ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരമെന്ന ചിത്രം നിമിർ എന്ന പേരിൽ തമിഴിൽ സംവിധാനം ചെയ്തപ്പോൾ നായകനായി എത്തിയത് ഉദയ്നിധി സ്റ്റാലിൻ ആയിരുന്നു. ഇപ്പോഴിതാ, മറ്റൊരു മലയാള ചിത്രത്തിന്റേയും റീമേക്കിൽ നായകനായി എത്തുകയാണ് ഉദയ്.
ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിംഗ് തമിഴിലേക്ക് റീമെയ്ക്ക് ചെയ്യുമ്പോൾ നായകനായി എത്തുന്നത് ഉദയ് ആണ്. സംവിധായകൻ ഒമർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സിജു വില്‍സണ്‍, ഷറഫുദ്ദിന്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാളത്തിലെ 2016ലെ ഹിറ്റുകളിൽ ഒന്നായിരുന്നു.
അഡാര്‍ ലവിന്റെ ഷൂട്ടിംഗില്‍നിന്ന് ഒരു ദിവസത്തെ ഇടവേള എടുത്ത് ഒമര്‍ ലുലു ഇന്നലെ ദാസന്റേയും വിജയന്റേയും ദുബായില്‍(മദ്രാസ്) പോയിരുന്നു. ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്താനാണ് പോയത്. ഈ കൂടിക്കാഴ്ച്ചയിലാണ് ഉദയനിധിയുമായുള്ള കരാര്‍ ഉറപ്പിച്ചത്. 2019 ജനുവരിയില്‍ ഹാപ്പി വെഡ്ഡിംഗ് തമിഴ് ഷൂട്ടിംഗ് തുടങ്ങാനാണ് ഒമര്‍ പദ്ധതിയിടുന്നത്.