ആന്റണി സോണി ആദ്യമായി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. മഞ്ജു വാര്യരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളായ സൈറ ബാനുവായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. കരിങ്കുന്നം സിക്സസിന് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രമാണിത്.
ആര്‍ജെ ഷാന്‍ തിരക്കഥ എഴുതിയ കെയര്‍ ഓഫ് സൈറ ബാനുവിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് റോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ്. ബിപിന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ സംഭാഷണം ചെയ്തിരിക്കുന്നത്. കിസ്മത് എന്ന സിനിമയിലൂടെ വന്ന നടന്‍ അബിയുടെ മകനായ ഷെയിന്‍ നിഗം ഇതില്‍ മഞ്ജു വാര്യരുടെ മകനായിട്ടാണ് വരുന്നത്. ഷെയിനിന്റെ രണ്ടാമത്തെ ചിത്രമാണിത്.
ലോഹം എന്ന സിനിമയില്‍ അഭിനയിച്ച നിരഞ്ജന അനൂപ് ഇതില്‍ സാമൂഹ്യ പ്രവര്‍ത്തകയായ അരുന്ധതി എന്നൊരു നിയമ വിദ്യാര്‍ത്ഥിയുടെ റോളിലുണ്ട്. ഷെയിനിന്റെ സഹപാഠിയും കാമുകിയുമായാണ് ചിത്രത്തില്‍ നിരഞ്ജന അനൂപ് എത്തുന്നത്. സിനിമയില്‍ പിന്നീട് സൈറ ബാനുവിന്റെ മനസാക്ഷിസൂക്ഷിപ്പുകാരിയായി അരുന്ധതി മാറുമെന്നതാണ് കഥയുടെ ഇതിവൃത്തം.
മഞ്ജു ഇതില്‍ ഒരു പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് വരുന്നത്. 25 വര്‍ഷത്തിന് ശേഷം നടി അമല അക്കിനേനി മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ആനി ജോണ്‍ താരവേദി എന്ന വക്കീല്‍ വേഷത്തിലാണ് അമല അഭിനയിക്കുന്നത്.