സ്ത്രീവിരുദ്ധ പരാമർശം; മൃദുലയുടെ പരാതിയിൽ വിനായകനെ കേസെടുത്ത് കൽപ്പറ്റ പൊലീസ്

ശനി, 15 ജൂണ്‍ 2019 (08:30 IST)
പ്രശസ്ത സിനിമാതാരം വിനായകനെതിരെ മീടു ആരോപണം വെളിച്ചത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ താരത്തിനെതിരെ കേസെടുത്ത് കൽപ്പറ്റ പൊലീസ്. കോട്ടയം പാമ്പാടി സ്വദേശിനിയായ മൃദുലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 
 
മാസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനി കല്‍പ്പറ്റയില്‍ എത്തിയപ്പോള്‍ നടന്‍ ഫോണില്‍ വിളിച്ച് അസഭ്യമായി സംസാരിച്ചതെന്നാണ് പരാതിയിലുള്ളത്. സംഭവം നടന്നപ്പോള്‍ യുവതി വയനാട്ടിലായിരുന്നതിനാലാണ് കോട്ടയം പോലീസ് പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറിയത്. ഇതിന് മുമ്പ് പല പ്രമുഖര്‍ക്കെതിരെയും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ നടന്‍ വിനായകന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
 
നിരവധി പുരസ്‌ക്കാരങ്ങളടക്കം നേടിയ നടന്‍ കൂടിയാണ് വിനായകന്‍. ഐ.പി.സി 506, 294 ബി, കെ.പി.എ. 120, 120-0 എന്നീ വകുപ്പുകളിട്ടാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണ് പരാതി. നേരത്തെ ഫേസ്ബുക്ക് കുറിപ്പില്‍ യുവതി ഇക്കാര്യം വിശദമാക്കിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഇതും പൊലീസിന് മുൻപാകെ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍