നാദിർഷ കരഞ്ഞുകൊണ്ട് ദിലീപിനോട് പറഞ്ഞു, 'നീ നോക്കിക്കോ ഒരു ദിവസം ഇയാൾ എന്നെ തേടി എന്റെ വീട്ടിൽ വരും' ; അത് അച്ചട്ടായി

ശനി, 27 ഓഗസ്റ്റ് 2016 (16:13 IST)
ജനപ്രിയ നായകൻ ദിലീപും നാദിർഷയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ദിലീപിനെ കലാ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയതും നാദിർഷാ ആയിരുന്നു. മിമിക്രിയുടെ ലോകത്ത് നിന്നും സിനിമയുടെ വലിയ ലോകത്തേക്ക് എത്തിയതിൽ ദിലീപിന് ലഭിച്ച ആദ്യത്തെ സമ്മാനമായിരുന്നു മാനത്തെക്കൊട്ടാരം. എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണിത്. ഒരു അഭിനേതാവ് എന്ന നിലയിൽ ദിലീപിന് വൻ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഇത്.
 
മാനത്തെകൊട്ടാരത്തില്‍ ദിലീപാണ് നായകന്‍ എന്ന് കലാഭവന്‍അന്‍സാര്‍ നാദിര്‍ഷയോടും ദിലീപിനോടും പറഞ്ഞ വേളയില്‍ രണ്ടുപേരും ഞെട്ടിപോയിരുന്നു. ഇതിനിടയിൽ ഗൾഫിൽ വെച്ചുള്ള പ്രോഗ്രാമിൽ പാടാൻ കലാഭവൻ അന്‍സാര്‍ നാദിർഷയെ വിളിച്ചിരുന്നു. എന്നാൽ അന്ന് അത് നാദിർഷ നിരസിച്ചു. ഈ കാരണത്താൽ നാദിർഷായ്ക്ക് സിനിമയിൽ ചാൻസ് കൊടുത്തില്ല, എന്നാൽ ചിത്രത്തിലെ ഒരു പാരഡി ഗാനം എഴുതി പാടാൻ ഒരു അവസരം കിട്ടി.
 
ഇതിന്റെ സന്തോഷത്തിലായിരുന്നു നാദിർഷ. എന്നാൽ, എല്ലാ സംവിധാനങ്ങളും ഒരുക്കി ചിലവ് ചോദിക്കാൻ ചെന്നപ്പോൾ അണിയറ പ്രവർത്തകർ കൈയൊഴിഞ്ഞു. സീനിൽ താരം തന്നെ പാടുമെന്ന് പറഞ്ഞായിരുന്നു അവരുടെ പ്രതികരണം. നാദിർഷ അവിടെ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ദിലീപിനോട് പറഞ്ഞു 'നീ കണ്ടോ, എന്നെത്തേടി ഇയാള്‍ എന്‍റെ വീട്ടിലെത്തുന്ന ദിവസം വരും''. അത് സത്യമാകാൻ ഒരുപാട് ദിവസമൊന്നും വേണ്ടിവന്നില്ല. ഷിയാസിന്റെ റോളിലേക്ക് നാദിർഷയെ കാസ്റ്റ് ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് കലാഭവൻ അൻസാർ പുറത്ത് കാറിൽ ഇരുപ്പുണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക