു. വീട്ടിലും കാര്യം അറിയിച്ചു. സൂര്യയുടെ കുടുംബത്തില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അവസാനം എല്ലാം ശുഭമായി നടന്നു. വീട്ടുകാരുടെ അനുഗ്രഹത്തോടെയാണ് വിവാഹനിശ്ചയം നടന്നത്. വിവാഹത്തിനു മുന്‍പ് ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2006ല്‍ ആണ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ആ താര വിവാഹം നടന്നത്. 2007 ല്‍ ദിയ, 2011 ല്‍ ദേവ് എന്നിങ്ങനെ രണ്ട് മക്കള്‍ ജനിച്ചു. എന്തൊരു പ്രശ്‌നം വരുമ്പോഴും തന്റെയും മക്കളെയും കൂടെ എത്ര തിരക്കിലാണെങ്കിലും ചിലവഴിക്കാന്‍ സൂര്യ സമയം കണ്ടെത്തുന്നയാളാണെന്ന് ജ്യോതിക പറയുകയുണ്ടായി. സിനിമയിലെ എല്ലാ പദവിയും മാറ്റി വെച്ച് തന്റെ കുട്ടികള്‍ക്ക് നല്ലൊരാമ്മയാവന്‍ ശ്രമിക്കുന്ന ജ്യോതികയെ ഓരോ പൊതുവേദിയിലും അഭിനന്ദിക്കാന്‍ സൂര്യ മറക്കാറുമില്ല.