വിവാദം തീരാതെ ‘രണ്ടാമൂഴം’; ശ്രീകുമാര്‍ മേനോന് തിരക്കഥ ഉപയോഗിക്കാനാവില്ല - നിലപാട് കടുപ്പിച്ച് കോടതി
വെള്ളി, 15 മാര്‍ച്ച് 2019 (14:18 IST)
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. എംടി വാസുദേവന്‍ നായര്‍ നൽകിയ കേസിൽ മധ്യസ്ഥനെ (ആർബിട്രേറ്റർ) നിയോഗിക്കണമെന്ന സംവിധായകൻ വിഎ ശ്രീകുമാർ മേനോന്റെ ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി.
ഇതോടെ എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. നേരത്തെ ഇതേ ആവശ്യം കോഴിക്കോട് അഡീഷനൽ മുൻസിഫ് കോടതിയും തള്ളിയിരുന്നു. മേല്‍ക്കോടതിയെ സമീപിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംടി നല്‍കിയ ഹര്‍ജിയിലാണ്കോടതി വിധി പറഞ്ഞത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
നാലുവര്‍ഷം മുമ്പാണ് എംടി രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് കൈമാറിയത്. മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്നാണ് തിരക്കഥ തിരികെ നല്‍കണമെന്ന് എം.ടി ആവശ്യപ്പെട്ടതും നിയമനടപടികള്‍ സ്വീകരിച്ചതും.