സൂപ്പർസ്റ്റാർ രജനീകാന്തിനെ തട്ടികൊണ്ട് പോകാൻ വീരപ്പൻ പദ്ധതി ഇട്ടിരുന്നുവെന്ന് സംവിധായകൻ രാം ഗോപാൽ വർമ. കന്നട സൂപ്പർതാരമായ രാജ്കുമാറിനെ തട്ടികൊണ്ട് പോയ രീതിയിൽ തന്നെ സ്റ്റൈൽ മന്നനേയും റാഞ്ചാൻ വീരപ്പൻ പദ്ധതി ഇട്ടുവെന്ന് വർമ ട്വിറ്ററിലൂടെ അറിയിച്ചു. വീരപ്പൻ എന്ന തന്റെ പുതിയ ചിത്രത്തിനായുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
വർമയുടെ തന്നെ കന്നഡ ചിത്രമായ കില്ലിംഗ് വീരപ്പന്റെ ഹിന്ദി പതിപ്പാണ് 'വീരപ്പൻ'. സിനിമക്കു വേണ്ടി വീരപ്പന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ വീരപ്പനെ ചുറ്റിപ്പറ്റിയുള്ളവരിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. താന്‍ രജനികാന്തിനേക്കാള്‍ പ്രശസ്തനാണെന്ന് വീരപ്പന്‍ കരുതിയിരുന്നു. രജനികാന്തിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിന് പകരം തന്നെക്കുറിച്ച് ഒരു സിനിമ ഉണ്ടാക്കാനായിരുന്നു വീരപ്പന്റെ പദ്ധതിയെന്നും വർമ വ്യക്തമാക്കി.
വിരപ്പന്റെ മുൻ സംഘാംഗങ്ങൾ, സർക്കാരിനും തനിയ്ക്കുമിടയിൽ ഇടനിലക്കാരായി വീരപ്പൻ ഉപയോഗിച്ച ആൾക്കാർ, വേട്ടയിൽ പങ്കാളികളായ പൊലീസുകാർ എന്നിവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് ചിത്രത്തിന്റെ തിരക്കഥ വർമ തയ്യാറാക്കിയിരിക്കുന്നത്. മെയ് 27 നാണ് രാംഗോപാല്‍ വര്‍മയുടെ 'വീരപ്പന്‍' പുറത്തിറങ്ങുക.സന്ദീപ് ഭരദ്വാജ്, സച്ചിന്‍ ജോഷി, ലിസാ റേ, ഉഷ ജാദവ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.