തേന്‍‌മാവിന്‍ കൊമ്പത്ത് മാറ്റിവച്ചാല്‍ എന്താ കുഴപ്പം? സത്യന്‍ അന്തിക്കാട് ചിന്തിച്ചു!

വ്യാഴം, 31 മെയ് 2018 (11:30 IST)
വമ്പന്‍ സിനിമകള്‍ ഏറ്റുമുട്ടുമ്പോള്‍ കാണികള്‍ക്ക് അതൊരു സന്തോഷമാണ്. അവര്‍ക്ക് വലിയ സിനിമകള്‍ അടുത്തടുത്ത് കാണാനുള്ള ഒരു സാധ്യത തുറന്നുകിട്ടുന്നു. എന്നാല്‍ വലിയ മുതല്‍‌മുടക്കില്‍ ആ സിനിമകള്‍ എടുക്കുന്ന നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും മനസില്‍ ആശങ്കയുടെ പെരുമ്പറ മുഴങ്ങുകയായിരിക്കും. എന്നാല്‍ ഇതിനെയൊക്കെ തന്‍റെ സിനിമയിലുള്ള വിശ്വാസം കൊണ്ട് മറികടക്കുന്ന സംവിധായകരുമുണ്ട്.
 
സത്യന്‍ അന്തിക്കാട് അത്തരമൊരു സംവിധായകനാണ്. എത്രവലിയ സിനിമയ്ക്കൊപ്പം റിലീസ് ചെയ്താലും തന്‍റെ സിനിമയ്ക്ക് കാമ്പുണ്ടെങ്കില്‍ അത് പ്രേക്ഷകര്‍ തിരിച്ചറിയുമെന്ന് സത്യന്‍ കരുതുന്നു. എന്നാല്‍ ഇത്തരം ഓവര്‍ കോണ്‍ഫിഡന്‍സ് ചിലപ്പോള്‍ അപകടവും വരുത്തിവയ്ക്കും. ‘പിന്‍ഗാമി’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്.
 
സത്യന്‍ അന്തിക്കാട് തന്‍റെ പതിവുരീതികള്‍ മാറ്റിവച്ചിട്ടാണ് പിന്‍‌ഗാമി ചെയ്തത്, ‘കുമാരേട്ടന്‍ പറയാത്ത കഥ’ എന്ന രഘുനാഥ് പലേരിയുടെ ചെറുകഥയാണ് സത്യന്‍ സിനിമയാക്കിയത്. ആക്ഷനും ത്രില്ലിനും പ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു അത്. ഒരു ഡാര്‍ക്ക് സബ്‌ജക്ടാണ് കൈകാര്യം ചെയ്തത്. ചിത്രത്തിന്‍റെ വിജയത്തിന്‍റെ കാര്യത്തില്‍ സത്യന്‍ അന്തിക്കാടിന് സംശയമൊന്നും ഉണ്ടായിരുന്നില്ല.
 
പിന്‍‌ഗാമിക്കൊപ്പം റിലീസ് ചെയ്യുന്നത് പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രമായ ‘തേന്‍‌മാവിന്‍ കൊമ്പത്ത്’ ആയിരുന്നു. അതാകട്ടെ ഒരു സമ്പൂര്‍ണ എന്‍റര്‍ടെയ്നറും. അതുകൊണ്ടുതന്നെ പിന്‍‌ഗാമിയുടെ റിലീസ് അല്‍പ്പം മാറ്റിവയ്ക്കുന്നത് നല്ലതായിരിക്കുമെന്ന് പ്രിയദര്‍ശന്‍ സത്യന്‍ അന്തിക്കാടിനെ ഉപദേശിച്ചു. എന്നാല്‍ ആ സമയം തന്‍റെ ഈഗോ ഉണര്‍ന്നെന്നും ‘പ്രിയന് സ്വന്തം ചിത്രം മാറ്റിവയ്ക്കാമല്ലോ’ എന്ന് ചിന്തിച്ചെന്നും സത്യന്‍ അന്തിക്കാട് തന്നെ പറയുന്നു.
 
എന്നാല്‍ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ അനുസരിച്ചിരുന്നെങ്കില്‍ പിന്‍‌ഗാമിയുടെ വിധി മറ്റൊന്നാകുമായിരുന്നു. തേന്‍‌മാവിന്‍ കൊമ്പത്ത് വന്‍ ഹിറ്റാകുകയും പിന്‍‌ഗാമി പരാജയപ്പെടുകയും ചെയ്തു. പക്ഷേ, പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല പിന്‍‌ഗാമിയെന്ന് ഇപ്പോള്‍ പ്രേക്ഷകരും വിലയിരുത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍